കെല്‍ട്രോണില്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന മേലുദ്യോഗസ്ഥന് സ്ഥാനക്കയറ്റം: പ്രതിഷേധം ശക്തമാകുന്നു

Saturday 7 April 2018 10:36 pm IST

 

കണ്ണൂര്‍: അര്‍ഹതപ്പെട്ട തൊഴിലാളികള്‍ക്ക് പ്രമോഷന്‍ പോലും നല്‍കാതെ ദ്രോഹിക്കുന്ന മേലുദ്യോഗസ്ഥന് വളഞ്ഞ വഴിയില്‍ സ്ഥാനക്കയറ്റം നല്‍കിയ നടപടി തൊഴിലാളികളില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി. 

കെല്‍ട്രോണിലെ പേഴ്‌സണല്‍ മാനേജറെയാണ് മുന്‍കാല പ്രാബല്യത്തോടെ വന്‍ ശമ്പള വര്‍ധനവില്‍ കമ്പനി ജനറല്‍ മാനേജരായി നിയമിക്കുന്നത്. കെല്‍ട്രോണില്‍ 1988 ലെ വര്‍ക്ക് മെന്‍ പ്രമോഷന്‍ പോളിസി കരാര്‍ പ്രകാരം സീനിയറായ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട പ്രമോഷന്‍ യഥാസമയം നല്‍കാതെ ദീര്‍ഘകാലത്തെ സര്‍വ്വീസിന് ശേഷം കണ്ണീരോടെയാണ് പറഞ്ഞുവിടുന്നത്. കമ്പനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍ മേധാവിയുടെ നിരുത്തരവാദപരമായ സമീപനം മൂലമാണ് ഇങ്ങനെ സംഭവിച്ചിട്ടുള്ളത്. ഇതിനെതിരെ സംഘടനകള്‍ സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് 2017 ല്‍ ഏതാനും പേര്‍ക്ക് പ്രമോഷന്‍ കൊടുത്തുവെങ്കിലും മറ്റ് അര്‍ഹതപ്പെട്ടവര്‍ക്ക് പൂര്‍ണമായും നല്‍കാന്‍ ഈ ഉദ്യോഗസ്ഥന്‍ തയ്യാറായിട്ടില്ല. ത്രികക്ഷി കരാര്‍ പൂര്‍ണമായും പാലിക്കാതെ തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്ന ഈ ഉദ്യോഗസ്ഥനെതിരെ കെല്‍ട്രോണിലെ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭം നടത്തിവരികയാണ്. ഈ ഘട്ടത്തിലാണ് 2017 ജൂലൈ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പ്രതിമാസ ശമ്പളത്തില്‍ വന്‍ വര്‍ധനവ് ലഭിക്കുന്ന ജനറല്‍ മാനേജര്‍ തസ്തികയില്‍ ഈ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ പോകുന്നത്.

തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും നല്‍കാന്‍ തയ്യാറാകാത്ത ആ ഉദ്യോഗസ്ഥന്‍ സ്വന്തം കാര്യം നേടാന്‍ നേരത്തെ എടുത്ത നിലപാടുകളെല്ലാം കാറ്റില്‍പ്പറത്തുകയായിരുന്നു. കമ്പനിയില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥന് ഡിജിഎം തസ്തികയില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പ്രമോഷന്‍ നല്‍കാന്‍ പേഴ്‌സണല്‍ മാനേജര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സ്വന്തം കാര്യം നേടിയെടുക്കാന്‍ ഇയാള്‍ ചട്ടങ്ങള്‍ ലംഘിക്കുകയാണ് ചെയ്യുന്നത്. 

ഇഐ, ഗ്രേഡ് പ്രമോഷന്‍ എന്നിവ യഥാസമയം നല്‍കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ഇനത്തിനും ഇപിഎഫ് പെന്‍ഷനിലും വന്‍ നഷ്ടം സംഭവിക്കും. എന്നാല്‍ സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഏതുസമയവും വിലപിക്കുന്ന ഈ ഉദ്യോഗസ്ഥന് ഇപ്പോള്‍ ലഭ്യമായ സ്ഥാനക്കയറ്റം മൂലം വന്‍ തുക ലഭ്യമാകും. പ്രമോഷന്‍ നല്‍കാന്‍ ചുമതലപ്പെടുത്തിയ കമ്മറ്റിയില്‍ ഈ ഓഫീസറുടെ കീഴിലുള്ള ജൂനിയര്‍ ഓഫീസര്‍മാരെ നിയോഗിച്ചതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 52 കോടിയിലധികം രൂപ സഞ്ചിത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെല്‍ട്രോണ്‍. 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ അര്‍ഹതപ്പെട്ട തൊഴിലാളികള്‍ക്ക് ഇവിടെ പ്രമോഷന്‍ നല്‍കിയിരുന്നില്ല. സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ദീകരിക്കുവാന്‍ തയ്യാറാകാതിരുന്നതും അതോടനുബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് ഇതിന് കാരണമായത്. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട പ്രമോഷന്‍ നല്‍കാതെ ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ നല്‍കുന്ന നടപടിയില്‍ കെല്‍ട്രോണിലെ അംഗീകൃത സംഘടനകളായ കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്‍ഗ്ഗനൈസേഷന്‍, ഡെമോക്രാറ്റിക് കെല്‍ട്രോണ്‍ എംപ്ലോയീസ് യൂണിയന്‍ എന്നിവ കെസിസിഎല്‍, കെഎസ്ഇഡിസി, എംഡിമാര്‍ക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികളുമായി എംഡി മുന്നോട്ട് പോവുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്താനുള്ള തയ്യാറെടുപ്പിലാണ് യൂണിയന്‍ പ്രവര്‍ത്തകര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.