കണ്ണൂരിലെ ശ്രീധരീയം ഐ ഹോസ്പിറ്റല്‍ ഉദ്ഘാടനം 13ന്

Saturday 7 April 2018 10:38 pm IST

 

കണ്ണൂര്‍: ശ്രീധരീയം ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഭാഗമായ ശ്രീധരീയം ആയുര്‍വേദിക് ഐ ക്ലിനിക് ആന്‍ഡ് പഞ്ചകര്‍മ സെന്റര്‍ 13ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.പി.ശ്രീജിത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ വൈകിട്ട് 3ന് നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിക്കും. ഇതോടൊപ്പം ആരംഭിക്കുന്ന സൗജന്യ നേത്രാചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. ദി വിഷന്‍ എന്ന പേരിലുള്ള ശ്രീധരീയം ആയുര്‍വേദ മാസിക മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രകാശനം ചെയ്യും. പി.കെ.ശ്രീമതി എംപി മുഖ്യപ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന ഭാരവാഹി രഞ്ചിത്, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, കൗണ്‍സിലര്‍ അമൃതാ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. 

 എന്‍എബിഎച്ച് അക്രെഡിറ്റേഷനു പുറമെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ആയുഷ് വകുപ്പിന്റെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ബഹുമതി നേടിയ സ്ഥാപനം കൂടിയായ ശ്രീധരീയത്തിന്റെ 35മത് ശാഖയാണ് കണ്ണൂരിലേത്. അമ്പതു പേരെ ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ് കണ്ണൂരില്‍ ആരംഭിക്കുന്നത്. 

 എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മണി മുതല്‍ 1 വരെയാണ് സൗജന്യ നേത്രചികിത്സാ വിഭാഗം പ്രവര്‍ത്തിക്കുക. ചികിത്സക്കെത്തുന്നവര്‍ക്ക് പരിശോധനയും ഔഷധങ്ങളും പൂര്‍ണമായും സൗജന്യമായി നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് ഒരോ ചൊവ്വാഴ്ചയും സൗജന്യ ചികിത്സ നല്‍കുക.

 ഡയബറ്റിക് റെറ്റിനോപ്പതി, റെറ്റിനിറ്റിസ് പിഗ്മെന്റോസ തുടങ്ങിയ പ്രധാന നേത്രരോഗങ്ങള്‍ക്കു പുറമെ വാര്‍ധക്യകാല നേത്രരോഗങ്ങള്‍ക്കുള്ള ചികിത്സകളും ആയുര്‍വേദ പഞ്ചകര്‍മ ചികിത്സയും കണ്ണൂരിലെ ശ്രീധരീയത്തില്‍ ലഭ്യമാകും. റുമറ്റോയ്ഡ് ആര്‍െ്രെതറ്റിസ്, ഓസ്റ്റിയോ ആര്‍െ്രെതറ്റിസ്, ഗ്യാസ്‌ട്രോ രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ചികിത്സകള്‍ ഉള്‍പ്പെടുന്നതാണ് കണ്ണൂരിലെ സജ്ജീകരണങ്ങള്‍. ഇവയ്ക്കു പുറമെ പിഴിച്ചില്‍, ധാര, ഞവരക്കിഴി, ഇലക്കിഴി, അഭ്യംഗം തുടങ്ങിയ പരമ്പരാഗത ആയുര്‍വേദ ചികിത്സകളും നസ്യം, സ്വേദനം, തര്‍പ്പണം തുടങ്ങിയവയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. എം.പി.രാധാകൃഷ്ണന്‍, കെ.പി.ചന്ദ്രന്‍, ടോം ജോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.