സിറിയയില്‍ രാസായുധ പ്രയോഗം: എഴുപതോളം മരണം

Sunday 8 April 2018 5:40 pm IST
ബോംബുകളില്‍ നിന്ന് അഭയം തേടാന്‍ നിര്‍മിച്ച കേന്ദ്രങ്ങളിലാണ് വാതകം പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടേതടക്കമുള്ള മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. പലരുടേയും വായില്‍ നിന്ന് നുരയും പതയും വന്ന അവസ്ഥയിലായിരുന്നു. കുറച്ചു ദിവസമായി മേഖലയില്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്നു.
"undefined"

ഡമാസ്‌കസ്: സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിന് അടുത്തുള്ള ഡൗമാ നഗരത്തില്‍ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 

കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല്‍പ്പത്തിരണ്ടു പേര്‍ കൊല്ലപ്പെട്ടു എന്നാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയവര്‍ പറയുന്നത്. എന്നാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാം എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ സൈന്യം ഇത്തരത്തില്‍ രാസായുധ പ്രയോഗം നടത്തിയിട്ടില്ലെന്നും മേഖലയില്‍ തിരിച്ചടി നേരിടുന്ന വിമതര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും സൈനിക വക്താവ് പ്രതികരിച്ചു.

എന്നാല്‍ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആശുപത്രിയില്‍ ഓക്‌സിജന്‍ നല്‍കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.  ശനിയാഴ്ച രാത്രി വിമതര്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണത്തിനിടെ രാസായുധം പ്രയോഗിച്ചു എന്നാണ് കരുതുന്നത്.  ഡൗമാ നഗരം ഉള്‍പ്പെടുന്ന ഘൗട്ട പ്രവിശ്യ വിമതരില്‍ നിന്നു തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് കുറച്ചു ദിവസങ്ങളായി സൈന്യം. 2013ല്‍ സരിന്‍ വാതകം ഉപയോഗിച്ചു നടത്തിയ ആക്രണത്തിനു ശേഷം ഏറ്റവുമധികം ജീവനെടുത്ത രാസായുധ പ്രയോഗമാണ് കഴിഞ്ഞ ദിവസത്തേത്. 

ബോംബുകളില്‍ നിന്ന് അഭയം തേടാന്‍ നിര്‍മിച്ച കേന്ദ്രങ്ങളിലാണ് വാതകം പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളുടേതടക്കമുള്ള മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. പലരുടേയും വായില്‍ നിന്ന് നുരയും പതയും വന്ന അവസ്ഥയിലായിരുന്നു. കുറച്ചു ദിവസമായി മേഖലയില്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്നു. 

റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ സൈന്യവും വിമതരും ചര്‍ച്ച നടത്തി. സാധാരണ ജനങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ വിമതരോട് സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഗരത്തില്‍ നിന്നു പുറത്തു പോവില്ലെന്നാണ് വിമതര്‍ റഷ്യയില്‍ നിന്നുള്ള മധ്യസ്ഥര്‍ മുഖാന്തിരം അറയിച്ചത്. ഇതോടെ സൈന്യം വീണ്ടും ആക്രമണം തുടങ്ങി.

രാസായുധ പ്രയോഗത്തെ അമേരിക്ക രൂക്ഷമായി വിമര്‍ശിച്ചു. ബാഷര്‍-അല്‍ അസാദ് സര്‍ക്കാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യയും ഈ കൂട്ടക്കൊലയ്ക്ക് മറുപടി പറയണമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.