എന്‍ജിനില്ലാതെ പിന്നോട്ടോടിയത് പത്ത് കിലോമീറ്റര്‍

Sunday 8 April 2018 8:18 pm IST
ഒരറ്റത്ത് നിന്ന് വിച്ഛേദിച്ച് അടുത്ത അറ്റത്ത് എന്‍ജിന്‍ ഘടിപ്പിക്കുന്നതിന് മുന്‍പ് ചക്രങ്ങളില്‍ തട വെയ്‌ക്കേണ്ടതായുണ്ട്. എന്നാല്‍ വെയ്ക്കാന്‍ മറന്നു പോയതോ തട വെച്ചതിലെ അപാകത കൊണ്ടോ ആകാം ട്രെയിന്‍ പുറകോട്ട് ഉരുണ്ട് നീങ്ങിയതെന്ന് പശ്ചിമ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
"undefined"

ഭുവനേശ്വര്‍: അഹമ്മദാബാദ്-പുരി എക്‌സ്പ്രസ് എന്‍ജിനില്ലാതെ പിന്നോട്ടോടിയത് പത്ത് കിലോമീറ്റര്‍. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ ഒറീസയിലെ തിത്‌ലാഘഡ് സ്‌റ്റേഷനില്‍ നിന്ന് പുറകോട്ട് നീങ്ങിത്തുടങ്ങിയ കോച്ചുകള്‍ അരമണിക്കൂര്‍ കഴിഞ്ഞ് കേസിംഗാ സ്‌റ്റേഷനിലെത്തിയപ്പോഴാണ് നിര്‍ത്താനായത്. പാളത്തില്‍ കല്ലുകള്‍ തടവെച്ചാണ്് ട്രെയിന്‍ നിര്‍ത്തിയത്. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ ഓടിയത്. 

ഒരറ്റത്ത് നിന്ന് വിച്ഛേദിച്ച് അടുത്ത അറ്റത്ത് എന്‍ജിന്‍ ഘടിപ്പിക്കുന്നതിന് മുന്‍പ് ചക്രങ്ങളില്‍ തട വെയ്‌ക്കേണ്ടതായുണ്ട്. എന്നാല്‍ വെയ്ക്കാന്‍ മറന്നു പോയതോ തട വെച്ചതിലെ അപാകത കൊണ്ടോ ആകാം ട്രെയിന്‍ പുറകോട്ട് ഉരുണ്ട് നീങ്ങിയതെന്ന് പശ്ചിമ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ പുറകോട്ട് ഉരുളാന്‍ തുടങ്ങിയതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ഒച്ചവെയ്ക്കാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെന്നും ദൈവത്തോട് പ്രാര്‍ഥിക്കുകയായിരുന്നു എന്നും യാത്രക്കാര്‍ പറഞ്ഞു. 

രണ്ട് ഡ്രൈവര്‍മാരടക്കം ഏഴ് റെയില്‍വേ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും ട്രെയിനുകളുടെ സുരക്ഷയ്ക്ക് കോട്ടം തട്ടുന്ന തരത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രെയിന്‍ കടന്ന് പോയ പാതയിലെ എല്ലാ ക്രോസിങ്ങ് ഗെയ്റ്റുകളും അടച്ചിടുകയും അപകടം ഒഴിവാക്കുവാന്‍ കേസിംഗാ സ്‌റ്റേഷനിലെത്തുന്നത് വരെ തടസ്സങ്ങള്‍ കൂടാതെ നീങ്ങാന്‍ ട്രെയിനിനെ അനുവദിക്കുകയുമായിരുന്നു എന്ന് റെയില്‍വേ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ മേഖല റെയില്‍വേയിലെ എല്ലാ സ്റ്റേഷനുകളിലും പ്രത്യേക സുരക്ഷാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്നും പശ്ചിമ മേഖലാ റെയില്‍വേ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്.എസ്. മിശ്ര പറഞ്ഞു. അപകടം തലനാരിഴയ്ക്ക് വഴിമാറിയതോടെ പരിക്കുകളൊന്നും കൂടാതെ എല്ലാ യാത്രക്കാരും രക്ഷപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.