കെട്ടിടനിര്‍മ്മാണത്തിന് അനുമതി ലഭിക്കാതെ വലയുന്നത് ആയിരങ്ങള്‍

Monday 9 April 2018 2:45 am IST
2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്തതോടെ പരിവര്‍ത്തനം ചെയ്ത ഭൂമിയില്‍ 120 ച.മീ. വിസ്തൃതിയുള്ള വീടോ 40 ച.മീ. വിസ്തൃതിയുള്ള വാണിജ്യ കെട്ടിടമോ നിര്‍മ്മിക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭാവിയിലെ നിയമനടപടികളും നൂലാമാലകളും ഭയന്ന് ഉദ്യോഗസ്ഥര്‍ ലഭിച്ച അപേക്ഷകളില്‍ നടപടിയെടുക്കാന്‍ ഭയക്കുന്നു.

ആലപ്പുഴ: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള  സമഗ്ര ഡാറ്റാ ബാങ്ക് പ്രഖ്യാപനം വൈകുന്നതിനാല്‍ കെട്ടിടനിര്‍മ്മാണത്തിനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കല്‍ വൈകുന്നു. റവന്യു രേഖകളില്‍ നിലവും കാലങ്ങളായി പുരയിടവുമായ ഭൂമിയില്‍ കെട്ടിടനിര്‍മാണത്തിന് അനുമതിക്കായി വിവിധ ജില്ലകളില്‍ കെട്ടിക്കിടക്കുന്നത് 11,686 അപേക്ഷകളാണ്.

തൃശൂര്‍ റവന്യു ഡിവിഷനില്‍ 4,221 അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഫോര്‍ട്ട് കൊച്ചി-1,480, തിരൂര്‍-862, പെരിന്തല്‍മണ്ണ-814, കാസര്‍ഗോഡ്-732, കോഴിക്കോട്-682, മൂവാറ്റുപുഴ-629, തലശേരി-485, തിരുവനന്തപുരം-297, മാനന്തവാടി-270, കോട്ടയം-258, ആലപ്പുഴ-232, പാലക്കാട്-224, ചെങ്ങന്നൂര്‍-169, ഒറ്റപ്പാലം-106, ഇടുക്കി-106, തിരുവല്ല-75, പാലാ-35, ദേവികുളം-6,  അടൂര്‍-3  എന്നിങ്ങനെയാണ് കാലങ്ങളായി തീര്‍പ്പുകല്‍പ്പിക്കാത്ത അപേക്ഷകള്‍. 

2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്തതോടെ പരിവര്‍ത്തനം ചെയ്ത ഭൂമിയില്‍ 120 ച.മീ. വിസ്തൃതിയുള്ള വീടോ 40 ച.മീ. വിസ്തൃതിയുള്ള വാണിജ്യ കെട്ടിടമോ നിര്‍മ്മിക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭാവിയിലെ നിയമനടപടികളും നൂലാമാലകളും ഭയന്ന് ഉദ്യോഗസ്ഥര്‍ ലഭിച്ച അപേക്ഷകളില്‍ നടപടിയെടുക്കാന്‍ ഭയക്കുന്നു. ഇതിനാല്‍ സര്‍ക്കാരിന്റെ ഭവനനിര്‍മ്മാണ പദ്ധതികളില്‍ അപേക്ഷിക്കാന്‍ പോലും കഴിയാതെ പലരും ബുദ്ധിമുട്ടുകയാണ്. 

ഭൂമിയുടെ വിവരങ്ങള്‍ സംബന്ധിച്ച ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. 2008 ആഗസ്റ്റില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഇടതു സര്‍ക്കാര്‍ പാസ്സാക്കുമ്പോള്‍ പ്രഖ്യാപിച്ചിരുന്നത് ഒരു വര്‍ഷത്തിനകം കുറ്റമറ്റ ഡാറ്റാബാങ്ക് തയ്യാറാക്കുമെന്നായിരുന്നു. എന്നാല്‍ വര്‍ഷം പത്തായിട്ടും പ്രഖ്യാപനം പ്രാവര്‍ത്തികമായിട്ടില്ല.

ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാത്തതിനാല്‍ ഇവിടങ്ങളില്‍ നിലം നികത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും കഴിയുന്നില്ല. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്ന് സര്‍ക്കാര്‍ പലതവണ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു വര്‍ഷം ആകുമ്പോഴും നെല്‍വയല്‍ ഡാറ്റാബാങ്ക് പൂര്‍ത്തിയാകാത്തതിന് പിന്നില്‍ വന്‍കിട ഭൂമാഫിയകളുടെ സ്വാധീനമെന്ന് ആക്ഷപം ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.