തോമസ് ഐസക് കണക്കുകള്‍ മറച്ചുവയ്ക്കുന്നു: ബിജെപി

Sunday 8 April 2018 10:15 pm IST
"undefined"

തിരുവനന്തപുരം: ജിഎസ്ടി വരുമാനം കൂടിയിട്ടും അക്കാര്യം തുറന്ന് പറയാനുള്ള സാമാന്യ മര്യാദ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് കാണിക്കാത്തത് ജനവഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ ഗണ്യമായ വര്‍ധനയാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ വെളിവാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ നികുതി വകുപ്പിന്റെ വരുമാനം 2018 മാര്‍ച് 31 ന് സമാപിച്ച ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11.19 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. ചരക്കു സേവന നികുതി നടപ്പാക്കിയ ആദ്യ സാമ്പത്തിക വര്‍ഷത്തിലെ വര്‍ധനയാണിത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി വരുമാനം 37849 കോടി രൂപയാണ്. മൊത്തം വരുമാനത്തില്‍ ചരക്കു സേവന നികുതി വഴിയുള്ള വരുമാനം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 13967.70 കോടി. അതില്‍ 2508 കോടി ചരക്കു സേവന നികുതി നടപ്പിലാക്കിയത് മൂലം ഉണ്ടായതായി പറയപ്പെടുന്ന പ്രാരംഭനികുതി നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ധനസഹായമാണ്.

വസ്തുതകള്‍ ഇതായിരിക്കെ കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികളെയും താറടിച്ചു കാണിക്കാനുള്ള രാഷ്ട്രീയ പ്രചാരവേല മാത്രമാണ് ജിഎസ്ടിക്കെതിരായുള്ള കുപ്രചരണമെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 

സാമ്പത്തികശാസ്ത്രവിദദ്ധന്‍ എന്നറിയപ്പെടുന്ന തോമസ് ഐസക് തന്നെ ഇത്തരം വില കുറഞ്ഞ പ്രചാരവേലക്ക് നേതൃത്വം നല്‍കുന്നത് സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥികളെയും പൊതുജനത്തെയും വഴിതെറ്റിക്കും എന്നതിനാല്‍ ഇനിയെങ്കിലും ഈ പരിപാടിയില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങണമെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.