കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പാക്കറ്റുകളില്‍; കമ്പനികള്‍ പ്രതിക്കൂട്ടില്‍

Monday 9 April 2018 2:52 am IST
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കമ്പനികള്‍ തിരിച്ചെടുത്ത് പകരം പുതിയവ നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ഇതുമൂലം കമ്പനികള്‍ക്ക് നഷ്ടമുണ്ടാകാറുണ്ട്. ഇത്തരം നഷ്ടം ഒഴിവാക്കാനുള്ള കമ്പനികളുടെ നീക്കത്തിന്റെ ഭാഗമാണോ ഈ ഗോഡൗണെന്നാണ് സംശയമുയരുന്നത്. കൊള്ളലാഭമുണ്ടാക്കാനുള്ള ഉത്തരം നടപടികള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്.
"undefined"

മരട് (കൊച്ചി): കുട്ടികള്‍ക്കുള്ള ചോക്ലേറ്റുകളും മില്‍ക്ക് പൗഡറുകളും ഉള്‍പ്പെടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പാക്കറ്റുകളിലാക്കി വീണ്ടും വിപണിയിലെത്തിക്കുന്നുണ്ടെന്ന കണ്ടെത്തല്‍ വന്‍കിട കമ്പനികളെയും പ്രതിക്കൂട്ടിലാക്കുന്നു. 

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ തിരിച്ചെടുത്ത് കമ്പനികള്‍ തന്നെയാണോ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതെന്നാണ് സംശയമുയരുന്നത്. നെട്ടൂര്‍ പിഡബ്ലുഡി റോഡില്‍ സഹകരണ ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന കാര്‍വാര്‍ എന്ന വിതരണ സ്ഥാപനത്തിന്റെ ഗോഡൗണില്‍ കാലാവധി കഴിഞ്ഞ നൂറിലേറെ ഭക്ഷ്യവസ്തുക്കള്‍ പുതിയ പാക്കറ്റുകളിലാക്കി വീണ്ടും വില്‍ക്കാന്‍ ശ്രമിച്ചതായുള്ള കണ്ടെത്തലാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. 

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കമ്പനികള്‍ തിരിച്ചെടുത്ത് പകരം പുതിയവ നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ഇതുമൂലം കമ്പനികള്‍ക്ക് നഷ്ടമുണ്ടാകാറുണ്ട്. ഇത്തരം നഷ്ടം ഒഴിവാക്കാനുള്ള കമ്പനികളുടെ നീക്കത്തിന്റെ ഭാഗമാണോ ഈ ഗോഡൗണെന്നാണ് സംശയമുയരുന്നത്. കൊള്ളലാഭമുണ്ടാക്കാനുള്ള ഉത്തരം നടപടികള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്. 

ശനിയാഴ്ചയാണ് നെട്ടൂരിലെ ഭക്ഷ്യവിതരണസ്ഥാപനത്തില്‍ പോലീസും ഭക്ഷ്യസുരക്ഷാവകുപ്പും പരിശോധന നടത്തി തട്ടിപ്പ് കണ്ടെത്തിയത്. ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, കേക്ക്, ആട്ട, മൈദ, മില്‍ക്കോസ്, വിവിധയിനം ഓയിലുകള്‍, പുട്ടുപൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പുതിയ പാക്കറ്റില്‍ വില്‍പ്പന നടത്താന്‍ തയ്യാറാക്കിയിരുന്നത്. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ തിരിച്ചു ഗോഡൗണിലെത്തിച്ച് പുതിയ പാക്കറ്റില്‍ നിറച്ചു വീണ്ടും വിപണിയിലെത്തിക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരാണ് പ്രതിഷേധവുമായി ആദ്യം രംഗത്തുവന്നത്. ആലുവയില്‍ നിന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ വി. ഷണ്‍മുഖന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥാപനത്തിന്റെ ലൈസന്‍സ് പിടിച്ചെടുത്തു. പിന്നീട് പനങ്ങാട് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഗോഡൗണ്‍ പൂട്ടി സീല്‍ ചെയ്തു. ഇന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുടര്‍ പരിശോധനകള്‍ നടത്തും. 

ആറുവര്‍ഷമായി ഗോഡൗണ്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്‌നാട് സ്വദേശി ശിവസുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലാണ് വിതരണസ്ഥാപനവും ഗോഡൗണും പ്രവര്‍ത്തിക്കുന്നത്. ഇയാളോട് ഇന്ന് ഹാജരാകാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ക്കുവേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഇയാളെ ചോദ്യം ചെയ്തശേഷമേ വ്യക്തമാകൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.