തൃശൂര്‍ പൂരം: വെടിക്കെട്ടിന് തടസ്സമുണ്ടാകില്ല

Monday 9 April 2018 2:53 am IST
"undefined"

തൃശൂര്‍: പൂരം വെടിക്കെട്ട് കഴിഞ്ഞ വര്‍ഷത്തെ പോലെ തടസം കൂടാതെ ഇത്തവണയും നടക്കും. വെടിക്കെട്ടിനായി കഴിഞ്ഞ വര്‍ഷം നടത്തിയതു പോലെയുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണ്. 

പരമ്പരാഗത രീതിയില്‍ നടത്തുന്ന വെടിക്കെട്ടിന് ഈ വര്‍ഷവും അനുമതി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് ചീഫ് എക്‌സ്പ്‌ളോസീവ് കണ്‍ട്രോളര്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കും. 

ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് പൂരം നടത്തുന്നത്. നാട്ടാന പരിപാലന നിയമമനുസരിച്ചാണ് പൂരത്തില്‍ ആനകളെ പങ്കെടുപ്പിക്കുക. പൂരത്തിന് എഴുന്നെള്ളിപ്പ് സമയത്ത് ആനകള്‍ വരുന്ന വഴി നനയ്ക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ആനകള്‍ക്ക് തണലിനായി സൗകര്യമൊരുക്കും. വെടിക്കെട്ടിനായി പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കാന്‍ പാടില്ല. വെടിക്കെട്ട് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ തിരിച്ചറിയുന്നതിനായി പ്രത്യേക ജാക്കറ്റ് നല്‍കും. വെടിക്കെട്ട് വീക്ഷിക്കുന്നതിനായി കാണികള്‍ക്ക് സ്വരാജ് റൗണ്ടില്‍ 100 മീറ്റര്‍ അകലത്തില്‍ പ്രത്യേകം ബാരിക്കേഡ് തയ്യാറാക്കും. 

പൂരം ദിവസങ്ങളില്‍ തേക്കിന്‍കാട് മൈതാനിക്കു മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തുന്നത് നിരോധിച്ചു. ഹെലിക്യാം, എയര്‍ ഹോണ്‍, ലേസര്‍, നീളമുള്ള ബലൂണുകള്‍ എന്നിവ അനുവദിക്കില്ല. തെക്കെ ഗോപുരനടയ്ക്കു സമീപം വിദേശികള്‍ക്കായി ഇത്തവണ വിശാലമായ വിഐപി ഗാലറി നിര്‍മ്മിക്കും. തെക്കോട്ടിറക്ക സമയത്ത് നിശ്ചിത പാസുള്ളവരെ മാത്രമേ പൂരക്കമ്മിറ്റിയുടെ കൂടെ വരാന്‍ അനുവദിക്കൂ. 

മതിയായ വിശ്രമം നല്‍കിയ ആനകളെ മാത്രമേ പൂരത്തില്‍ പങ്കെടുപ്പിക്കാന്‍ പാടുള്ളൂവെന്നും ഫിറ്റ്‌നസ് പരിശോധനയ്ക്കായി പൂരത്തിന് രണ്ടു ദിവസം മുമ്പ് ആനകളെ എത്തിക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. പൂരത്തിനെത്തുന്ന ആനകളെ വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയ്ക്ക് പുറമേ മറ്റു സ്വകാര്യ സംഘടനകളും ഫിറ്റ്‌നസ് പരിശോധന നടത്തുന്നുണ്ടെന്ന് ആന ഉടമകള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 

ഇത്തരത്തിലുള്ള പരിശോധനകള്‍ അനുവദിക്കില്ലെന്നും ഇതിനാവശ്യമായ നടപടികളെടുക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.