ചോദ്യപേപ്പര്‍ ചോര്‍ച്ച: മരുമകനെ സഹായിക്കാനുള്ള വീട്ടമ്മയുടെ ആഗ്രഹം വഴിത്തിരിവായി

Monday 9 April 2018 2:49 am IST

ന്യൂദല്‍ഹി: മകനു മാത്രമല്ല മരുമകനും നല്ല മാര്‍ക്കു കിട്ടണം എന്ന പഞ്ചാബിലെ ഒരു വീട്ടമ്മയുടെ ആഗ്രഹമാണ് സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ നിര്‍ണായക വഴിത്തിരിവായത്. 

സിബിഎസ്ഇ എക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് വിവാദമുയര്‍ത്തിയപ്പോള്‍ ദല്‍ഹി പോലീസ് നാല്‍പ്പതു വാട്‌സ്ആപ് ഗ്രൂപ്പുകള്‍ക്കു പിന്നാലെയായിരുന്നു. ചോദ്യപേപ്പറിന്റെ കൈയെഴുത്തു കോപ്പിയാണ് വാട്‌സ്ആപ്പിലൂടെ കൈമാറിയത്. 

എന്നാല്‍ വാട്‌സ്ആപ്പില്‍ ലഭിച്ച ചോദ്യപേപ്പര്‍ നോക്കുകയല്ലാതെ മറ്റൊരു പങ്കുമില്ല എന്ന വാദത്തില്‍ എല്ലാവരും ഉറച്ചു നിന്നതോടെ പോലീസ് പ്രതിസന്ധിയിലായി.

അപ്പോഴാണ് ദല്‍ഹിയിലെ ഒരു വിദ്യാര്‍ഥിയുടെ മൊഴി കിട്ടിയത്. പഞ്ചാബിലുള്ള അമ്മായിയാണ് തനിക്ക് ചോദ്യപേപ്പര്‍ വാട്‌സ്ആപ്പില്‍ അയച്ചു തന്നത് എന്നാണ് ആ വിദ്യാര്‍ഥി പറഞ്ഞത്. 

ചോദ്യം ചെയ്യലില്‍ ഈ വീട്ടമ്മ വിട്ടൊന്നും പറഞ്ഞില്ല. എന്നാല്‍ ചില സംശയങ്ങള്‍ തോന്നിയിരുന്നതായി ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍.പി. ഉപാധ്യായ പറഞ്ഞു. 

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഈ വീട്ടമ്മയുടെ മകനും സിബിഎസ്ഇ പരീക്ഷ എഴുതിയിരുന്നതായി കണ്ടെത്തി. ഇതോടെ മുകേഷ് കുമാര്‍ എന്നയാളാണ് തനിക്ക് ചോദ്യപേപ്പര്‍ അയച്ചു തന്നതെന്ന് വീട്ടമ്മ സമ്മതിച്ചു. അങ്ങനെയാണ് കൊമേഴ്‌സ് അധ്യാപകനായ മുകേഷ് കുമാറിലേക്ക് അന്വേഷണ സംഘം എത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കും ഷെയര്‍ ചെയ്യരുത് എന്നു പറഞ്ഞാണ് മുകേഷ് കുമാര്‍ പഞ്ചാബിലെ വീട്ടമ്മയ്ക്ക് ചോദ്യപേപ്പര്‍ നല്‍കിയത്. 

എന്നാല്‍ തന്റെ മകനു മാത്രമല്ല, മരുമകനു കൂടി നല്ല മാര്‍ക്കു കിട്ടട്ടെ എന്നവര്‍ കരുതി. ദല്‍ഹിയിലെ മരുമകന് വാട്‌സ്ആപ്പില്‍ ചോദ്യപേപ്പര്‍ അയച്ചു. ഈ മരുമകന്‍ ദല്‍ഹിയിലെ തന്റെ സുഹൃത്തുക്കള്‍ക്ക് ഇത് ഷെയര്‍ ചെയ്തു. വീട്ടമ്മയുടെ മകന്‍ തന്റെ സുഹൃത്തുക്കള്‍ക്കും നല്‍കിയതോടെ ചോര്‍ച്ച വ്യാപകമായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.