വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കിയതില്‍ ഒന്നാം പ്രതി ഇടതു വലതു സര്‍ക്കാരുകള്‍

Monday 9 April 2018 3:01 am IST
മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി സര്‍ക്കാരിനെ വെല്ലുവിളിച്ച് രണ്ട് മെഡിക്കല്‍കോളേജുകള്‍ മുന്നേറിയപ്പോള്‍ കൂച്ചുവിലങ്ങിടാന്‍ ഭരിച്ചവര്‍ക്ക് കഴിഞ്ഞില്ല. തലവരിപ്പണം സംബന്ധിച്ച് ജെയിംസ് കമ്മറ്റി പലവട്ടം കോളേജുകള്‍ക്ക് താക്കീതു നല്‍കുകയും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ വഴിയാധാരമാക്കിയതിന്റെ പ്രധാന ഉത്തരവാദിത്വം മാറി മാറി ഭരിച്ച ഇടതു വലത് സര്‍ക്കാരുകള്‍ക്ക്. മാനേജ്‌മെന്റുകളെ സഹായിക്കാനുള്ള താല്‍പര്യവും ഭരണ രംഗത്തെ കെടുകാര്യസ്ഥതയുമാണ് കാരണം. 

മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി സര്‍ക്കാരിനെ വെല്ലുവിളിച്ച് രണ്ട് മെഡിക്കല്‍കോളേജുകള്‍ മുന്നേറിയപ്പോള്‍ കൂച്ചുവിലങ്ങിടാന്‍ ഭരിച്ചവര്‍ക്ക് കഴിഞ്ഞില്ല. തലവരിപ്പണം സംബന്ധിച്ച് ജെയിംസ് കമ്മറ്റി പലവട്ടം കോളേജുകള്‍ക്ക് താക്കീതു നല്‍കുകയും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.  

ഇത് അവഗണിച്ച്, മാനേജ്‌മെന്റിന്റെ താളത്തിനൊത്ത് തുള്ളുകയായിരുന്നു സര്‍ക്കാരുകള്‍. സര്‍ക്കാരുമായി കരാറുണ്ടാക്കാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്തിയപ്പോഴും കോളേജുകള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. 

 അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് സാമ്രാജ്യത്വത്തിന് കുടപിടക്കുന്നവരാണ് കണ്ണൂരിലെ സിപിഎമ്മും കോണ്‍ഗ്രസ്സും. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്വാശ്രയ കോളേജുകള്‍ സ്വന്തം നിലയില്‍ നടത്തിയ പരീക്ഷ ജെയിംസ് കമ്മറ്റി റദ്ദാക്കിയതോടെയാണ് മാനേജ്‌മെന്റുകളുടെ തന്നിഷ്ടത്തിന് കടിഞ്ഞാണ്‍ വീണു തുടങ്ങിയത്. മുന്‍കൂര്‍ തലവരി പണം വാങ്ങിയ ശേഷം നടത്തുന്ന പരീക്ഷയാണെന്ന് ജയിംസ് കമ്മറ്റി കണ്ടെത്തി. ജയിംസിനു മുമ്പുണ്ടായിരുന്ന മുഹമ്മദ് കമ്മറ്റി  അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വന്തം നിലയ്ക്കുള്ള പരീക്ഷ. പണം നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യ പേപ്പര്‍ നേരത്തെ നല്‍കുകയോ  ഉത്തരക്കടലാസില്‍ ഒന്നും എഴുതാതെ തിരികെ വാങ്ങിയ ശേഷം കോളേജ് അധികൃതര്‍ ഉത്തരം എഴുതി ജയിപ്പിക്കുകയോ ചെയ്യുന്ന രീതിയാണെന്ന് കമ്മറ്റി കണ്ടെത്തി. 

കോളേജുകള്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കിയതിനെതിരെ മാനേജ്‌മെന്റുകള്‍ സൂപ്രീംകോടതിയെ സമീപിച്ചെങ്കിലും കമ്മറ്റിയുടെ തീരുമാനം കോടതി ശരിവച്ചു. മേല്‍നോട്ട സമിതിയുടെ നേതൃത്വത്തില്‍ പരീക്ഷ നടത്താന്‍ ഉത്തരവും നല്‍കി. തുടര്‍ന്ന്  ഫീസ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട്  കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളും എംഇഎസും  ജയിംസ് കമ്മറ്റിയെ വെല്ലുവിളിച്ച് മുന്നോട്ട് പോയെങ്കിലും എംഇഎസ് പിന്‍മാറി സര്‍ക്കാരുമായി കരാറില്‍ ഒപ്പിട്ടു. കണ്ണൂര്‍, കരുണ കോളേജുകള്‍ സ്വന്തം നിലയില്‍ അഡ്മിഷനും നടത്തി. അഡ്മിഷന്‍ നിയമവിരുദ്ധമെന്ന് പറഞ്ഞതല്ലാതെ അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാരും മാനേജുമെന്റിന്റെ നിലപാടിനോട് പരോക്ഷമായി യോജിക്കുകയായിരുന്നു. മേല്‍നോട്ട സമിതിയായിരുന്നു ഇവര്‍ക്കെതിരെ അന്നും ശക്തമായ നിലപാട് സ്വീകരിച്ചത്.

ഹര്‍ജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ജയിംസ് കമ്മറ്റി റിപ്പോര്‍ട്ട് നിര്‍ണ്ണായകമായി. ആവശ്യപ്പെട്ട രേഖകള്‍ കോളേജ് അധികൃതര്‍ കമ്മറ്റിക്കു മുമ്പില്‍ ഹാജരാക്കിയിട്ടില്ലെന്നും പ്രവേശനത്തില്‍ വന്‍കൃത്രിമം നടന്നുവെന്നും ഹൈക്കോടതി കണ്ടെത്തി. കോളേജുകള്‍ സ്വന്തം നിലയില്‍ വെബ്‌സൈറ്റ് തുടങ്ങി പ്രവേശനം നടത്തിയെന്നും കോടതി വിലയിരുത്തി. മേല്‍നോട്ട സമിതിയെ വെല്ലുവിളിച്ച് സ്വന്തം നിലയില്‍ വെബ്‌സൈറ്റ് തുടങ്ങിയതിനെതിരെയും സര്‍ക്കാര്‍ അന്ന് നിയമനടപടി സ്വീകരിച്ചില്ല. 

ഇത്തരത്തില്‍ നിരവധി നിയമലംഘനങ്ങള്‍ നടത്തിയപ്പോള്‍ കോളേജിന്റെ അഫിലിയേഷന്‍ പുന:പരിശോധിക്കണമെന്ന്  ആവശ്യപ്പടാനും സര്‍ക്കാര്‍ തയ്യാറായില്ല. ഒടുവില്‍ കൂട്ടുകച്ചവടത്തിന്റെ ലാഭത്തിനായി തട്ടിക്കൂട്ട് ബില്‍ തയ്യാറാക്കിയപ്പോള്‍ പെരുവഴിയിലായത് വിദ്യാര്‍ത്ഥികളും. വാങ്ങിയ പണത്തിനൊന്നും കൃത്യമായ കണക്കില്ലാത്തതിനാല്‍ തിരിച്ചുകൊടുക്കേണ്ടി വരില്ലന്ന നേട്ടവും മാനേജ്‌മെന്റിനുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.