അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് തുടക്കംതൊട്ടേ വിവാദ ഭൂമി

Monday 9 April 2018 3:03 am IST

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജ് ആരംഭകാലം തൊട്ട് വിവാദങ്ങളുടെ വേദി. കോളേജ് സ്ഥാപിച്ചതു മുതല്‍ കോളേജും ഇതോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആശുപത്രിയും അഴിമതിയുടേയും നിയമന ലംഘനത്തിന്റെയും കേന്ദ്രം. കഴിഞ്ഞ കാലങ്ങളിലെല്ലാം സ്ഥാപനത്തെ പണമുണ്ടാക്കാനുള്ള കേന്ദ്രമാക്കിക്കൊണ്ട് മാനേജ്‌മെന്റ് മുന്നോട്ടു പോവുകയായിരുന്നു.

1767-ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച തോട്ടവും ബംഗ്ലാവുമടക്കം കോളേജ് സ്ഥിതിചെയ്യുന്ന 300 ഏക്കറോളം വരുന്ന തോട്ടം ഭൂമി ഭൂനിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് കൈവശപ്പെടുത്തിയത്. ഈ പ്രദേശം 2001ല്‍ കാരന്തൂര്‍ മര്‍ക്കസ് സെക്രട്ടറി കൂടിയായിരുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ കൈകളിലെത്തി. ഈ കൈമാറ്റം സംബന്ധിച്ച് കാന്തപുരം ഉള്‍പ്പെട്ട വിജിലന്‍സ് കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കാന്തപുരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പരാതിയുമുണ്ട്.

കാന്തപുരത്തില്‍ നിന്നും പഴയങ്ങാടി സ്വദേശിയും ഇപ്പോള്‍ കോളേജിന്റെ എംഡിയുമായ ജബ്ബാര്‍ ഹാജി വാങ്ങി. പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ പേരിലാക്കി കോളേജ് ആരംഭിക്കുകയായിരുന്നു. എഞ്ചിനീയറിങ്ങ് കോളേജും ദന്തല്‍ കോളേജും നഴ്‌സിങ്ങ് കോളേജും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തോട്ട ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും അങ്ങനെ വന്നാല്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുള്ള ഭൂനിയമം കാറ്റില്‍പറത്തിയാണ് കെട്ടിടങ്ങള്‍ പൊളിച്ചും വൃക്ഷങ്ങള്‍ മുറിച്ചു മാറ്റിയും മെഡിക്കല്‍ കോളേജിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അധികൃതര്‍ കെട്ടിട നിര്‍മ്മാണത്തിന് എല്ലാ ഒത്താശയും ചെയ്തു. 

വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുളള സര്‍ക്കാരിന്റെ കാലത്താണ് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പട്ടികയില്‍ അല്ലാതിരുന്നിട്ടു കൂടി സീറ്റ് വര്‍ധനയുള്‍പ്പെടെ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എംബിബിഎസ് പ്രവേശനത്തിന് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി ഒത്താശ ചെയ്തു. മാനേജ്‌മെന്റുമായി ഇടത്-വലത് സര്‍ക്കാരുകളുടെ ഒത്തുകളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോളേജ് അധികൃതര്‍ക്ക് വേണ്ടി കൊണ്ടുവന്ന മെഡിക്കല്‍ ബില്ല്. 

2016-17 വിദ്യാഭ്യാസ വര്‍ഷത്തെ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പാലിക്കാതെ സ്വന്തമായി പ്രവേശന പരീക്ഷ നടത്തുകയും വിദ്യാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ അധികമായി വാങ്ങി പ്രവേശനം നല്‍കുകയും ചെയ്തതായി കോളേജ് എംഡിയായ ജബ്ബാര്‍ ഹാജിക്കെതിരേ പരാതി ഉയരുകയായിരുന്നു. എന്‍ട്രന്‍സ് പരീക്ഷയില്‍ അവസാന റാങ്കുകാര്‍ മാത്രമല്ല പ്ലസ്ടു പരീക്ഷയിലും ശരാശരിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വരെ എന്‍ആര്‍ഐ സീറ്റുകള്‍ വിലപേശി വിറ്റതായ വിവരമാണ് പുറത്തു വരുന്നത്. ട്രീറ്റ്‌മെന്റ് പ്ലാന്റുള്‍പ്പെടെ ശരിയായ രീതിയില്‍ ഒരുക്കാതെ പ്രവര്‍ത്തനം നടത്തുന്നു തുടങ്ങി നിരവധി ആരോപണങ്ങളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.