ഇടതു യൂണിയനുകളുടെ പണിമുടക്ക് പരിഹാസ്യം: ബിഎംഎസ്

Monday 9 April 2018 3:19 am IST
അവരുടെ മുന്‍കാല പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് അവകാശമില്ല. കാരണം അവര്‍ ഭരിച്ച സമയത്ത് ബംഗാളില്‍ വിദേശമൂലധന ശക്തികളെ ക്ഷണിച്ചുവരുത്തി. ഇപ്പോള്‍ കേരളസര്‍ക്കാരും ഇതുതന്നെ ചെയ്യുകയാണ്. ഇവര്‍ക്ക് വിദേശ നിക്ഷേപത്തിനെതിരെ പറയാന്‍ എന്താണ് അവകാശം.

കൊല്ലം: ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്ക്  അങ്ങേയറ്റം പരിഹാസ്യമാണെന്ന് ബിഎംഎസ് ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്. ബിഎംഎസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അവരുടെ മുന്‍കാല  പ്രവര്‍ത്തനം പരിശോധിച്ചാല്‍ ഇത് ബോധ്യമാകും. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് അവകാശമില്ല. കാരണം അവര്‍ ഭരിച്ച സമയത്ത് ബംഗാളില്‍ വിദേശമൂലധന ശക്തികളെ ക്ഷണിച്ചുവരുത്തി. ഇപ്പോള്‍ കേരളസര്‍ക്കാരും ഇതുതന്നെ ചെയ്യുകയാണ്. ഇവര്‍ക്ക് വിദേശ നിക്ഷേപത്തിനെതിരെ പറയാന്‍ എന്താണ് അവകാശം.

കേന്ദ്രം ഭരിക്കുന്നവര്‍ തൊഴിലാളിസൗഹൃദ നയം സ്വീകരിക്കേണ്ടതാണ്. ഇതിന്റെ ചാലകശക്തിയായി ബിഎംഎസ് പ്രവര്‍ത്തിക്കും. തെറ്റായ നയങ്ങള്‍ തിരുത്തിച്ചും കൂടുതല്‍ തൊഴിലാളികളെ ദേശീയധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവന്നും തൊഴിലാളിസമൂഹത്തിന്റെ നന്മ ഉറപ്പാക്കാന്‍ ബിഎംഎസിന് സാധിക്കും, ദുരൈരാജ് പറഞ്ഞു.

യുപിഎ ഭരണകാലത്ത് തൊഴിലാളിവിരുദ്ധനയങ്ങള്‍ക്ക് ഒത്താശ ചെയ്ത ഇടതുട്രേഡ് യൂണിയനുകളുടെ കാപട്യം തിരിച്ചറിയണം. അവരുടെ കബളിപ്പിക്കലില്‍ നിന്നും സംസ്ഥാനത്തെ തൊഴിലാളിസമൂഹത്തെ മോചിപ്പിക്കേണ്ട ദൗത്യവും ബിഎംഎസ് ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, ബി. ശിവജി സുദര്‍ശന്‍, പി. ഗംഗാധരന്‍, അഡ്വ.എം.പി. ഭാര്‍ഗവന്‍, അഡ്വ. ടി.പി. സിന്ധുമോള്‍, സി.വി. രാജേഷ്, വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

രാവിലെ വനിതാ സമ്മേളനം ബിഎംഎസ് അഖിലേന്ത്യ സമിതിയംഗം റീത്ത സൈമണ്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസിലേക്ക് സ്ത്രീകളുടെ വരവ് മുമ്പത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എസ്. ആശാമോള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോള്‍, കെ. വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.