മനസ്സ് സോമന് സമര്‍പ്പിക്കാം

Monday 9 April 2018 3:36 am IST
ആ ആനന്ദത്തിന്റെ ഉറവിടം ആനന്ദസ്വരൂപനായ പരമേശ്വരനുമാണ്. അതിനാല്‍ അവന്റെ പേരും സോമന്‍ എന്നുതന്നെ. ആ സോമന്റെ ഉപാസനയെക്കുറിച്ച് പറയുന്ന ഒരു ഋഗ്വേദമന്ത്രമാണ് ചുവടെ. വേദത്തിലെ സോമദേവതയുടെ സ്വരൂപമെന്തെന്ന് ഈ മന്ത്രത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം.

വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് വേദങ്ങളിലെ സോമശബ്ദം. സോമം പലരും ധരിച്ചുവെച്ചിരിക്കുന്നതുപോലെ ഏതെങ്കിലും മദ്യത്തിന്റെ പേരല്ല, അത് ഈശ്വരസാക്ഷാത്കാരത്തിലേക്ക് നടന്നടുക്കുന്ന ഉപാസകന് അനുഭവവേദ്യമാകുന്ന ആനന്ദമാണ്. ആ ആനന്ദത്തിന്റെ ഉറവിടം ആനന്ദസ്വരൂപനായ പരമേശ്വരനുമാണ്. അതിനാല്‍ അവന്റെ പേരും സോമന്‍ എന്നുതന്നെ. ആ സോമന്റെ ഉപാസനയെക്കുറിച്ച് പറയുന്ന ഒരു ഋഗ്വേദമന്ത്രമാണ് ചുവടെ. വേദത്തിലെ സോമദേവതയുടെ സ്വരൂപമെന്തെന്ന് ഈ മന്ത്രത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം. മന്ത്രം കാണുക:

ഋതസ്യ ഗോപാ ന ദഭായ സുക്രതുഃ

ത്രീ ഷ പവിത്രാ ഹൃദ്യന്തരാ ദധേ. 

വിദ്വാന്‍ സ വിശ്വാ ഭുവനാഭി പശ്യതി 

അവാജുഷ്ടാന് വിധ്യതി കര്‌തേ അവ്രതാന്. 

(ഋഗ്വേദം 9.73.8) 

(ഋതസ്യ =) സത്യത്തിന്റെ (ഗോപാഃ =) രക്ഷകര്‍ (ദഭായ ന =) ഈശ്വരനാല്‍ ഉപേക്ഷിക്കപ്പെടുന്നില്ല അഥവാ നാശത്തെ പ്രാപിക്കുന്നില്ല. (സഃ സുക്രതുഃ =) ഉത്തമങ്ങളായ അറിവോടുകൂടിയവനും  ഉത്തമ കര്‍മ്മങ്ങളെ ചെയ്യുന്നവനുമായ ഈശ്വരന്റെ ആ സോമഗുണം (ഹൃദി അന്തഃ =) ഹൃദയത്തിനുള്ളില്‍ (ത്രീ പവിത്രാ =) മൂന്നൂ പരിശുദ്ധിയെ (ആദധേ =) സ്ഥാപിക്കുന്നു. (സഃ വിദ്വാന്‍=) ആ വിദ്വാന്‍ (വിശ്വാ =) സമസ്ത (ഭുവനാ =) ഭുവനങ്ങളേയും (അഭിപശ്യതി) = ഉത്തമമായ രീതിയില്‍തന്നെ നോക്കിക്കാണുന്നു. (അജുഷ്ടാന് =) അപ്രിയരായ (അവ്രതാന് =) വ്രതഹീനന്മാരെ (കര്‌തേ =) അന്ധകൂപത്തില്‍ (വിധ്യതി =) തള്ളിയിടുന്നു.

പവമാന സോമനാണ് മന്ത്രദേവത. 'പവമാന'ശബ്ദം പവിത്രതയെയും 'സോമ'ശബ്ദം ഈശ്വരന്റെ ആനന്ദസ്വരൂപത്തെയും കുറിക്കുന്നു. പവമാന സോമനായ ആ പരമാത്മാവ് ഋതത്തിന്റെ സംരക്ഷകനും അനൃതത്തിന്റെ അന്തകനുമാണ്. 'തയോര്യത് സത്യം യതരദൃജീയസ്തദിത് സോമഃ അവതി ഹന്ത്യാസത്' (ഋ. 7.104.12) എന്ന് ഋഗ്വേദത്തില്‍തന്നെ ഇക്കാര്യം പറയുന്നുണ്ട്. യാതൊന്നാണോ സത്യമായുള്ളത്, യാതൊന്നാണോ സരളമായുള്ളത്, അതിനെ സോമന്‍ സംരക്ഷിക്കുന്നു. അസത്യത്തെ ഹനിക്കുകയും ചെയ്യുന്നു എന്ന് അര്‍ഥം. ഉപാസകര്‍ക്ക് ഉപാസ്യദേവന്റെ ഗുണം വന്നുചേരും. അതായത് ആ സോമന്റെ ഉപാസകരും സത്യത്തിന്റെ സംരക്ഷകരായിത്തീരും. സത്യസംരക്ഷണത്തിനായി നിലകൊള്ളുന്ന ആ ഉപാസകരുടെ സമ്പൂര്‍ണരക്ഷയും ആ ഭഗവാന്റെ കരങ്ങളിലായിരിക്കും. 

സോമന്‍ സുക്രതുവാണ്. ഉത്തമങ്ങളായ അറിവുകളും ഉത്തമ സങ്കല്‍പ്പങ്ങളും ഉത്തമ കര്‍മ്മങ്ങളും ഒത്തുചേര്‍ന്നവനാണ്. താനുമായി സമ്പര്‍ക്കമുള്ള എല്ലാവരേയും ഈ ഗുണങ്ങളാല്‍ പൂര്‍ണ്ണരാക്കുവാന്‍ അവന്‍ ഇച്ഛിക്കുന്നു. എപ്പോള്‍ മനുഷ്യര്‍ അവന്റെ പാദങ്ങളില്‍തന്നെ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുന്നുവോ ആത്മസമര്‍പ്പണം ചെയ്യുന്നുവോ, അവനെ ഉപാസ്യദേവനായി തന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നുവോ അപ്പോള്‍ മാത്രം അവര്‍ സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നവരായിത്തീരുന്നു. എന്നാല്‍ ഈശ്വരീയചിന്തയെ ഹനിക്കുകയോ ഈശ്വരസ്മരണ വേണ്ടെന്നുവയ്ക്കുകയോ ചെയ്യുന്നവര്‍ ഈശ്വരനില്‍നിന്നും ലഭിക്കുന്ന സത്യം, ശുഭം, ക്രതു തുടങ്ങിയ പ്രചോദനങ്ങളില്‍നിന്നും അകറ്റിനിര്‍ത്തപ്പെടുന്നു. അതായത് പരമപാവനമായ സോമന്‍ ആരാലും ഉപേക്ഷിക്കുവാന്‍ യോഗ്യനല്ല. മന്ത്രത്തില്‍ 'ന ദഭായ'  എന്നതിന് ഇങ്ങനെ ഒരര്‍ഥവുംകൂടി ഉണ്ട്.

ഈശ്വരന്‍ ഏതൊരു ഉപാസകനെ പരിശുദ്ധനാക്കുവാന്‍ ആഗ്രഹിക്കുന്നുവോ ആ ഉപാസകന്റെ ഹൃദയത്തില്‍ മൂന്നുവിധത്തിലുള്ള പവിത്രതയെ സ്ഥാപിക്കുന്നു എന്നു മന്ത്രത്തില്‍ പറയുന്നു. ചിന്തയിലെ പവിത്രത, വാക്കിലെ പരിശുദ്ധി, കര്‍മ്മത്തിലെ പവിത്രത ഈ മൂന്നുമാണ്  ആ പരിശുദ്ധികള്‍. മനുഷ്യരുടെ ചിന്തതന്നെയാണ് വാക്കിലും പ്രവൃത്തിയിലും പ്രതിബിംബിക്കുന്നത്. അപ്പോള്‍ വാക്കും പ്രവൃത്തിയും ശുദ്ധമാക്കാന്‍ ആദ്യം പരിശുദ്ധമാകേണ്ടത് ചിന്തതന്നെ. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പാപങ്ങള്‍ ചെയ്യാത്ത ഒരാള്‍- അയാളുടെ ചിന്ത അപവിത്രമാണെങ്കില്‍ അയാളും പാപിതന്നെ. തന്റെ കൃപയ്ക്ക് യോഗ്യരായവരുടെ മനസ്സാണ് ഈശ്വരന്‍  ആദ്യമായി പവിത്രമാക്കുന്നത്. പിന്നീട് ക്രമത്തില്‍ ആ പരിശുദ്ധി വാക്കിലേക്കും തുടര്‍ന്ന് കര്‍മ്മത്തിലേക്കും എത്തുന്നു. സോമനായ ഈശ്വരന്‍ വിദ്വാന്‍ അഥവാ ജ്ഞാനിയാകുന്നു. ഓരോ ജീവിയുടേയും ഗതിവിഗതികളെ അവന്‍ സസൂക്ഷ്മം കാണുന്നു. അവന്റെ കണ്ണില്‍നിന്നും ഒന്നും മറച്ചുവെക്കപ്പെടുന്നില്ല. തന്റെ വിവേകചക്ഷുകൊണ്ട് ഈശ്വരന്‍, സത്യത്തെയും കള്ളത്തെയും വേര്‍തിരിക്കുന്നു. 'ദൃഷ്ട്വാ രൂപേ വ്യാകരോത് സത്യാനൃതേ പ്രജാപതിഃ' (യ.19.77) എന്ന് യജുര്‍വേദത്തിലും ഇക്കാര്യം പറയുന്നുണ്ട്. സാധുവിനേയും സാധുവല്ലാത്തവനേയും അവന്‍ ഇപ്രകാരം വേര്‍തിരിച്ചറിയുന്നു. സജ്ജനങ്ങളെ സല്‍കര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. വ്രതഹീനരേയും ശുഭകര്‍മ്മങ്ങളുടെ സങ്കല്‍പ്പമില്ലാത്തവരേയും ദുര്‍വൃത്തരേയും സേവിക്കാന്‍ യോഗ്യരല്ലാത്തവരേയും അന്ധകൂപത്തില്‍ ആഴ്ത്തുന്നു. യഥാര്‍ഥത്തില്‍ തങ്ങളുടെ കര്‍മാനുസൃതമായ ഫലത്തെ ഈശ്വരന്‍ പക്ഷപാതമില്ലാതെ ഏവര്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ പാപകര്‍മികള്‍ തങ്ങളുടെ കര്‍മങ്ങള്‍ക്കുള്ള ഫലത്തെ ശിക്ഷയായി വരിക്കുന്നു. സത്കര്‍മികള്‍ വരമായും. സത്കര്‍മികളേ, വരൂ, നമുക്കും പവമാന സോമനെ ഉപാസിക്കാം. സത്യത്തെ സംരക്ഷിക്കാം. ത്രിവിധങ്ങളായ പവിത്രതയെ നേടാം. 

 0495 272 4703

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.