ഡാ സില്‍വയുടെ ലോകകപ്പ്, ഇറ്റലിയുടേയും

Monday 9 April 2018 4:04 am IST
ഈ ലോകകപ്പിലാണ് ആദ്യമായി നിലവിലെ ചാമ്പ്യന്മാരും ആതിഥേയരും നേരിട്ട് യോഗ്യത നേടിയത്. ഇറ്റലിയും ഫ്രാന്‍സും നേരിട്ട് ഫൈനല്‍ റൗണ്ടിലെത്തി. ആഭ്യന്തരയുദ്ധം കാരണം സ്‌പെയിന്‍ പിന്മാറി.
"undefined"

മൂന്നാം ലോകകപ്പിന് ഫ്രാന്‍സായിരുന്നു വേദി. അര്‍ജന്റീനയെയും ജര്‍മ്മനിയെയും പിന്തള്ളിയാണ് ഫ്രാന്‍സിനെ മൂന്നാം ലോകകപ്പ് ഫുട്‌ബോളിന്റെ ആതിഥേയരായി തെരഞ്ഞെടുത്തത്. 1938 ജൂണ്‍ നാല് മുതല്‍ 19 വരെ പത്തു നഗരങ്ങളിലെ 11 സ്റ്റേഡിയങ്ങലിലായിരുന്നു പോരാട്ടം. 

ഈ ലോകകപ്പിലാണ് ആദ്യമായി നിലവിലെ ചാമ്പ്യന്മാരും ആതിഥേയരും നേരിട്ട് യോഗ്യത നേടിയത്. ഇറ്റലിയും ഫ്രാന്‍സും നേരിട്ട് ഫൈനല്‍ റൗണ്ടിലെത്തി. ആഭ്യന്തരയുദ്ധം കാരണം സ്‌പെയിന്‍ പിന്മാറി. നാല് വന്‍കരകളില്‍ നിന്നായി 16 രാജ്യങ്ങള്‍ ഫ്രാന്‍സ് ലോകകപ്പിന് യോഗ്യത നേടി. എന്നാല്‍ യോഗ്യത നേടിയ ശേഷം ആസ്ട്രിയ പിന്‍വാങ്ങി. ഇതോടെ 15 രാജ്യങ്ങളാണ് ഫൈനല്‍ റൗണ്ട് പോരാട്ടത്തിനുണ്ടായിരുന്നത്.

ഇറ്റലി, നോര്‍വേ, ഫ്രാന്‍സ്, ബല്‍ജിയം, ബ്രസീല്‍, പോളണ്ട്, ചെക്കോസ്ലോവാക്യ, നെതര്‍ലാന്‍ഡ്‌സ്, ഹംഗറി, ഡച്ച് ഈസ്റ്റ് ഇന്‍ഡീസ് (ഇന്നത്തെ ഇന്തോനേഷ്യ), സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി, സ്വീഡന്‍, ആസ്ട്രിയ, ക്യൂബ, റുമാനിയ എന്നീ രാജ്യങ്ങളാണ് അണിനിരന്നത്. 

ഗ്രൂപ്പ് തിരിച്ചുള്ള മത്സരമായിരുന്നില്ല ഇത്തവണയേും. നോക്കൗട്ട് റൗണ്ടായിരുന്നു. ഓരോ ടീമിനും ആദ്യ റൗണ്ടില്‍ ഒരു കളി മാത്രം. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍, തോറ്റാല്‍ പുറത്ത്. സമനിലയിലായാല്‍ 30 മിനിറ്റ് അധികം. എന്നിട്ടും സമനിലയിലായാല്‍ അടുത്ത ദിവസം വീണ്ടും കളിക്കും. 

പതിനെട്ടു മത്സരങ്ങളില്‍ നിന്ന് 84 ഗോളുകള്‍ പിറന്നു. ആദ്യ രണ്ട് ലോകകപ്പുകളില്‍ മൂന്ന് ഹാട്രിക്കുകളാണ് നേടിയത്. ഫ്രാന്‍സില്‍ അത് അഞ്ചായി. ജൂണ്‍ ബ്രസീലിനെതിരെ പോളണ്ടിന്റെ എണസ്റ്റ് വിലിമോവ്‌സ്‌കി (4 ഗോളുകള്‍), ഇതേ മത്സരത്തില്‍ ബ്രസീലിന്റെ ലിയോനിഡാസ് ഡാ സില്‍വ,  ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്യൂബക്കെതിരെ സ്വീഡന്റെ ഗുസ്താവ് വെറ്റര്‍സ്‌റ്റോം, ഹാരി ആന്‍ഡേഴ്‌സണ്‍, സ്വീഡനെതിരെ ഹംഗറിയുടെ ഗ്യുല സെന്‍ഗെല്ലര്‍ എന്നിവരാണ് ഹാട്രിക് അവകാശികള്‍.

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഹംഗറി സ്വിറ്റ്‌സര്‍ലന്‍ഡിനെയും സ്വീഡന്‍ ക്യൂബയെയും നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഫ്രാന്‍സിനെയും പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.  ബ്രസീല്‍-ചെക്കോസ്ലോവാക്യ പോരാട്ടം സമനിലയില്‍ കലാശിച്ചു. റീപ്ലേയില്‍ 2-1ന് ജയിച്ച് ബ്രസീല്‍ സെമിഫൈനലില്‍ കടന്നു. സെമിയില്‍ ഹംഗറി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്വീഡനെയും ഇറ്റലി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീലിനെയും കീഴടക്കി കിരീടപ്പോരാട്ടത്തിനിറങ്ങി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഹംഗറിയെ തകര്‍ത്ത് നിലവിലെ ലോകചാമ്പ്യന്മാരായ അസൂറികള്‍ (ഇറ്റലി) കിരീടം നിലനിര്‍ത്തി. ലൂസേഴ്‌സ് ഫൈനലില്‍ ബ്രസീല്‍ 4-2ന് സ്വീഡനെ പരാജയപ്പെടുത്തി. ആദ്യ രണ്ട് ലോകകപ്പുകളിലും തിളങ്ങാന്‍ കഴിയാതിരുന്ന ബ്രസീലിന്റെ ഉയിര്‍പ്പിനും ഈ ലോകകപ്പ് സാഷ്യം വഹിച്ചു. 

മറ്റൊരു ചരിത്ര നിമിഷത്തിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു. ഏറ്റവും മികച്ച കളിക്കാരനും ടോപ് സ്‌കോറര്‍ക്കുമുള്ള സ്വര്‍ണ്ണ പന്തിനും സ്വര്‍ണ്ണ ഷൂസിനും ഒരാള്‍ തന്നെ അവകാശിയായി. ബ്രസീലിന്റെ ലിയോനിഡാസ് ഡാ സില്‍വയാണ് ഈ രണ്ട് ബഹുമതികളും സ്വന്തമാക്കിയത്. നാല് മത്സരങ്ങളില്‍ നിന്ന് ഏഴു ഗോളുകളാണ് ലിയോനിഡാസ് സില്‍വ നേടിയത്. ഇറ്റലിക്കെതിരായ നിര്‍ണായകമായ സെമിഫൈനലില്‍ ഈ താരത്തെ ബ്രസീല്‍ കളിപ്പിച്ചിരുന്നില്ല എന്നോര്‍ക്കുക. മികച്ച രണ്ടാമത്തെ കളിക്കാരനുള്ള വെള്ളി പന്ത് ഇറ്റലിയുടെ സില്‍വിയോ പിയോളയും മൂന്നാമത്തെ താരത്തിനുള്ള വെങ്കല പന്ത് ഹംഗറിയുടെ ഗേ്യാര്‍ജി സരോസിയും സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.