ഇരുമുന്നണികളുടേയും ഒത്തു തീർപ്പ് രാഷ്ട്രീയം നാടിന് ആപത്ത്

Monday 9 April 2018 3:51 pm IST

കൊച്ചി: വിവാദ മെഡിക്കൽ കോളേജ് ബില്ലിന് പിന്തുണ നൽകിയതിലൂടെ ഇരുമുന്നണികളുടേയും ഒത്തു തീർപ്പ് മറനീക്കി പുറത്തു വന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഭരണകക്ഷി നടത്തുന്ന അഴിമതിക്ക് പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷമാണ് കേരളത്തിലേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിക്ക് ഒപ്പം ചേർന്ന് അഴിമതി നടത്തിയ പ്രതിപക്ഷ നേതാവ് കേരളത്തിന് അപമാനമാണ്. പ്രതിപക്ഷ നേതാവിന്‍റെ ധർമ്മം പാലിക്കുന്നതിൽ പരാജയപ്പെട്ട രമേശ് ചെന്നിത്തല സ്ഥാനം ഒഴിയണം. വിദ്യാർത്ഥികളുടെ പേര് പറഞ്ഞ് രണ്ടു നേതാക്കളും സ്വാശ്രയ മുതലാളിമാരുടെ താത്പര്യമാണ് സംരക്ഷിച്ചത്. ഇതോടെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സ്പോൺസർ ഒരേയാൾ തന്നെയാണെന്ന് വ്യക്തമായി. 

വിവാദമായ മെഡിക്കൽ ബിൽ പാസാക്കാൻ രണ്ടു മുന്നണികളും കൂട്ടുചേർന്നതിൽ കോടികളുടെ അഴിമതിയുണ്ടെന്ന് കോൺഗ്രസ് നേതാവ് തന്നെ സമ്മതിച്ചിരിക്കുകയാണ്. ഇതേപ്പറ്റി കൂടുതൽ കാര്യങ്ങൾ ബെന്നി ബഹനാൻ തുറന്നു പറയണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം വോട്ടുവാങ്ങിയാണ് ജയിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ വെളിപ്പെടുത്തിയിരുന്നു. ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്. ഇത് ചെങ്ങന്നൂരിലും നടപ്പാക്കാനാണ് ഇരു കൂട്ടരും ശ്രമിക്കുന്നത്. ഈ ഒത്തുകളി നാടിന് ആപത്താണ്. 

അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിലൂടെ കേരളത്തെ വഞ്ചിക്കുന്ന നിലപാട് സിപിഎമ്മും കോൺഗ്രസും അവസാനിപ്പിക്കണം. ഇരു മുന്നണികളുടേയും ഒത്തുതീർപ്പ് രാഷ്ട്രീയത്തിനുള്ള തിരിച്ചടി ചെങ്ങന്നൂരിൽ തുടങ്ങുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.