കണ്ണൂര്‍, കരുണ : നിലപാട് തിരുത്തണമെന്ന് ഐ‌എം‌എ

Monday 9 April 2018 3:04 pm IST
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വഴിവിട്ട പ്രവേശനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കൊണ്ടുവന്ന സ്വാശ്രയ മെഡിക്കല്‍ ബില്‍ ഗവര്‍ണ്ണര്‍ എസ്. സദാശിവം തടഞ്ഞിരുന്നു.

 

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും നിലപാട് തിരുത്തണമെന്ന് ഐ‌എം‌എ. കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നിലവാര തകര്‍ച്ച ഉത്‌കണ്ഠ ഉളവാക്കുന്നുവെന്നും ഐ‌എം‌എ പറഞ്ഞു. 180 വിദ്യാര്‍ത്ഥികളുടെ ഭാവി ഓര്‍ത്ത് ഉത്കണ്ഠപ്പെടുന്നവര്‍ സീറ്റ് കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി കൂടി കാണണമെന്നും ഐ‌എം‌എ വ്യക്തമാക്കി.

എംബിബിഎസ് പോലുള്ള കോഴ്‌സുകളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ കടന്നു വന്നിരുന്നത് കൊണ്ടാണ് കേരളത്തിലെ ഡോക്ടര്‍മാര്‍ ഉന്നത നിലവാരം കാത്തുസൂക്ഷിച്ചിരുന്നത്. എന്നാല്‍ മെറിറ്റ് അട്ടിമറിക്കപ്പെടുകയും മെഡിക്കല്‍ വിദ്യാഭാസം കച്ചവടച്ചരക്ക് ആവുകയും ചെയ്യുന്നത് കേരള മോഡല്‍ നില നിര്‍ത്തുവാന്‍ ഒട്ടും സഹായകരമാവില്ലെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഇകെ ഉമ്മര്‍, സംസ്ഥാന സെക്രട്ടറി ഡോക്ടര്‍ എന്‍ സുല്‍ഫി എന്നിവര്‍ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വഴിവിട്ട പ്രവേശനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ കൊണ്ടുവന്ന സ്വാശ്രയ മെഡിക്കല്‍ ബില്‍ ഗവര്‍ണ്ണര്‍ എസ്. സദാശിവം തടഞ്ഞിരുന്നു. ഇതോടെ അരക്കോടി മുതല്‍ ഒരു കോടി വരെ കോഴ വാങ്ങി നടത്തിയ പ്രവേശനങ്ങള്‍ സാധുവാക്കാന്‍  ഭരണ-പ്രതിപക്ഷങ്ങള്‍ നടത്തിയ ഒത്തുകളിയും അതിനു വേണ്ടി കൊണ്ടുവന്ന നിയമവും ഇതോടെ പൊളിയുകയായിരുന്നു. ഇരു കൂട്ടര്‍ക്കും കനത്ത തിരിച്ചടിയാവുകയായിരുന്നു ഗവര്‍ണ്ണറുടെ നടപടി.

സുപ്രീം കോടതി പുറത്താക്കിയ 180 വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍  നിയമസഭ പാസാക്കിയ ബില്ലാണ് ഗവര്‍ണ്ണര്‍ ഒപ്പിടാതെ തടഞ്ഞുവച്ചത്. ബില്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്നാണിത്. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ഇതോടെ ബില്‍ അസാധുവായി. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.