ദേശീയപാത വികസനം വീണ്ടും കുരുക്കിലേക്ക്; രൂപരേഖയില്‍ മാറ്റം വരുത്താന്‍ നീക്കം

Tuesday 10 April 2018 2:55 am IST

കോട്ടയം: ദേശീയപാത സ്ഥലമെടുപ്പിനെതിരെ പ്രതിഷേധം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു. പാത വികസിപ്പിക്കാന്‍ തയ്യാറാക്കിയ നിര്‍മ്മിതി രൂപരേഖ (അലൈന്‍മെന്റ്)യില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ കൂടിയാലോചന തുടങ്ങി. ഉപഗ്രഹ സര്‍വ്വേപ്രകാരം നിശ്ചയിച്ച അലൈന്‍മെന്റില്‍ യാതൊരു മാറ്റവും വരുത്താന്‍ കഴിയില്ലെന്ന് ദേശീയപാത അതോറിട്ടിയും. ഇതോടെ സംസ്ഥാനത്തെ ദേശീയപാത വികസനം വീണ്ടും കുരുക്കിലേക്ക് നീങ്ങുകയാണ്. 

റോഡിന് മധ്യത്തില്‍ നിന്ന് തുല്യമായി സ്ഥലം ഏറ്റെടുക്കുന്ന തരത്തിലാണ് അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലുള്ള അലൈന്‍മെന്റ് പ്രകാരമാണെങ്കില്‍ വളവും തിരിവുമില്ലാതെ റോഡ് നിര്‍മ്മാണം സാധ്യമാകും. റോഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗവും സാധ്യമാകും. രാജ്യത്ത് എല്ലായിടത്തും റോഡ് നിര്‍മ്മാണത്തിന് പൊതുമാനദണ്ഡം ഉളളപ്പോള്‍ കേരളത്തിന് മാത്രം ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന് ദേശീയപാത അതോറിട്ടി അധികൃതര്‍ വ്യക്തമാക്കി.     

 ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കാനാണ്  അതോറിട്ടി ലക്ഷ്യമിടുന്നത്. ഇത് 30 മീറ്ററില്‍ വികസിപ്പിച്ചാല്‍ മതിയെന്നാണ് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഭാവിയിലെ എല്ലാ റോഡ് വികസനവും 60 മീറ്ററിലായിരിക്കണമെന്നാണ് നയം. എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് 45 മീറ്ററായി പരിമിതപ്പെടുത്തിയത്. ഇതിലും ഇളവ് വേണമെന്ന് ആവശ്യപ്പെട്ടാല്‍ പദ്ധതി ഉപേക്ഷിക്കുകയാണ് നല്ലതെന്ന് എന്‍എച്ച്എഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

 പാത വികസനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ വികസനകാര്യത്തില്‍ സര്‍ക്കാരിനുണ്ടായിരുന്ന ആവേശം കെട്ടടങ്ങി. തെക്കന്‍ ജില്ലകളില്‍ നടന്ന് വന്നിരുന്ന കല്ലിടല്‍ ജോലികള്‍ തത്കാലം നിര്‍ത്തിവയ്ക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷമേ സര്‍വ്വേയും കല്ലിടലും പുനരാരംഭിക്കുകയുള്ളു. കഴിഞ്ഞ  15ന് ആണ് കഴക്കൂട്ടം - ചേര്‍ത്തല പാത വികസിപ്പിക്കാന്‍ വിജ്ഞാപനം ഇറങ്ങിയത്. ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ വിജ്ഞാപനം കാലഹരണപ്പെടും. തെക്കന്‍ ജില്ലകളില്‍ സമാധാനപരമായാണ് കല്ലിടല്‍ നടന്നത്. ഇതും കൂടി നിര്‍ത്തിവയ്ക്കുന്നതിലൂടെ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്ന് തെളിയുകയാണ്.

 ദേശീയപാത വികസനം ഇനിയും ഉപേക്ഷിക്കേണ്ടി വന്നാല്‍ കേരളത്തിലെ റോഡ് വികസന പദ്ധതികള്‍ സ്തംഭിക്കും. ഇപ്പോള്‍ കേരളത്തിലെ 198 കിലോമീറ്റര്‍ റോഡിലാണ് നിര്‍മ്മാണം നടക്കുന്നത്. ഇതില്‍ ബോഡിമെട്ട്-മൂന്നാര്‍ റോഡിന്റെ നിലവാരം ഉയര്‍ത്തുന്ന പദ്ധതിയും ഉള്‍പ്പെടുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.