അമ്പലപ്പുഴ ബ്ലോക്ക് കെട്ടിടം നിര്‍മ്മാണം വിവാദത്തില്‍

Tuesday 10 April 2018 1:41 am IST


ആലപ്പുഴ: ദേശീയപാതയുടെ നവീകരണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കെട്ടിടം നിര്‍മ്മിച്ച സര്‍ക്കാര്‍ നടപടി വിവാദമാകുന്നു. സംഭവത്തില്‍ ദുരൂഹതയെന്ന് ആക്ഷേപം ഉയരുന്നു. 
  അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വളപ്പിലാണ് ലക്ഷങ്ങള്‍ ചെലവിട്ട് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. പൊളിച്ച് മാറ്റേണ്ടി വരുമെന്ന് അറിഞ്ഞിട്ടും കെട്ടിട നിര്‍മ്മാണവുമായി അധികൃതര്‍ മുന്നോട്ട് പോകുകയായിരുന്നു. പൊളിച്ചു നീക്കുന്നതോടെ പൊതുഖജനാവില്‍ നിന്ന് പാഴാകുന്ന ലക്ഷങ്ങളുടെ ഉത്തരവാദിത്വം ആര് പറയുമെന്ന് ചോദ്യം ഉയരുന്നു.
  കെട്ടിട നിര്‍മ്മാണം തുടങ്ങിയപ്പോള്‍ തന്നെ അധികൃതരെ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. ഇതു കൂടാതെ പുന്നപ്രയിലടക്കം ലക്ഷകണക്കിന് രൂപ ചെലവിട്ട് ടൈല്‍ പാകിയതും വിവാദമായിട്ടുണ്ട്. ദേശീയ പാത നവീകരിക്കുമ്പോള്‍ ഇതും പൊളിച്ചു നീക്കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ റോഡ് നവീകരണത്തിനായി അനുവദിച്ച പണമാണ് ഇത്തരത്തില്‍ പാഴാക്കുന്നതെന്നതാണ് ഉയരുന്ന വിമര്‍ശനം.
 അമ്പലപ്പുഴ ബ്‌ളോക്ക് ഓഫീസില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത് ഈ ഭാഗത്തെ ദേശിയപാത അലൈന്‍മെന്റ് മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ബ്‌ളോക്ക് കെട്ടിടം സംരക്ഷിക്കണമെന്ന് ആവശ്യം ഉയരുമ്പോള്‍ അതിന്റെ മറവില്‍ മന്ത്രിയുടേത് അടക്കമുള്ള ഇടതുപക്ഷ നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കുകയെന്ന നിഗൂഢ ലക്ഷ്യവും ഇതിന് പിന്നിലുണ്ടോയെന്ന സംശയവും ഉയരുന്നു.
 അധികാരികളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ബ്ലോക്ക് ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മോടിപിടിപ്പിച്ചതിന്റെ ഉദ്ഘാടന ചടങ്ങിലേക്കാണ് മാര്‍ച്ച് നടത്തുക. രാവിലെ 10 ന് കളര്‍കോട് അഞ്ജലി ആഡിറ്റോറിയത്തിന് മുന്നില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.