കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പാക്കറ്റില്‍; കമ്പനികളുടെ പങ്ക് തെളിഞ്ഞാല്‍ നിയമ നടപടി

Tuesday 10 April 2018 3:07 am IST

മരട് (കൊച്ചി): കുട്ടികള്‍ക്കുള്ള ചോക്ലേറ്റുകളും മില്‍ക്ക് പൗഡറുകളും ഉള്‍പ്പെട കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പാക്കറ്റുകളിലാക്കി വിപണിയിലെത്തിച്ച സ്ഥാപനത്തിന്റെ ഗോഡൗണുകളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ചോക്കോ മാള്‍ട്ട്, മാള്‍ട്ടോവിറ്റ എന്നിവയുള്‍പ്പെടെ 10 ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. കമ്പനികളുടെ അറിവോടെയാണ് ആരോഗ്യത്തിന് ഹാനികരമായ ഇത്തരം നടപടിയുണ്ടായിട്ടുള്ളതെങ്കില്‍ ശക്തമായ നിയമ നടപടിയുണ്ടാകും. കാക്കനാടുള്ള മേഖലാ അനലറ്റിക്കല്‍ ലാബിലേക്കാണ് സാമ്പിളുകള്‍ അയച്ചത്. 14 ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. 

നെട്ടൂര്‍ പിഡബ്ല്യുഡി റോഡില്‍ സഹകരണ ബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന കാര്‍വാര്‍ എന്ന വിതരണ സ്ഥാപനത്തിന്റ ഗോഡൗണിലാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ പായ്ക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത്. ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, കേക്ക്, ആട്ട, മൈദ, മില്‍ക്കോസ്, പുട്ടുപൊടി, വിവിധയിനം ഓയിലുകള്‍ എന്നിവയാണ് പുതിയ പായ്ക്കറ്റില്‍ വില്‍പ്പന നടത്താന്‍ തയ്യാറാക്കിയത്. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് പോലീസും ഭക്ഷ്യസുരക്ഷാ വകുപ്പും കഴിഞ്ഞദിവസമെത്തി ഗോഡൗണ്‍ സീല്‍ ചെയ്തത്. തുടര്‍ന്ന് ഇന്നലെ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. 

ഭക്ഷ്യസുരക്ഷാ ഓഫീസര്‍ വി. ഷണ്‍മുഖന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാമ്പിളുകള്‍ ശേഖരിച്ചത്. തമിഴ്‌നാട് സ്വദേശിയായ സ്ഥാപന ഉടമ ശിവസുബ്രഹ്മണ്യത്തോട് ഇന്നലെ പരിശോധനാ സമയത്ത് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയിരുന്നില്ല. കമ്പനികളുടെ പ്രതിനിധികളെത്തിയാണ് പാക്കിംഗിന് നേതൃത്വം നല്‍കുന്നതെന്നാണ് തൊഴിലാളികള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കാനായാണ് ഉടമയെ വിളിച്ചുവരുത്തുന്നത്.

 സ്ഥാപനത്തിന് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനുള്ള ലൈസന്‍സ് മാത്രമാണ് നിലവിലുള്ളത്. ഈ ലൈസന്‍സ് ഉപയോഗിച്ച് വീണ്ടും പാക്കിംഗ് നടത്തിയത് നിയമലംഘനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിഴചുമത്തുമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചുകളയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് മരട് നഗരസഭയുടെ അനുമതി തേടിയിട്ടുണ്ട്. ഇതിനുശേഷം തുടര്‍ നടപടിയുണ്ടാകും. സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചശേഷം ഗോഡൗണ്‍ വീണ്ടും സീല്‍ ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.