കരുണ: ബില്‍ കൊണ്ട് വന്നത് ഇടതുപക്ഷം; പോര് കോണ്‍ഗ്രസില്‍

Tuesday 10 April 2018 3:13 am IST

കൊച്ചി: കണ്ണൂര്‍,കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളെ സംരക്ഷിക്കാന്‍ നിയമസഭയില്‍ ബില്‍ കൊണ്ട് വന്നത് ഇടതുപക്ഷമാണെങ്കിലും കലഹം മുറുകുന്നത് കോണ്‍ഗ്രസില്‍.  ബില്‍ പാസ്സാക്കിയതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗവും മുന്‍ എംഎല്‍എയുമായ ബെന്നി ബെഹനാന്‍ രംഗത്ത് വന്നതോടെ കോണ്‍ഗ്രസ്  വെട്ടിലായി. ബെന്നി ബെഹനാന്‍ യുഡിഎഫ് നേതാക്കളെ അപമാനിക്കുകയാണെന്നും ആദര്‍ശത്തള്ളല്‍ ആണെന്നും ആരോപിച്ച് ഐ ഗ്രൂപ്പ് നേതാവ് പന്തളം സുധാകരന്‍  രംഗത്തെത്തി. ഇതോടെ, കോണ്‍ഗ്രസിലെ ഗ്രൂപ്പ് തിരിഞ്ഞുള്ള ഏറ്റുമുട്ടലിന് വാശിയേറി. 

ബില്‍ കൊണ്ട് വന്നത് ശരിയായില്ലെന്ന  എ. കെ ആന്റണിയുടെ പ്രസ്താവന കൂടി വന്നതോടെ പ്രതിപക്ഷ നേതാവിനും എംഎല്‍എ മാര്‍ക്കുമെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. നിയമസഭയ്ക്കുള്ളില്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുകയും വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്ത വി.ടി. ബല്‍റാം എംഎല്‍എയ്ക്ക് അനുകൂലമായി സമൂഹ മാധ്യമങ്ങളില്‍ വന്‍ പിന്തുണ ലഭിച്ചിരുന്നു. യുവ എംഎല്‍എ മാരായ ശബരീനാഥ്, റോജി ജോണ്‍ എന്നിവര്‍ ചെന്നിത്തലയെ ന്യായീകരിക്കാന്‍ ഇറങ്ങിയതോടെ സമൂഹ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും കോണ്‍ഗ്രസ് ചേരി തിരിയുകയായിരുന്നു. 

ബല്‍റാമിന് രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുത്ത ചരിത്രം ഇല്ലാത്തതുകൊണ്ടാണ് ബില്ലിനെ അനുകൂലിക്കാതെ പാര്‍ലമെന്ററി പാര്‍ട്ടിയെ വഞ്ചിച്ചത് എന്ന് ഫേസ്ബുക്കില്‍ ആരോപിച്ച റോജിയും കണക്കിന് വാരിക്കൂട്ടി. സാമൂഹ്യമാധ്യമങ്ങളിലും ചാനല്‍ചര്‍ച്ചകളിലും നേതാക്കള്‍ ചേരിതിരിഞ്ഞിരുന്നു. രമേശ് ചെന്നിത്തലയുടെ നടപടിക്കെതിരെ ആദ്യം രംഗത്ത് വന്നത് വി.എം. സുധീരനായിരുന്നു. 

കോണ്‍ഗ്രസ്സ് നേതാക്കള്‍ ചേരിതിരിഞ്ഞതിനിടെയാണ് കേരളത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി രൂപീകരിച്ചത്. ആദ്യം അഞ്ചോ ആറോ അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന സമിതിയില്‍ രാഹുല്‍ ഗാന്ധിക്ക് താത്പര്യം ഉള്ളവരെയും ഏതാനും എംപിമാരെയും കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുകയായിരുന്നു. കോണ്‍ഗ്രസിന്റെ നയപരമായ തീരുമാനങ്ങളും പ്രധാന തീരുമാനങ്ങളും രാഷ്ട്രീയ കാര്യാ സമിതി ചര്‍ച്ച ചെയ്താണ് എടുത്തിരുന്നത്. പല സന്ദര്‍ഭങ്ങളിലും രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേര്‍ക്കണം എന്നാവശ്യപ്പെട്ട് വി.എം സുധീരനും കെ. മുരളിധരനും അടക്കമുള്ള നേതാക്കള്‍ കത്ത് നല്‍കിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിവാദ ബില്ലില്‍ നിലപാട് എടുക്കുന്നതിന് മുന്‍പ് കെപിസിസിയിലോ രാഷ്ട്രീയ കാര്യാ സമിതിയിലോ ചര്‍ച്ച ചെയ്തിരുന്നില്ല. ഇതാണ് പ്രതിപക്ഷ നേതാവിനെയും എം എല്‍ എമാരെയും ഇപ്പോള്‍ വെട്ടിലാക്കിയത്. ഇനി മുതല്‍ ഇത്തരം കാര്യങ്ങളില്‍ നിലപാടെടുക്കും മുന്‍പ് രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് തീരുമാനം എടുക്കണമെന്ന് കെ. മുരളിധരന്‍ ആവശ്യപ്പെട്ടു. 

കെപിസിസി പ്രസിഡന്റ് ജനമോചന യാത്ര നടത്തുന്നതിനിടെ ഇത്തരമൊരു വിവാദം ഉണ്ടായതില്‍ കോണ്‍ഗ്രസ് നേതൃനിരയാകെ അസംതൃപ്തിയിലുമാണ്. സോളാര്‍ വിവാദത്തെ തുടര്‍ന്ന് അല്‍പ്പം പിന്നോട്ട് പോയ എ ഗ്രൂപ്പ് അവസരം നന്നായി മുതലെടുക്കുന്നുണ്ട്. വേണ്ടത്ര കൂടിയാലോചന കൂടാതെ ബില്‍ പാസാക്കാന്‍ പ്രതിപക്ഷം കൂട്ട് നിന്നതില്‍ എഐസിസി നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസില്‍ പോര് മൂക്കുന്നത് തങ്ങള്‍ക്ക് അനുഗ്രഹം ആണെന്ന മട്ടിലാണ് ഭരണപക്ഷം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.