സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം, 14 മരണം

Tuesday 10 April 2018 3:15 am IST
"undefined"

ഡെമാസ്‌കസ്: ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ സിറിയയില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വിമതര്‍ക്കു  സ്വാധീനമുള്ള ഡൗമ നഗരത്തില്‍ സര്‍ക്കാര്‍ സേന രാസായുധ പ്രയോഗം നടത്തിയതിനു പിന്നാലെയാണ് ഇസ്രയേലിന്റെ എഫ് -15 യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. റഷ്യയും സിറിയയുടെ വ്യോമാക്രമണം സ്ഥിരീകരിച്ചു.

ഡൗമ നഗരത്തില്‍ രാസായുധ പ്രയോഗത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ബാഷര്‍-അല്‍ അസാദ് സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ ഈ ആക്രമണത്തിന് മറുപടി നല്‍കേണ്ടി വരും എന്ന് അമേരിക്ക പ്രസ്താവിച്ചതിനു പിന്നാലെയാണ് ഇസ്രയേല്‍ നീക്കം. എന്നാല്‍ വ്യോമാക്രമണവുമായി ബന്ധമില്ലെന്ന് യുഎസ് വിദേശകാര്യ വകുപ്പിന്റെ വക്താവ് പറഞ്ഞു. 

ലബനിലെ വ്യോമ സേനാത്താവളത്തില്‍ നിന്നാണ് ഇസ്രയേല്‍ വിമാനങ്ങള്‍ സിറിയയിലേക്കു പറന്നത്.  സൈന്യത്തിന്റേയും ബാഷര്‍-അല്‍ അസാദിനെ പിന്തുണയ്ക്കുന്ന ഇറാന്‍ അനുകൂല തീവ്രവാദ സംഘടനകളുടെയും കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. എട്ടു മിസൈലുകള്‍ ഇസ്രയേല്‍ വിമാനങ്ങള്‍ വര്‍ഷിച്ചെന്നും അഞ്ചെണ്ണം സിറിയന്‍ സേന തകര്‍ത്തെന്നും റോയിട്ടേഴ്‌സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്രമണത്തില്‍ പതിനാലു പേര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഇതിലേറെയും ഇറാന്‍ അനുകൂല സംഘടനയില്‍പ്പെട്ടവരാണെന്നാണ് സൂചന.

മുമ്പും ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ സിറിയയ്ക്കുള്ളില്‍ നിയന്ത്രിത ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതായി അമേരിക്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രയേല്‍ ഈ നീക്കത്തെ പിന്തുണയ്ക്കുന്നില്ല. ഇറാന്‍ അനുകൂല സംഘടനകള്‍ സിറിയയില്‍ പിടിമുറുക്കാതിരിക്കാന്‍ അമേരിക്കന്‍ സാന്നിധ്യമം ആവശ്യമാണെന്നാണ് ഇസ്രയേല്‍ കരുതുന്നത്. 

ഹോംസ്, പാല്‍മിറ നഗരങ്ങള്‍ക്കടുത്തുള്ള വ്യോമസേനാത്തവളവും ഇസ്രയേല്‍ വിമാനങ്ങള്‍ ആക്രമിച്ചു. റഷ്യന്‍ വ്യോമസേനയുടെ താവളം ഈ മേഖലയിലാണ്. ഈ വ്യോമസേനാത്താവളത്തില്‍ ഇസ്രയേല്‍ വിമാനങ്ങള്‍ മിസൈല്‍ വര്‍ഷിച്ചോ എന്നു വ്യക്തമല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.