അഗ്‌നിരക്ഷാസേന പ്രതിസന്ധിയില്‍

Tuesday 10 April 2018 2:00 am IST

 

ആലപ്പുഴ: പൊതുസ്ഥലംമാറ്റത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആലപ്പുഴയിലെ അഗ്‌നിരക്ഷാ  ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. കോട്ടയം, എറണാകുളം എന്നീ രണ്ട് ഡിവിഷനും മറികടന്നാണ് പാലക്കാട് ഡിവിഷനില്‍പ്പെട്ട തൃശൂര്‍ ജില്ലയിലെ നാട്ടികയിലേക്ക് പത്തോളം ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്. 

  തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെട്ട പാലക്കാട് ഡിവിഷനില്‍ നിന്നും സന്നദ്ധരായ ജീവനക്കാരെ ഒഴിവാക്കിയായായിരുന്നു സ്ഥലംമാറ്റം.  ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിലായി ആലപ്പുഴ മുനിസിപ്പാലിറ്റിയും 17 പഞ്ചായത്തുകളും ചേര്‍ന്നതാണ് ആലപ്പുഴ നിലയ പരിധി. മറ്റ് പല ജില്ലാ ആസ്ഥാനങ്ങളെയും പോലെ അടിയന്തര സാഹചര്യം നേരിടാന്‍ ഉപഗ്രഹ സ്റ്റേഷന്‍ സംവിധാനം ആലപ്പുഴയില്‍ നിലവിലില്ല. കൊടും ചൂടും തിരക്കേറിയ വിനോദസഞ്ചാര സീസണുമായതിനാല്‍ അഗ്‌നിരക്ഷാസേനയ്ക്ക് വിശ്രമമില്ലാത്ത സമയമാണിത്. 

   ആയിരകണക്കിന് ടൂറിസ്റ്റുകളാണ് സീസണില്‍ മാത്രം ആലപ്പുഴ സന്ദര്‍ശിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട സേനയിലാണ് കൂട്ട സ്ഥലംമാറ്റം നൂറിലധികം ജലാശയ അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാര മേഖലയിലുണ്ടായത്. ആലപ്പുഴ ജില്ലയിലെ മുഴുവന്‍ ജലാശയ അപകടങ്ങളും നേരിടുന്നത് ആലപ്പുഴ നിലയമാണ്. ഓരോ വര്‍ഷവും നിരവധി ഹൗസ് ബോട്ടുകളാണ് കത്തി നശിക്കുന്നത്. സഞ്ചാരികള്‍ അപകടപ്പെടുന്നതും മരണപ്പെടുന്നതുമായ സന്ദര്‍ഭങ്ങളും നിരവധിയാണ്.

  സംസ്ഥാനത്ത് തന്നെ വെള്ളപ്പൊക്ക കെടുതി നിയന്ത്രിക്കാന്‍ പമ്പിങ് നടത്തുന്ന ഏക സ്റ്റേഷന്‍ ആലപ്പുഴയാണ്. മഴക്കാലത്ത് ഇരുനൂറിലധികം പമ്പിങുകളാണ് സേന നടത്തുന്നത്. ധാരാളം സേനാബലം ആവശ്യമായി വരുന്ന സമത്ത് ഉണ്ടായ ഈ സ്ഥലംമാറ്റം ജീവനക്കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.