സ്ത്രീകള്‍ക്ക് അവഹേളനം: എഎസ്‌ഐക്കെതിരെ കേസ്

Tuesday 10 April 2018 2:00 am IST

 

 

ചേര്‍ത്തല: മുന്‍ ഡിവൈഎസ്പിയുടെ ഭാര്യയെയും ചെറുമകളെയും പോലീസ്‌സ്റ്റേഷനില്‍ വിളിച്ചുവരുത്തി അവഹേളിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന പരാതിയില്‍ എഎസ്‌ഐക്കെതിരെ കേസെടുത്തു. 

  അര്‍ത്തുങ്കല്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ സജിമോനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചേര്‍ത്തല തെക്ക് കുറുപ്പന്‍കുളങ്ങര പാര്‍വതി നിവാസില്‍ പരേതനായ റിട്ട. ഡിവൈഎസ്പി ദാമോദരന്റെ ഭാര്യ അമ്പിളി(55), ചെറുമകള്‍ പാര്‍വതി(എട്ട്) എന്നിവരാണ് പോലീസ്  മര്‍ദനത്തെ തുടര്‍ന്ന് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.  

  വ്യാജമദ്യവില്‍പനയുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യ വിവരം നല്‍കിയതിന്റെ പേരില്‍ സമീപവാസികളായ ചിലര്‍ നല്‍കിയ കള്ളപരാതിയില്‍  അര്‍ത്തുങ്കല്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഇവരെ അവഹേളിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ചേര്‍ത്തല സിഐ വി.പി. മോഹന്‍ലാല്‍ ആശുപത്രിയില്‍ എത്തി  മൊഴിയെടുത്തു. 

  തുടര്‍ന്ന് ഡിവൈഎസ്പി എ.ജി. ലാലിന്റെ നിര്‍ദേശപ്രകാരം അര്‍ത്തുങ്കല്‍ പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.