വേദാന്തങ്ങളായ ഉപനിഷത്തുകളിലൂടെ

Tuesday 10 April 2018 3:25 am IST

ഐതരേയം- ഋഗേദത്തിന്റെ ഐതരേയാരണ്യകത്തില്‍ പെടുന്നതാണിത്. ആകെ ഉള്ള അഞ്ച് ആരണ്യകങ്ങളിലെ രണ്ടാമത്തെ ആരണ്യകത്തിലെ 4, 5, 6 എന്നീ അദ്ധ്യായങ്ങളെയാണ് ഉപനിഷത്തായി കരുതിവരുന്നത.് ഈ ഒരേ പേരിലാണ് ബ്രാഹ്മണവും ആരണ്യകവും ഉപനിഷത്തും അറിയപ്പെടുന്നത്. ഒരു മഹീദാസ ഐതരേയനാണ് കര്‍ത്താവ് എന്നു കരുതിവരുന്നതായി മൃഡാനന്ദസ്വാമി പറയുന്നു.

നാലാം അദ്ധ്യായത്തിലെ മൂന്നു ഖണ്ഡങ്ങളും മറ്റ് അദ്ധ്യായങ്ങളിലെ രണ്ടു ഖണ്ഡങ്ങളും ചേര്‍ന്ന അഞ്ച് അദ്ധ്യായങ്ങളില്‍ ജീവാത്മ പരമാത്മൈക്യമാകുന്ന പരമസത്യത്തെ പ്രതിപാദിക്കുന്നു. അദ്ധ്യാരോപം, അപവാദം എന്നു രണ്ടു തരത്തിലാണ് സമീപനം. അദ്ധ്യാരോപം എന്നാല്‍ ആത്മാവില്‍ പ്രപഞ്ചത്തെ ആരോപിക്കലാണ്. പ്രപഞ്ചനിരാസത്തിലൂടെ ഏകത്വസ്ഥാപനം ആണ് അപവാദം.

മൂന്നാം ഖണ്ഡത്തിലെ പന്ത്രണ്ടാം മന്ത്രം വരെയുള്ള ഭാഗത്തില്‍ വിവിധലോകങ്ങള്‍, വിവിധദേവതകള്‍ എന്നിവ അടങ്ങിയ പ്രപഞ്ചത്തെ വിവരിക്കുന്നു. പിന്നത്തെ ഭാഗം കൊണ്ട് ഈ വൈവിധ്യം എല്ലാം ഒന്നിന്റെ തന്നെ വികാസം ആണെന്ന് സമര്‍ത്ഥിക്കുന്നു. 

ഇരുപത്തിമൂന്നു മന്ത്രങ്ങളുള്ള ഒന്നാം അദ്ധ്യായത്തിലെ മൂന്നു ഖണ്ഡങ്ങളില്‍ ആത്മാവു മാത്രമാണ് ആദ്യം ഉണ്ടായിരുന്നതെന്നും നാമരൂപങ്ങളാല്‍ വൈവിധ്യമാര്‍ന്ന ഈ പ്രപഞ്ചത്തെ ആത്മാവ് മായാശക്തികൊണ്ട് തന്നില്‍ നിന്നുതന്നെ പ്രകാശിപ്പിക്കുന്നു എന്നും പറയുന്നു. വിവിധലോകങ്ങള്‍, സമഷ്ടിരൂപനായ വിരാട്പുരുഷന്‍, ഇന്ദ്രിയങ്ങളും അവയുടെ അധിദേവതകളും അധിഷ്ഠാനങ്ങളും, പഞ്ചഭൂതങ്ങള്‍, വ്യഷ്ടിശരീരങ്ങള്‍, ഇവയെ നിലനിര്‍ത്താനുള്ള അന്നം എന്ന ക്രമത്തില്‍ എല്ലാം സൃഷ്ടിച്ചു. അതിന് ശേഷം ആ ആത്മാവ് ജീവശക്തിരൂപത്തില്‍ അവയില്‍ പ്രവേശിക്കുന്നു. ഉപാധിസഹിതനാകുന്നതോടെ അവിദ്യയില്‍പെട്ടുഴലുന്നു എന്നും പിന്നീട് വിവേകശക്തി കൊണ്ട് ആത്മജ്ഞാനം നേടുന്നു എന്നും പ്രതിപാദിച്ച് ഒന്നാം അദ്ധ്യായം അവസാനിക്കുന്നു.

രണ്ടാം അദ്ധ്യായത്തില്‍ ആറു മന്ത്രങ്ങളടങ്ങിയ ഒരു ഖണ്ഡമാണുള്ളത്. ഇതില്‍ സംസാരിയായ മനുഷ്യന്റെ പുനര്‍ജന്മത്തെപ്പറ്റി വിവരിക്കുന്നു. പിതൃ, മാതൃശരീരങ്ങള്‍, സ്വന്തം ശരീരം എന്നിവയിലൂടെ സഞ്ചരിക്കേണ്ടി വരുന്ന ജീവന് അനേക ജന്മങ്ങളിലൂടെ കൈവരുന്ന ഭാവനയുടെ പരിപാകത്താല്‍ ജ്ഞാനം നേടി സംസാരത്തില്‍ നിന്നും മോക്ഷം പ്രാപിക്കുന്നു എന്ന് വാമദേവഋഷിയുടെ ഉദാഹരണത്തിലൂടെ വ്യക്തമാക്കിക്കൊണ്ട് രണ്ടാം അദ്ധ്യായം അവസാനിക്കുന്നു.

മൂന്നാം അദ്ധ്യായത്തില്‍ നാലു മന്ത്രങ്ങള്‍ മാത്രമാണുള്ളത്. വിതക്തന്മാരും ജിജ്ഞാസുക്കളും ആയ സാധകന്മാര്‍ ജിജ്ഞാസാ ശമനത്തിനും തത്ത്വനിര്‍ദ്ധാരണത്തിനും വേണ്ടി നടത്തുന്ന വിചാരങ്ങളെയാണ് ഇതില്‍ വിവരിക്കുന്നത്. ഉപാധിവിശിഷ്ടമായ ചൈതന്യശക്തിയേയോ അതോ നിര്‍വികാരവും നിരുപാധികവും ആയ ജ്ഞാനശക്തിയേയോ ഉപാസിക്കേണ്ടത് എന്നു ചിന്തിച്ച് ചിന്തിച്ച് അവസാനം മനോബുദ്ധീന്ദ്രിയങ്ങളുടെ എല്ലാം പിന്നിലുള്ളതും നിഷ്‌ക്രിയവും സച്ചിദാനന്ദവും ആയ പ്രജ്ഞാനത്തെ ആണ് സാക്ഷാത്കരിക്കേണ്ടത്, അതാണ് ആത്മാവിന്റെ യഥാര്‍ത്ഥസ്വരൂപം എന്നു തീര്‍ച്ചയാക്കുന്നു. ഏകത്വസാക്ഷാത്കാരം കൊണ്ടു ലഭിക്കുന്ന അമൃതത്വപ്രാപ്തി ആകുന്ന ഫലത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉപനിഷത്ത് അവസാനിക്കുന്നു. 

ഛാന്ദോഗ്യം- ഈ ഉപനിഷത് സാമവേദാന്തര്‍ഗതമാണ്. ഛന്ദോഗന്‍ എന്നാല്‍ സാമ ഗായകന്‍ എന്നാണ് അര്‍ത്ഥം എന്ന് മൃഡാനന്ദസ്വാമി വ്യക്തമാക്കുന്നു. ഏതാണ്ട് നൂറ്റിമുപ്പത് വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഈ ഉപനിഷത്ത് എഴുതപ്പെട്ട കാലഘട്ടത്തിനെ സാമുദായികസ്ഥിതി, ഗുരുകുലവിദ്യാഭ്യാസം, സദാചാരനിയമങ്ങള്‍, രാജ്യഭരണം, ശിക്ഷാരീതികള്‍  എന്നിവയെ മനസ്സിലാക്കാനുപകരിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഇതിലുള്ളതായി സ്വാമി മൃഡാനന്ദ അഭിപ്രായപ്പെടുന്നു.

സത്യനിഷ്ഠയുടെ പ്രാധാന്യത്തെ ഊന്നിപ്പറയുന്ന ഇതില്‍ പാരമാര്‍ത്ഥിക സത്ത സത്യം തന്നെയാണെന്ന് ഉദ്‌ഘോഷിക്കുന്നു. ശിഷ്ടാചാരപദ്ധതിയുടെ വ്യവസ്ഥാപകന്‍ ഈശ്വരനാണെന്നാണ് ഈ ഉപനിഷത് പറയുന്നത്. ദൃക്കിനേയും ദൃശ്യത്തേയും അദ്ധ്യാത്മം, അധിദൈവം എന്ന രണ്ടു തലത്തിലായി ഇതില്‍ പറയുന്നു. മനുഷ്യശരീരത്തെ ബ്രഹ്മത്തിന്റെ ആവാസ സ്ഥാനമായ ബ്രഹ്മപുരമായി ഇതില്‍ വര്‍ണ്ണിക്കുന്നു. ബ്രഹ്മം ശരീരത്തിലെ ഹൃത്പദ്മത്തില്‍ പ്രാണരൂപത്തില്‍ നിലക്കൊണ്ട് ഈ ശരീരത്തെയും അതിന്റെ ശക്തികളേയും ഭരിക്കുന്നു എന്നാണ് ഇതില്‍ പറയുന്നത്. 

ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങളില്‍ വിവിധതരത്തിലുള്ള ബ്രഹ്മപ്രതീകങ്ങളെ ഉപാസിക്കാനുള്ള വിധികളാണ് വിവരിക്കപ്പെടുന്നത്. സാമവേദത്തെ ആശ്രയിക്കുന്നതാണ് ഇവയെല്ലാം. ഉദ്ഗീഥ (പ്രണവ) ത്തിന്റെ ഉപാസനയെയാണ് ആദ്യം പറയുന്നത്. ഇതിന്റെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്ന പല ഉപാഖ്യാനങ്ങളും അതില്‍ കാണാം. പ്രണവജപത്താല്‍ അസുരന്മാരെ ജയിച്ച കഥയാണ് ആദ്യം പറയുന്നത്.

സാമത്തിന്റെ പലതരത്തിലുള്ള ഉപാസനകളെ ആണ് രണ്ടാമദ്ധ്യായത്തില്‍ വിവരിക്കുന്നത്. മൂന്നാമദ്ധ്യായത്തില്‍ സൂര്യോപാസനയെ വിസ്തരിക്കുന്നു. ആദിത്യനെ ബ്രഹ്മപ്രതീകമായി ഇവിടെ പറയുന്നു. നാലില്‍ വായു, പ്രാണന്‍ എന്നിവയെ ബ്രഹ്മമായിക്കണ്ട് ഉപാസിക്കുന്ന വിദ്യയെ പ്രശംസിക്കുന്നു. രസകരങ്ങളായ പല കഥകളും ഇവിടെ പറയുന്നുണ്ട്. അഞ്ചിലും ഉപാസനകളെയാണ് വിവരിക്കുന്നത്. ഇവിടെയാണ് ശ്വേതകേതുവും പ്രവഹണനും തമ്മിലുള്ള സംവാദം കൊടുത്തിരിക്കുന്നത്. പ്രപഞ്ചചൈതന്യം ഏതാണ് എന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍, പഞ്ചാഗ്നിവിദ്യ, വൈശ്വാനരവിദ്യ എന്നിവയുടെ വിശദീകരണം എന്നിവ ഈ ഭാഗത്തു വരുന്നു.

 ആറാം അദ്ധ്യായത്തില്‍ ആരുണി മകനായ ശ്വേതകേതുവിനു നല്‍കുന്ന ഉപദേശത്തെയാണ് പ്രാധാന്യത്തോടെ വിവരിക്കുന്നത്. തത്വമസി എന്ന പ്രസിദ്ധമായ മഹാവാക്യോപദേശം ഈ സന്ദര്‍ഭത്തിലാണ് വരുന്നത്. ജീവബ്രഹ്മൈക്യത്തെ ഉചിതമായ ഉദാഹരണങ്ങളിലൂടെ ഒമ്പതു തവണ ആവര്‍ത്തിച്ചു പറഞ്ഞ് ഇവിടെ സമര്‍ത്ഥിക്കുന്നതു കാണാം.

ഏഴാമത്തെ അദ്ധ്യായത്തില്‍ സനല്‍കുമാരനും നാരദനും തമ്മിലുള്ള സംവാദമാണ്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന എല്ലാ ശാസ്ത്രവിദ്യകളും വേണ്ടവണ്ണം പഠിച്ച ശേഷവും തൃപ്തി വരാതെ തന്റെ ദു:ഖപരിഹാരത്തിനായി നാരദന്‍ സനത്കുമാരനെന്ന ഋഷിയെ  സമീപിക്കുന്നു. കേവലം ശബ്ദജ്ഞാനമല്ല സത്യജ്ഞാനമാണ് അതിനു വേണ്ടതെന്ന് ഋഷി നാരദനെ ബോദ്ധ്യപ്പെടുത്തുന്നു. അപരിമിതമായ ആത്മാവിന്റെ ജ്ഞാനത്തിലൂടെയേ തൃപ്തി കൈവരൂ എന്നതാണ് ആ  ഉപദേശത്തിന്റെ സാരം.

 എട്ടാമദ്ധ്യായത്തില്‍ അതിനു സഹായകമായ ദഹരോപാസനയെ വിവരിക്കുന്നു. ബ്രഹ്മപുരമായ ഈ ശരീരത്തിലെ ഹൃദയമാകുന്ന താമരയുടെ ഉള്ളിലുള്ള ആകാശത്തില്‍ ബ്രഹ്മം പ്രകാശിച്ചു നില്‍ക്കുന്നു എന്നു സങ്കല്‍പ്പിച്ച് ഉപാസിക്കാന്‍ പറയുന്നു. ഇവിടെ ഒരു കഥ പറയുന്നുണ്ട്- പ്രജാപതി അസുരരാജാവായ വിരോചനനും ദേവരാജാവായ ഇന്ദ്രനും  ആത്മജ്ഞാനത്തെ ഉപദേശിക്കുന്നു. ശരീരമാണ് ആത്മാവെന്നു ധരിച്ച വിരോചനന്‍ അന്വേഷണം അവിടെ അവസാനിപ്പിക്കുന്നു. ഇന്ദ്രനാകട്ടെ തൃപ്തി വരാതെ വീണ്ടും തപസ്സു ചെയ്ത് ശരിയായ ആത്മജ്ഞാനം നേടുന്നു.

(തുടരും..)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.