നിങ്ങളെന്നെ മറ്റൊരു മധുവാക്കരുതെന്ന് മോഷ്ടാവ്

Monday 9 April 2018 9:32 pm IST

 

തലശ്ശേരി: നിങ്ങളെന്നെ മറ്റൊരു മധുവാക്കരുതെന്ന് മോഷ്ടാവ്. ജൂബിലീറോഡിലെ അണിയാങ്കൊല്ലത്ത് സിദ്ധീഖ്(50) ആണ് നിങ്ങളെന്നെ മറ്റൊരു മധുവാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയത്. 

കൊയിലാണ്ടിയിലെ ഒരു ക്ഷേത്രത്തിന്റെ ഓഫീസ് എന്ന് കരുതി കവര്‍ച്ചക്ക് കയറിയ മോഷ്ടാവിന് ലഭിച്ചത് വെരും ഇരുപത് രൂപമാത്രമാണത്രെ. ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള ഉരുളികളും മറ്റു പാത്രങ്ങളും സൂക്ഷിച്ച മുറിയില്‍ കയറിയ സിദ്ദീഖ് നാട്ടുകാര്‍ അറഞ്ഞപ്പോള്‍ രക്ഷപ്പെടാന്‍ കഴിയാതെ മുറിയില്‍ നിന്നും വാതില്‍ കുറ്റിയിടുകയായിരുന്നു. പുറത്തിറങ്ങാന്‍ പറഞ്ഞ നാട്ടുകാരോട് സിദ്ദീഖ് പറഞ്ഞ ഡയലോഗാണത്രെ നിങ്ങളെന്നെ മറ്റൊരു മധുവാക്കരുതെന്ന്. 

കീഴന്തി മുക്കിലെ വലിയ മാടാവ് സ്‌കൂള്‍ മോഷണം ഉള്‍പ്പെടെ നിരവധി മോഷണക്കേസില്‍ തലശ്ശേരി പോലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ സിദ്ദീഖ് പോലിസിന്റെ ചോദ്യം ചെയ്യലിലാണ് സിനിമ കഥയെ വെല്ലുന്ന രീതിയില്‍ തന്റെ മോഷണ പരമ്പരകളെക്കുറിച്ച് വിവരിച്ചത്. മോഷണ മുതല്‍ വാങ്ങിയ ആലപ്പുഴ മായിത്തറ കൊച്ചുവേളിയിലെ അരുണും പോലീസിന്റെ വലയിലായിട്ടുണ്ട്. ഒരു ലക്ഷത്തില്‍പ്പരം വിലമതിക്കുന്ന നാലോളം ലാപ് ടോപ്പുകള്‍ സിദ്ദീഖ് അരുണിന് വില്‍പ്പന നടത്തിയത് വെറും രണ്ടായിരത്തി അഞ്ഞൂറു രൂപയ്ക്കാണെന്നാണ് പോലീസ് പറയുന്നത്. വലിയ മാടാവ് സ്‌കൂളില്‍ മുന്‍പ് മോഷണം നടത്തിയ സിദ്ദീഖിന് അവിടെ അന്നുണ്ടായിരുന്ന അധ്യാപകന്‍ താന്‍ ചെയ്യാത്ത മറ്റൊരു മോഷണക്കേസില്‍ കുടുക്കിയതിന്റെ പ്രതികാരമാണത്രെ വീണ്ടും അവിടെ മോഷണം നടത്താന്‍ പ്രേരണയായത്. ക്ഷേത്രങ്ങളും സ്‌കൂളുകളുമാണ് സിദ്ദീഖിന്റെ പ്രധാന മോഷണ കേന്ദ്രങ്ങള്‍. 

കൊയിലാണ്ടിയില്‍ ക്ഷേത്ര മോഷണക്കേസില്‍ പിടിയിലായ സിദ്ദീഖിനെ തലശ്ശേരി പോലീസിന് കൈമാറിയപ്പോഴാണ് സിദ്ദീഖ് നടത്തിയ അര ഡസന്‍ മോഷണങ്ങളെക്കുറിച്ച് പോലീസിന് മൊഴി നല്‍കിയത്. മര്‍ദ്ദന മുറകള്‍ പ്രയോഗിക്കാതെ ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് സിദ്ദീഖ് കുറ്റം സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. കൊയിലാണ്ടിയിലെയും വലിയമാടാവിലെയും കേസുകള്‍ക്കു പുറമെ കഴിഞ്ഞ ഏപ്രിലില്‍ ചേര്‍ത്തലയിലെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്നും 5 കമ്പ്യൂട്ടറുകളും സിപിയുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 20 ലക്ഷത്തോളം രൂപ വില വരുന്ന അമേരിക്കന്‍ കമ്പനികളുടെ ഡാറ്റകളും സിദ്ദീഖ് മോഷ്ടിച്ച കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 

ഇടക്കൊച്ചി യുപി സ്‌കൂളില്‍ നിന്നും പ്രൊജക്ടറും നാല്‍പപതിനായിരം രൂപയും മോഷ്ഠിച്ചിട്ടുണ്ട്. വയനാട് തലമുണ്ടയിലെ യുപി സ്‌കൂളില്‍ നിന്നും മിക്‌സിയും പ്രിന്ററും എലത്തൂരിലെ അമ്പലത്തില്‍ നിന്നും മൂന്നു പവന്‍ സ്വര്‍ണ്ണവും വെള്ളിയില്‍ തീര്‍ത്ത പാമ്പിന്റെ പ്രതിമയും ഭണ്ഡാരവും മോഷണം നടത്തിയിട്ടുണ്ട്. ആറുമാസം മുമ്പ് ആലുവയിലെ രണ്ട് ലാപ് ടോപ്പും മോഷ്ടിച്ചിട്ടുണ്ട്.

മൈസൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുമായി രണ്ട് കല്യാണവും കഴിച്ചതായി സിദ്ദീഖ് പോലീസിനോട് വെളിപ്പെടുത്തി. ചെറുപ്പം മുതലെ മോഷണം തൊഴിലാക്കിയ സിദ്ദീഖ് മോഷണ മുതലുകള്‍ കടത്തുവാന്‍ സ്വന്തമായി ഓട്ടോയും വാങ്ങിയതായി വിവരമുണ്ട്. ചോദ്യം ചെയ്യലിനു ശേഷം മോഷ്ടാവായ സിദ്ദീഖിനെയും മോഷണ മുതല്‍ വാങ്ങി സൂക്ഷിച്ച അരുണിനെയും തിരിച്ച് കോടതി മുമ്പാകെ ഹാജരാക്കുമെന്ന് തലശ്ശേരി എസ് ഐ അനില്‍ കുമാര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.