ഹരിത കേരളം പദ്ധതിയില്‍ മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നു

Monday 9 April 2018 9:34 pm IST

 

മട്ടന്നൂര്‍: ഹരിത കേരളം പദ്ധതിയില്‍ മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. പടിയൂര്‍, തില്ലങ്കേരി, മാലൂര്‍, കോളയാട്, പഞ്ചായത്തുകളിലാണ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്. പുറമ്പോക്കില്‍ കശുമാവ് കൃഷി, ഔഷധസസ്യകൃഷി, കശുവണ്ടി സംസ്‌കരണ കേന്ദ്രം, വഴിയോര വില്‍പ്പന കേന്ദ്രം, ഔഷധ നെല്‍കൃഷി, മത്സ്യകൃഷി, ആയുര്‍വേദ ഗ്രാമം, പൈനാപ്പിള്‍ കൃഷി, വാഴഗ്രാമം, മുല്ലപ്പൂ കൃഷി, ഫാം ടൂറിസം, ഹോംസ്‌റ്റേ തുടങ്ങിയവയാണ് തെരഞ്ഞെടുത്ത നാല് പഞ്ചായത്തുകളിലായി നടപ്പാക്കുക. പടിയൂര്‍ പഞ്ചായത്തിലെ 200 ഏക്കര്‍ പുറമ്പോക്ക് ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ 100 ഏക്കറിലുമാണ് കശുമാവ് കൃഷി. മാങ്കുഴി കോളനി, ചടച്ചിക്കുണ്ടം, ആര്യങ്കോട് പട്ടികവര്‍ഗ കോളനി, കരവൂര്‍ ബദല്‍ സ്‌കൂള്‍ പറമ്പ് എന്നിവിടങ്ങളിലാണ് ഔഷധസസ്യ കൃഷി നടത്തുക. തേന്‍, ചക്ക, മാങ്ങ, നാടന്‍ പച്ചക്കറി, മത്സ്യം എന്നിവ വില്‍ക്കുന്നതിന് നാല് വഴിയോര വില്‍പ്പന കേന്ദ്രങ്ങളാണ് ആരംഭിക്കുക. കുടുംബശ്രീ സംരംഭങ്ങളായാണ് ഇവ തുടങ്ങുക. തരിശിട്ട വയലുകളില്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ 25 ഏക്കര്‍ നവര, ഗന്ധകശാല നെല്‍കൃഷിയണ് ഔഷധ നെല്‍കൃഷിയായി ആരംഭിക്കുക. ചെറുകളുങ്ങളിലും വീടുകളിലും ടാങ്ക് സ്ഥാപിച്ചാണ് മത്സ്യകൃഷി. 

തില്ലങ്കേരി പഞ്ചായത്തിലാണ് ആയുര്‍വേദഗ്രാമം പദ്ധതി. ആയുര്‍വേദ ഗവേഷണകേന്ദ്രം, മസാജ് സെന്റര്‍, യോഗ കേന്ദ്രം എന്നിവ പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യത്തോടെ ആരംഭിക്കും. കുടുംബശ്രീ ആട് ഗ്രാമം പദ്ധതിയിലൂടെ ആട്ടിന്‍പാലും പശുവളര്‍ത്തല്‍ പദ്ധതിയിലൂടെ നാടന്‍ പശുവിന്‍പാലും തരിശ്‌രഹിത പദ്ധതിയിലൂടെ ഔഷധ നെല്ലും ഉല്‍പാദിപ്പിക്കും. 

മാലൂര്‍ പഞ്ചായത്തില്‍ 70 ഏക്കറില്‍ പൈനാപ്പിള്‍ കൃഷിയും 350 ഏക്കറില്‍ നെല്‍കൃഷിയും വാഴഗ്രാമം പദ്ധതിയും നടപ്പാക്കും. 200 വീടുകളിലാണ് മുല്ലപ്പൂ കൃഷി. 22 കുളങ്ങള്‍ പുനര്‍നിര്‍മിച്ച് മത്സ്യകൃഷി ആരംഭിക്കും. കാര്‍ഷിക സൊസൈറ്റികള്‍ പുനരുജ്ജീവിപ്പിച്ചും പുതിയ ശാഖകള്‍ തുറന്നും വിപണി ഉറപ്പുവരുത്തും. കോളായാട് പഞ്ചായത്തിലെ കണ്ണവം, പെരുവ പ്രദേശങ്ങളിലെ പുറമ്പോക്ക് ഭൂമിയില്‍ മുള കൃഷിയാണ് ആരംഭിക്കുക. ഇതിന്റെ ഭാഗമായി നഴ്‌സറി തയ്യാറാക്കലും തടയണ നിര്‍മാണവുമുണ്ടാകും. പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്ത് അന്തിമ രൂപരേഖ തയ്യാറാക്കുന്നതിന് 11ന് പകല്‍ 2.30ന് നഗരസഭാ സിഡിഎസ് ഹാളില്‍ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ഇപി ജയരാജന്‍ എംഎല്‍എ, ഹരിത കേരളം മിഷന്‍ വൈസ്‌ചെയര്‍മാന്‍ ഡോ.ടി.എന്‍.സീമ എന്നിവര്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.