ഇരിട്ടി പാലം ജംങ്ഷന്‍ വീതികൂട്ടാന്‍ നടപടി തുടങ്ങി

Monday 9 April 2018 9:35 pm IST

 

ഇരിട്ടി: ലോകബാങ്ക് സഹായത്തോടെ നവീകരിക്കുന്ന തലശേരി വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പാതയിലെ ഇരിട്ടി പാലം ജംങ്ഷന്‍ വീതികൂട്ടാന്‍ 152 സെന്റ് സ്ഥലം കൂടി അധികമായി ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങി. 

അധികമായി ഏറ്റെടുക്കേണ്ട ഭൂമിയുടെ വിലനിശ്ചയിക്കുന്നതിനും പാരിസ്ഥിതികാഘാത പഠനത്തിനുമായി ഉന്നതതല സംഘം അടുത്ത ദിവസം പാലം പ്രദേശം സന്ദര്‍ശിക്കും. പുതുതായി ഏറ്റെടുക്കേണ്ട സ്ഥലം കുന്നിടിച്ച് നിരപ്പാക്കേണ്ടതാണ്. അതിനാലാണ് പാരിസ്ഥിതികാഘാത പഠനം നടത്തുന്നത്. ഇരിട്ടിയിലെ പഴയ പാലത്തിന് പകരം നിര്‍മിക്കുന്ന പുതിയ പാലത്തിന്റെയും റോഡിന്റെയും പൂര്‍ത്തീകരണത്തോടെ ഉണ്ടാകാനിടയുള്ള അപകട സാധ്യത കുറക്കുന്നതിന് വേണ്ടിയാണ് സ്ഥലം അധികമായി ഏറ്റെടുത്ത് റോഡ് വീതീകൂട്ടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ ഏറ്റെടുത്ത സ്ഥലത്തിന് പുറമെയാണ് 152 സെന്റ് കൂടി അധികമായി ഏറ്റെടുക്കേണ്ടത്. പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയ ലോകബാങ്കിന്റെ ഉന്നതതല സംഘം പാലം ജംങ്ങ്ഷനില്‍ ഉണ്ടാകാനിടയുള്ള അപകടസാധ്യത കെഎസ്ടിപിയെ അറിയിച്ചിരുന്നു. നഗരത്തോട് ചേര്‍ന്ന ഭാഗമായതിനാല്‍ അധികമായി ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത് വന്‍ ബാധ്യതയായിരിക്കുമെന്ന നിര്‍ദ്ദേശമാണ് അന്ന് ഉയര്‍ന്നതെങ്കിലും ജംങ്ഷന്‍ വീതികൂട്ടണമെന്ന ഉറച്ച നിലപാടിലായിരുന്നു ലോകബാങ്ക് സംഘം. ഇതിനെ തുടര്‍ന്ന് അധികമായി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്റെയും ജംങ്ഷന്‍ റോഡിന്റെയും പ്ലാനും സ്‌കെച്ചും തെയ്യാറാക്കി കെഎസ്ടിപി സര്‍ക്കാറിന്റെ അനുമതിക്കായി ആറുമാസം മുമ്പ് സമര്‍പ്പിച്ചിരുന്നു. നിലവില്‍ 55 കിലോമീറ്റര്‍ റോഡിന്റെയും ഇരിട്ടി ഉള്‍പ്പെടെ ഏഴ് പാലങ്ങളുടെയും നിര്‍മ്മാണം നടന്നു വരികയാണ്. രണ്ട് റീച്ചായി നടക്കുന്ന നിര്‍മ്മാണത്തിനായി 366 കോടിരൂപയാണ് ലോക ബാങ്ക് അനുവദിച്ചിരിക്കുന്നത്. 

 വാഹനപെരുപ്പവും പാലത്തിന്റെ ഇരുവശങ്ങളിലും പുഴയും കണക്കിലെടുത്താണ് ജംങ്ഷന്‍ വീതികൂട്ടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ തളിപ്പറമ്പ്് ഇരിട്ടി സംസ്ഥാന പായയിലൂടെ വരുന്ന വാഹനങ്ങളും ഉളിക്കല്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും മാടത്തില്‍ ഭാഗത്തുനിന്നും ഇരിട്ടി ടൗണ്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും പാലം ജംങ്ങ്ഷനില്‍ വെച്ചാണ് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് തിരിഞ്ഞുപോകുന്നത്. ഇപ്പോള്‍ തന്നെ പഴയ പാലം ജങ്ഷനില്‍ സതാസമയം ഗതഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. മട്ടന്നൂര്‍ വിമാനത്താവളത്തിന്റെ പൂര്‍ത്തീകരണത്തോടെ കുടക്, മൈസൂരുഭാഗങ്ങളില്‍ നിന്നുള്ളവരും എത്തുന്നതോടെ ഗതാഗത സ്തംഭനം ഏറും. ഇത്തരം പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ജംങ്ങ്ഷന്‍ വീതികൂട്ടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചെങ്കുത്തായി കിടക്കുന്ന സ്ഥലം ഇടിച്ച് നിരപ്പാക്കി വേണം വീതികൂട്ടാന്‍. പാലത്തിന്റെ പൂര്‍ത്തീകരണത്തോടൊപ്പം റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയാകണമെങ്കില്‍ സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാണ് ജനങ്ങള്‍ പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.