ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികം

Monday 9 April 2018 9:40 pm IST

 

കണ്ണൂര്‍: സംസ്ഥാനത്ത് ഇന്നലെ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂരില്‍ ഭാഗികം. പലസ്ഥലങ്ങളിലും കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ ബലമായി കടകളടപ്പിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. 

രാവിലെ നഗരത്തിലെത്തിയ യാത്രക്കാരും വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു. കണ്ണൂര്‍ നഗരത്തില്‍ പ്രകടനമായെത്തിയ സമരാനുകൂലികള്‍ കലക്ടറേറ്റ് പരിസരം, പഴയബസ് സ്റ്റാന്‍ഡ് പരിസരം, ജെ.എസ്.പോള്‍ ജംഗ്ഷന്‍ പരിസരം, മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ കടകള്‍ അടപ്പിച്ചു. പുതിയതെരുവില്‍ തുറന്ന കടകള്‍ രാവിലെ തന്നെ സമരാനുകൂലികള്‍ അടപ്പിച്ചു. ഹര്‍ത്താലിന് പിന്തുണയുമായി ഇരിട്ടിയിലും തളിപ്പറമ്പിലും യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തിറങ്ങി. രാവിലെ പത്തു മണിയോടെ പ്രവര്‍ത്തകര്‍ ഇരിട്ടി ടൗണിലിറങ്ങി വാഹനങ്ങള്‍ തടയുകയും വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും അടപ്പിക്കുകയും ചെയ്തു. കടകള്‍ ബലമായി അടപ്പിക്കുന്നതിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികള്‍ രംഗത്തെത്തിയത് വാക്കേറ്റത്തിനും നേരിയ സംഘര്‍ഷത്തിനും ഇടയാക്കി. ഇരിട്ടി എസ്‌ഐ സജ്ഞയ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ഇരുവിഭാഗങ്ങളേയും പിന്തിരിപ്പിച്ചു. തളിപ്പറമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. തുറന്നു പ്രവര്‍ത്തിച്ച ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ചുകളും ബാങ്കുകളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി അടപ്പിച്ചു. ബസ് തടയാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും ജീവനക്കാരും വ്യാപാരികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പോലീസ് ഇടപെട്ട് തടഞ്ഞു. 

മയ്യിലില്‍ രാവിലെ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും തടഞ്ഞു. എന്നാല്‍ നിറയെ യാത്രക്കാരുമായി വന്ന ബസുകളെ ആ ട്രിപ്പ് പൂര്‍ത്തിയാക്കാന്‍ സമരക്കാര്‍ ചര്‍ച്ചയെ തുടര്‍ന്ന് അനുവദിച്ചു. ചാലോട് നിന്ന് മയ്യിലിലേക്കും മയ്യിലില്‍ നിന്ന് പുറപ്പെടുന്ന ബസുകളുമാണ് മയ്യില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തടഞ്ഞത്. കടകളും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. ഉച്ചയോടുകൂടി ബസ് സര്‍വ്വീസ് ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ അവശ്യം സര്‍വ്വീസ് നടത്തി. അതേസമയം സ്വകാര്യ വാഹനങ്ങള്‍ ഓടി. ഓട്ടോറിക്ഷ, കാര്‍, ലോറി, മറ്റു വാഹനങ്ങളും നിരത്തിലിറങ്ങി. അഴീക്കോട്- കണ്ണൂര്‍ റൂട്ടില്‍ രാവിലെ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയെങ്കിലും പിന്നീട് ഓടിയ ബസ്സുകളുടെ എണ്ണം നാമമാത്രമായി. തളിപ്പറമ്പ്, പഴയങ്ങാടി എന്നിവിടങ്ങളിലും സമരാനുകൂലികള്‍ ബസ്സുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് സര്‍വ്വീസ് തടസ്സപ്പെട്ടു. കടകളും അടപ്പിച്ചു. ശ്രീകണ്ഠാപുരം, നടുവില്‍ ടൗണുകളില്‍ പ്രകടനമായി എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കടകളും സ്ഥാപനങ്ങളും പൂട്ടിച്ചു. അതേ സമയം കൂത്തുപറമ്പ് മേഖലയില്‍ ഹര്‍ത്താല്‍ കാര്യമായി ബാധിഞ്ഞില്ല. കടകളും വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു. വാഹന ഗതാഗതത്തെയും ബാധിച്ചില്ല. കൂത്തുപറമ്പ് മേഖലയില്‍ കൂടുതല്‍ പോലീസിനെയും വിന്യസിച്ചിരുന്നു. പയ്യന്നൂരില്‍ ഹര്‍ത്താലനുകൂലികള്‍ കടകള്‍ അടപ്പിക്കുകയും വാഹനം തടയുകയും ചെയ്തു.

പേരാവൂര്‍, കാക്കയങ്ങാട്, പുന്നാട്, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ യൂത്ത് കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരാണ് നിര്‍ബന്ധിതമായി കടകളടപ്പിച്ചത്. വിവിധ വ്യാപാര സംഘടനാ നേതാക്കള്‍ ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇവരുടെയെല്ലാം സ്ഥാപനങ്ങള്‍ ഇന്നലെ അടഞ്ഞുകിടക്കുകയായിരുന്നു.

ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവെച്ചു. കണ്ണൂര്‍ നഗരത്തില്‍ പ്രകടനമായെത്തിയ സമരാനുകൂലികള്‍ കലക്‌ട്രേറ്റ് പരിസരം, പഴയബസ്സ്റ്റാന്റ് പരിസരം, ജെഎസ് പോള്‍ ജംഗ്ഷന്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ കടകള്‍ നിര്‍ബന്ധിതമായി അടപ്പിച്ചു. മയ്യിലില്‍ സമരാനുകൂലികള്‍ ബസ് തടഞ്ഞതുമൂലം കണ്ണൂരില്‍ നിന്നും മയ്യില്‍ ഭാഗത്തേക്കുള്ള ബസ് ഗതാഗതം സ്തംഭിച്ചിരുന്നു. തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂര്‍, ശ്രീകണ്ഠപുരം, ഇരിക്കൂര്‍, പയ്യാവൂര്‍, ആലക്കോട് തുടങ്ങിയ സ്ഥലങ്ങളിലും സമരാനുകൂലികള്‍ കടകളും സര്‍ക്കാര്‍ ഓഫീസികളും പൂട്ടിച്ചിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.