കിട്ടാക്കടത്തിൻ്റെ അണിയറ ശിൽപ്പികൾ

Tuesday 10 April 2018 3:35 am IST
ദുര്‍നടത്തിപ്പുകളെ ചോദ്യം ചെയ്യാന്‍ ഒരു സര്‍ക്കാര്‍ ഭാവിയില്‍ വരുമെന്ന് അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായത്തോടെ നിയമരാഹിത്യം വഴി സമ്പന്നരായ അന്നത്തെ ബാങ്ക് കടക്കാര്‍ ഒരുപക്ഷേ പ്രതീക്ഷിച്ചിരിക്കില്ല. സമ്മര്‍ദ്ദത്തിനു വഴങ്ങിയും വ്യക്തി നേട്ടങ്ങള്‍ക്കുമായി ഉദാരമായി കടം നല്‍കാന്‍ താല്‍പര്യം കാണിച്ചവര്‍ ഭാവികാലം ഈ രീതിയില്‍ മാറുമെന്ന് പ്രതീക്ഷിച്ചിട്ടുമുണ്ടാകില്ല.
"undefined"

കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകളില്‍ നിന്ന് കടം ലഭിക്കാന്‍ 2009-14 കാലഘട്ടങ്ങളില്‍ ആവശ്യമായ യോഗ്യത അവരുടെ കച്ചവടത്തിന്റെ ബലവും, ഭാവി നിലനില്‍പ്പും ആസ്തിയും മുന്‍കാല നേട്ടവും കടത്തിന്ന് തുല്യമായ ഈടും ആയിരുന്നില്ലെന്ന് ചിലപ്പോള്‍ സംശയിച്ചുപോകും. സ്വാധീനിക്കാന്‍ ആവശ്യമായ ഉരുപ്പടികളും, ചിലരെ സന്തോഷിപ്പിക്കാന്‍ ആവശ്യമായ വഴികളും മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു എന്നാണ് പല സംഭവങ്ങളും ഇപ്പോള്‍ സൂചിപ്പിക്കുന്നത്. കടം എടുക്കുന്ന കാലഘട്ടം മുതല്‍ തിരിച്ചടവില്‍ പിഴവ് വരുത്തുന്നതുവരെയുള്ള ഏത് സാഹചര്യങ്ങളിലും തിരിച്ചടയ്ക്കാന്‍ ആഗ്രഹമില്ലാത്ത വന്‍കിട കടമെടുപ്പുകാര്‍ വന്‍തുക പലര്‍ക്കും സമ്മാനിച്ച കാലമായിരുന്നു അത്. എല്ലാവരുടെ വലയിലും ചാകര നേട്ടം. ലോണ്‍ തട്ടിപ്പ് കാരുടെ വസന്തകാലം. പക്ഷേ അത് 2014ഓടു കൂടി അവസാനിച്ചു.

ദുര്‍നടത്തിപ്പുകളെ ചോദ്യം ചെയ്യാന്‍ ഒരു സര്‍ക്കാര്‍ ഭാവിയില്‍ വരുമെന്ന്  അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായത്തോടെ നിയമരാഹിത്യം വഴി സമ്പന്നരായ അന്നത്തെ ബാങ്ക് കടക്കാര്‍ ഒരുപക്ഷേ പ്രതീക്ഷിച്ചിരിക്കില്ല. സമ്മര്‍ദ്ദത്തിനു വഴങ്ങിയും വ്യക്തി നേട്ടങ്ങള്‍ക്കുമായി ഉദാരമായി കടം നല്‍കാന്‍ താല്‍പര്യം കാണിച്ചവര്‍ ഭാവികാലം ഈ രീതിയില്‍ മാറുമെന്ന് പ്രതീക്ഷിച്ചിട്ടുമുണ്ടാകില്ല.  സര്‍ക്കാര്‍ തലത്തിലും ബാങ്കിന്റെ ഉന്നത തലത്തിലും സ്വാധീനിക്കാന്‍ ശേഷിയുണ്ടായിരുന്ന കേര്‍പ്പറേറ്റുകള്‍ വാണിജ്യ ബാങ്കുകളില്‍ നിന്ന് വലിച്ചുകൊണ്ടുപോയ തുക തിരിച്ചടയ്ക്കുക എന്ന നല്ല ലക്ഷ്യത്തോടെ ആയിരുന്നില്ല. തിരിച്ചടയ്ക്കാന്‍ കെല്‍പ്പുണ്ടായിരുന്നിട്ടും തിരിച്ചടവില്‍ വീഴ്ച വരുത്തിയവരുടെ എണ്ണം വലുതാണ്. അവരില്‍നിന്ന് മാത്രം ബാങ്കുകള്‍ക്ക് തിരികെ ലഭിക്കേണ്ട തുക ഒരു ലക്ഷത്തി പതിനായിരം കോടി രൂപയാണെന്ന് കണക്കാക്കുന്നു.

കച്ചവടത്തില്‍ പെട്ടെന്ന് തലപൊക്കിയവര്‍ അസാധാരണമായ രീതിയില്‍ വന്‍  പദ്ധതികള്‍ ആവിഷ്‌കകരിക്കുന്നു. ആദ്യഭാഗം പൂര്‍ത്തിയാകുന്നതിന്ന് മുന്‍പ് തന്നെ രണ്ടാമത്തെ പദ്ധതിയും ഒരുങ്ങുന്നു; പഴയ കടം തിരിച്ചടയ്ക്കാന്‍ പുതിയ കടം. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നത് അവഗണിക്കാനും പുതിയതായി ഒന്നുകൂടി പരിഗണിക്കാനും ബാങ്ക് ഉന്നതര്‍ക്ക് പാരിതോഷികം. അങ്ങനെ എന്തൊക്കെ സൗകര്യങ്ങളും മായാജാലങ്ങളുമായിരുന്നു ബാങ്കിങ് രംഗത്ത് നടന്നുകൊണ്ടിരുന്നത്. അക്കാലത്ത് കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകളില്‍ നടക്കാത്ത ഇന്ദ്രജാലങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. 'ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി കോഡ്' 2016-ല്‍ നിലവില്‍ വരുന്നതിന്ന് മുന്‍പ് കടം നല്‍കിയ ബാങ്കുകള്‍ക്ക് വസൂല്‍ ചെയ്യാന്‍ വാജ്‌പേയ് സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ഫേയ്‌സി ആക്ട് ഉണ്ടായിരുന്നെങ്കിലും യുപിഎ ഭരണകാലത്ത് വന്‍ കടക്കാര്‍ സ്വാധീനമുപയോഗിച്ച് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി. യുപിഎ സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ എല്ലാ നിയമലംഘനങ്ങളും ന്യായീകരിപ്പെട്ടു, പുനര്‍ വ്യവസ്ഥകള്‍ തയ്യാറാക്കി അനര്‍ഹരായവര്‍ക്ക് തുടര്‍ച്ചയായി കടംനല്‍കുന്നത് തുടര്‍ന്നു. 

കടം അനുവദിക്കാന്‍ അധികാരമുള്ളവര്‍ക്കും അതിന് വിധേയരാകേണ്ടി വന്നവര്‍ക്കും യഥേഷ്ടം കടം ലഭിച്ചവര്‍ക്കും ലാഭം. ബാങ്കുകള്‍ക്കും മൂലധന നിക്ഷേപകര്‍ക്കും നഷ്ടം. സേവന നിക്ഷേപകരെ സംരക്ഷിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചത് മാത്രം ഇപ്പോള്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ആശ്വാസം. പക്ഷേ, നിലവിലുള്ള സാഹചര്യത്തില്‍ കടം നല്‍കിയ ബാങ്കുകള്‍ക്ക് നഷണല്‍ കമ്പനി ലോ ട്രൈബൂണല്‍ (എന്‍സിഎല്‍ടി) വഴി പുതിയ വ്യവസ്ഥ പ്രകാരം കടക്കാരന്റെ ആസ്തികള്‍ വിറ്റ് സമയബന്ധിതമായി കിട്ടാവുന്ന പരമാവധി തുക ഈടാക്കിയേ പറ്റൂ. അതില്‍നിന്ന് രക്ഷപ്പെടാന്‍ പഴയത് പോലെ ബാങ്കുകളിലെ ഉന്നതര്‍ക്ക് കൈമടക്ക് നല്‍കിയോ സര്‍ക്കാര്‍ തലത്തില്‍ സ്വാധീനിച്ചോ പിഴച്ച കടക്കാര്‍ക്ക് ഇപ്പോള്‍ സാധിക്കില്ല.

കരുതല്‍ നടപടി ശക്തമായപ്പോള്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ബാങ്കുകള്‍ യഥാര്‍ത്ഥ കടങ്ങളുടെ കണക്കുമായി പുറത്തുവരേണ്ടി വന്നു. ഒപ്പം റിസര്‍വ് ബാങ്കും കര്‍ക്കശമായ നിബന്ധനകള്‍ പാലിച്ച് കടക്കണക്കുകള്‍ തിട്ടപ്പെടുത്താന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ ഒന്നൊന്നായി കടുത്ത നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. കടം നല്‍കിയ ബാങ്കുകള്‍ കടം കൊണ്ട് പടുത്തുയര്‍ത്തപ്പെട്ട സംരംഭങ്ങള്‍ സംയുക്തമായി വില്‍പ്പനയ്ക്ക് തയ്യാറാക്കിയിരിക്കുകയാണ്.  

കാലാകാലങ്ങളില്‍ ഒന്നുകില്‍ ഒറ്റത്തവണ പരിഹാരം, അതുമല്ലെങ്കില്‍ സര്‍ക്കാരിനെ സ്വാധീനിച്ച് ഒരു പുനര്‍ഘടനവഴി പഴയ കുടിശിക നികത്താന്‍ ഉദാരമായി വീണ്ടും ഒരു കടസഹായം, തിരിച്ചടക്കാന്‍ ആഗ്രഹിക്കാത്ത വ്യവസായികള്‍ ആഗ്രഹിച്ചിരുന്നു. ഇതായിരുന്നു പതിവ് ബാങ്കിങ് ശീലം. വന്‍ തുക കടമായി എടുക്കുന്നവര്‍, ഭൂഷണ്‍ സ്റ്റീല്‍, പ്രകാശ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികള്‍ സിന്റിക്കേറ്റ് ബാങ്കിലെ മുന്‍ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറായിരുന്ന സുധീര്‍ കുമാര്‍ ജെയിനിന് കൈക്കൂലി കൊടുത്ത രീതി അവലംബിച്ചിരിക്കണം. ജെയിന്‍ 2014 ആഗസ്റ്റ് മാസമായിരുന്നു 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയപ്പോള്‍ പിടിക്കപ്പെട്ടത്. തുടര്‍ന്ന് നടന്ന മിന്നല്‍ പരിശോധനയില്‍ ജെയിനിന്റെ വസതിയില്‍ നിന്ന് കണ്ടെത്തിയത് 1.68 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍, ലക്ഷക്കണക്കിന്ന് രൂപയുടെ സ്ഥിരനിക്ഷേപങ്ങള്‍.  തിരിച്ചടവ് അവഗണിക്കാന്‍ ഭൂഷണ്‍ സ്റ്റീലിനോടും പ്രകാശ് ഇന്‍ഡസ്ട്രീസിനോടും ജെയിന്‍ ആവശ്യപ്പെട്ടത് കോടികളായിരുന്നു എന്ന് സിബിഐ കണ്ടെത്തി. പ്രസ്തുത സംഭവത്തില്‍ ജെയിന്‍ കൈക്കൂലി ആയി വാങ്ങിയത് 1.25 കോടി രൂപയായിരുന്നു എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഒപ്പം പ്രകാശ് ഇന്‍ഡസ്ട്രീസ്, ഭൂഷണ്‍ സ്റ്റീല്‍ എന്നീ കമ്പനികളുടെ ഉന്നതരും പിടിക്കപ്പെട്ടു. സിന്റിക്കേറ്റ് ബാങ്കിനകത്തുതന്നെയുള്ള സത്യസന്ധനായ ഉദ്യോഗസ്ഥന്റെ സൂചന കാരണം ബാങ്കിങ് രംഗത്ത് അന്ന് നിലവിലുണ്ടായിരുന്ന പ്രവര്‍ത്തന രീതി അന്വേഷണ അധികാരികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. 

ഇപ്പോള്‍ കടം തിരിച്ച് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പട്ടികയില്‍ ശ്രദ്ധേയമായ ഒരു കമ്പനിയാണ് ഭൂഷണ്‍ സ്റ്റീല്‍. അന്‍പതോളം ബാങ്കുകള്‍ക്കായി ഈ കമ്പനി നിലവില്‍ തിരിച്ചടയ്ക്കാനുള്ളത് എതാണ്ട് 49,000 കോടി രൂപയാണെന്ന് കണക്കാക്കുന്നു.  'ഇന്‍സോള്‍വന്‍സി ആന്റെ ബാങ്ക്‌റപ്റ്റ്‌സി കോഡ്' വഴി നാഷണല്‍ കമ്പനിയുടെ ആസ്തി വില്‍പ്പനക്ക് വെച്ചിരിക്കുന്ന ആറാമത്തെ കമ്പനിയാണ് ഭൂഷണ്‍ സ്റ്റീല്‍.  വില്‍പ്പനക്ക് വെച്ച കമ്പനിയുടെ സ്റ്റീല്‍ പ്ലാന്റുകള്‍ക്ക് ടാറ്റാ സ്റ്റീല്‍ നല്‍കാന്‍ തയ്യാറാകുന്ന പരമാവധി തുക 24,500 കോടി രൂപ. പ്ലാന്റ് വാങ്ങാന്‍ താല്‍പര്യമുള്ള  മറ്റ്  കമ്പനികള്‍ നല്‍കാന്‍ തയ്യാറായ തുക ടാറ്റാ സ്റ്റീല്‍ കാണുന്ന തുകയുടെ ഏകദേശം 40 ശതമാനം കുറവും. 

ഇങ്ങനെ പഴയ സര്‍ക്കാരും അധികാര കേന്ദ്രങ്ങളോട് വിധേയത്വമുള്ള ബാങ്കിങ് മേധാവികളും പടുത്തുയര്‍ത്തിയ ഒട്ടനവധി കൂറ്റന്‍ വ്യവസായശാലകള്‍ പ്രേത രൂപത്തില്‍ പുതിയ മേനേജ്‌മെമെന്റിനെ അന്വേഷിക്കുന്നു. ബാങ്കുകള്‍ക്ക് പുതിയ ചട്ടപ്രകാരം കിട്ടാക്കടം സമയബന്ധിതമായി വസൂലാക്കിയേ മതിയാകൂ.

ജെയിന്‍ കൈക്കൂലി അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഒരിക്കല്‍ അന്നത്തെ സിബിഐ മേധാവി രഞ്ജിത്ത് സിന്‍ഹ പൊതുമേഖലാ ബാങ്കുകളിലെ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ (ഇഡി), ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍ (സിഎംഡി) എന്നീ തസ്തികകളിലേക്കുള്ള നിയമനത്തില്‍ ധാരാളം വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടത് ഓര്‍ക്കേണ്ടതാണ്. പി. ചിദംബരം ധനമന്ത്രി ആയിരിക്കുമ്പോള്‍ 'ശിങ്കിടികളെ' പ്രതിഷ്ഠിക്കാന്‍ നിയമനത്തിലെ മാനദണ്ഡങ്ങള്‍ പലതവണ മാറ്റുകയുണ്ടായി. അതും ശ്രദ്ധേയമാണ്.

സ്റ്റേറ്റ് ബാങ്കും ഐഡിബിഐ ബാങ്കും ഒഴിച്ചുള്ള എല്ലാ പൊതുമേഖലാബാങ്കുകളിലുമുള്ള ജനറല്‍ മാനേജര്‍മാരും (വിരമിക്കാന്‍ നിശ്ചിത സമയം ബാക്കി ഉണ്ടെങ്കില്‍) ഇഡി ആയി നിയമിക്കപ്പെടാന്‍ പ്രാഥമികമായി യോഗ്യതയുള്ളവരാണ്. അതുപോലെ തന്നെ നിശ്ചിത സമയം വിരമിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ ഒരു ബാങ്കിലെ ഇഡി സ്റ്റേറ്റ് ബാങ്ക് ഒഴിച്ചുള്ള ഏത് പൊതുമേഖലാ ബാങ്കിലും സിഎംഡി ആയി നിയമിക്കപ്പെടാം. അപൂര്‍വ്വമായി സ്റ്റേറ്റ് ബാങ്കില്‍ നിന്നും മറ്റ് ചില ബാങ്കുകളില്‍ സിഎംഡി ആയി എത്താറുണ്ട്. അതിന് ഉദാഹരണമാണ് വിജയ് മല്ല്യയ്ക്ക് 2009 ല്‍ ഐഡിബിഐ ബാങ്ക് 950 കോടി കടം നല്‍കിയ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട യോഗേഷ് അഗര്‍വാള്‍. അതിനുമുമ്പ് അഗര്‍വാള്‍ സ്റ്റേറ്റ് ബാങ്കില്‍ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു. ആ കാലഘട്ടത്തില്‍ നിയമനത്തിലെ വ്യാപകമായ ക്രമക്കേട് സത്യസന്ധരായ ബാങ്ക് ഉദ്യോഗസ്ഥന്‍മാരെ ഏറെ അസ്വസ്ഥരാക്കിയിരുന്നു. 

അനര്‍ഹരായവര്‍ നിയമിക്കപ്പെട്ടിരുന്നത്  ഇടനിലക്കാരുടെ സഹായത്തോടെയാണെന്ന സത്യം ബാങ്കുകള്‍ക്കകത്ത് ഉന്നത തലങ്ങളില്‍ പരസ്യമായ രഹസ്യങ്ങളായിരുന്നു. പക്ഷേ, എല്ലാവരും അതിന്ന് മൂകസാക്ഷികള്‍ മാത്രമായിരുന്നു. ചെലവേറിയതും  വിധേയത്ത്വവുമുള്ള നിയമനങ്ങളുടെ പരിണതഫലമാണ് ഇപ്പോള്‍ ബാങ്കുകള്‍ നേരിടുന്ന ഒന്‍പത് ലക്ഷത്തോളം കോടി രൂപയുടെ കിട്ടാക്കടം.  പിടിക്കപ്പെട്ടത് ഒരു ജെയിന്‍ മാത്രമായിരുന്നെങ്കിലും അതുപോലുള്ളവര്‍ ധാരാളം ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നുണ്ട്, ചിലര്‍ ഉപദേശകരായും മറ്റ് ചിലര്‍ ചില കാലങ്ങളില്‍ പല കമ്പനികളുടെ ബോര്‍ഡില്‍ ഡയറക്ടറായും, 'ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായും'.

പൊതുമേഖലാ ബാങ്കുകളില്‍ മുന്നോ അഞ്ചോ വര്‍ഷത്തില്‍ കൂടുതല്‍ കാലം ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്നീ സ്ഥാനത്ത് ഇരിക്കുന്നവരുടെ എണ്ണം പൊതുവേ കുറവായിരുന്നു. പക്ഷെ ജെയിനെപ്പോലുള്ളവര്‍, ആദ്യ നിയമനം അഞ്ച് വര്‍ഷത്തേക്ക് മാത്രമാണെങ്കിലും, വിരമിക്കാന്‍ ഇനിയും സമയം ബാക്കിയുണ്ടെന്ന പേരില്‍ ' എക്സ്റ്റന്‍ഷന്‍' നേടി ഏഴ് വര്‍ഷത്തോളം ആ സ്ഥാനത്ത് കഴിയുമായിരുന്നു. 

എല്ലാക്കാലവും ഇത്തരം സമ്പ്രദായം ചോദ്യചെയ്യപ്പെടാതെ നടന്നുപോകുമെന്ന് കരുതിയ സമ്പന്നര്‍ക്കും പഴയ ശിങ്കിടികള്‍ക്കും തെറ്റ്പറ്റി എന്ന് പറഞ്ഞാല്‍ മതി. പക്ഷേ സര്‍ക്കാര്‍ നിയമം കൊണ്ട് പിടി മുറുക്കിയപ്പോള്‍ പലരും പഴയ രീതി ഉപേക്ഷിച്ചു. കൈക്കൂലികൊണ്ട് 2009 -14 കാലത്ത് യഥേഷ്ടം നടന്നിരുന്ന തിരിച്ചടവ് വീഴ്ച ഒളിപ്പിക്കാന്‍ ഇപ്പോള്‍ സാധിക്കില്ല.  

കുടിശികക്കാരുടെ മുകളില്‍ ആദ്യമായി ശക്തമായ പിടി വീഴുന്നത് 2015 മുതലായിരുന്നു. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരം വാണിജ്യ ബാങ്കുകള്‍ കര്‍ശ്ശന നടപടി സ്വീകരിക്കാന്‍ തുടങ്ങിയെങ്കിലും കുടിശ്ശിക വര്‍ദ്ധനവ് തുടര്‍ന്നു, കാരണം പഴയ രീതിയിലുള്ള 'അഡ്ജസ്റ്റ്‌മെന്റ്' ഇപ്പോള്‍ സാങ്കേതികമായും സാധ്യമല്ല. അതിന്റെ പേരില്‍, സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വഴി അന്വേഷിക്കുന്ന, കുശാഗ്രബുദ്ധിയുള്ളചില സീനിയര്‍ ബാങ്ക് ഉദ്യോഗസ്ഥന്‍മാര്‍ ഇപ്പോഴും നിസ്സാരമായ വീഴ്ചയുടെ പേരിലും ചെറുകിട കമ്പനികളെ പീഡിപ്പിക്കുന്നു. കച്ചവടക്കാരോട് ബാങ്കുകള്‍ ഇപ്പോള്‍ പഴയതുപോലെ ഉദാരമല്ലെന്ന ചിത്രം വരയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

(സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.