വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ വർത്തമാനവും ഭാവിയും

Tuesday 10 April 2018 3:40 am IST

വിദ്യാര്‍ഥികള്‍ പ്രതികരിക്കുന്നത് നല്ലതാണ്, പക്ഷേ പല സമരങ്ങളും ഫലം കണ്ടിട്ടും പരിധികള്‍ മറികടന്നു പൊതുമുതല്‍ നശിപ്പിക്കുന്നതിലേക്കും, രക്തച്ചൊരിച്ചിലിലേക്കും നയിക്കപ്പെടുന്നു. ഇവിടെയാണ് നേതൃത്വത്തിന്റെ സ്വാര്‍ത്ഥലാക്ക് മനസ്സിലാക്കേണ്ടത്. അധ്യാപകന്റെ കൈവെട്ടിയും ക്ലാസ്സ്മുറിയിലിട്ടു വെട്ടിനുറുക്കിയും പ്രകടമാക്കുന്ന പ്രതിഷേധം   സാംസ്‌കാരിക കേരളത്തിന് ഭൂഷണമാണോ? ശവക്കുഴിതോണ്ടിയും, കസേരകത്തിച്ചും തലയില്‍ ബീഫ് കോരിയൊഴിച്ചും മഹാത്മാ ഗാന്ധി സര്‍വകലാശാല മുന്‍  വൈസ്ചാന്‍സലര്‍ ജാന്‍സി ജെയിംസിന്റെ മുഖത്തടിച്ചും, ടി. പി. ശ്രീനിവാസനെപ്പോലെയുള്ള മഹദ്‌വ്യക്തികളെ തെരുവില്‍ കയ്യേറ്റം ചെയ്തും ആവിഷ്‌കാര സ്വാതന്ത്ര്യവും അവകാശങ്ങളും നേടിയെടുക്കാം എന്നുകരുതുന്ന ആധുനിക സമരമുറകള്‍ സംവാദത്തിലൂടെ സമന്വയത്തിന്റെ പുതിയ തലമുറകളെ വാര്‍ത്തെടുക്കുന്നതിനുപകരം, വിദ്വേഷത്തിലൂടെ  ഗുരുത്വദോഷം പേറുന്ന അക്രമികളെ വാര്‍ത്തെടുക്കാനേ ഉതകൂ. അതിലൂടെ എന്തു പുരോഗമനം നടത്താനാണ്  വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്റെ പേരില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നത് എന്നു മനസ്സിലാകുന്നില്ല.

ഇത് സാക്ഷരകേരളത്തിന് ആശാസ്യമല്ല. കാഞ്ഞങ്ങാട് നെഹ്‌റു  കോളേജിലെ  പ്രിന്‍സിപ്പാള്‍ ഡോ.പുഷ്പജയുടെ   ഔദ്യോഗിക യാത്രയയപ്പില്‍ 'ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു' എന്ന തരത്തില്‍ പ്രതികരിച്ച് എത്തിനില്‍ക്കുന്നു ഇന്ന്  നമ്മുടെ വിദ്യാര്‍ത്ഥികള്‍- ഭാവിയുടെ വാഗ്ദാനങ്ങള്‍. ഇവര്‍ അറിയുന്നുണ്ടോ, അറിഞ്ഞോ അറിയാതെയോ ഗുരുശാപത്തിന്റെ പങ്കുകാരാവുകയാണെന്ന്? വിദ്യാര്‍ഥികള്‍ പ്രതികരിക്കണം, പക്ഷേ അത് സാമൂഹിക അനീതിക്കെതിരെ ആയിരിക്കണം. സങ്കുചിതമായ കാഴ്ചപ്പാടുകളുടെ മതില്‍ക്കെട്ടുകള്‍ക്കു പുറത്തുവന്നു നോക്കൂ, സംഘടനാ പ്രവര്‍ത്തനത്തെ, വിദ്യാര്‍ത്ഥി  രാഷ്ട്രീയത്തെ മാറ്റിയെടുക്കൂ, അതാണ് കാലോചിതമായ പരിണാമത്തിനു അത്യന്താപേക്ഷിതമായിട്ടുള്ളത്.

വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് അദ്ധ്യാപകര്‍ക്കുനേരെ ഉണ്ടാകുന്ന മോശമായ പ്രതികരണങ്ങള്‍ക്ക് ഒരുപരിധിവരെ അതേ കലാലയത്തിലെ പല അദ്ധ്യാപകരും, സമാനചിന്താഗതി വച്ചുപുലര്‍ത്തുന്ന മറ്റു കലാലയ അന്തരീക്ഷങ്ങളും, സാംസ്‌കാരിക നായകന്മാരെന്നു അവകാശപ്പെടുന്നവരും ഉത്തരവാദികളാണ്. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ നന്മയുടെ നാമ്പുകള്‍ മുളപ്പിക്കുന്നതിനു പകരം വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുകയാണ് ആവിഷ്‌കാര സ്വാതന്ത്ര്യം എന്നപേരില്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കലാലയങ്ങളില്‍ നടത്തിയ ബീഫ് ഫെസ്റ്റും, ഹൈന്ദവ ദേവതമാരെ അവഹേളിച്ചു നടത്തിയ ചിത്ര രചനകളും, ചുംബനസമരങ്ങളുമൊക്കെ കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യുകയായിരുന്നു എന്ന സത്യം ഇപ്പോള്‍ കേരളസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. സാംസ്‌കാരിക നായകന്മാര്‍ 'സെലക്ടീവ്' ആകുമ്പോള്‍ അവര്‍ ഒരിക്കലും ചിന്തിക്കുന്നില്ല തങ്ങളുടെ പ്രസ്താവനകള്‍ പൊതുസമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന്. അവര്‍  സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനം നശിപ്പിക്കുക മാത്രമല്ല,  സ്വന്തം കുഴിതോണ്ടുക കൂടിയാണ് ചെയ്യുന്നത്. പ്രത്യേകിച്ച്   വരുംതലമുറകളെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്ന  അധ്യാപകര്‍ തങ്ങളുടെ വാക്കും പ്രവൃത്തിയും വിദ്യാര്‍ത്ഥി സമൂഹത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അതില്‍ സംഭവിച്ച പിഴവുകളുടെ പരിണതഫലമാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖല അനുഭവിച്ചുകൊണ്ടിരിക്കുന്നത്.        

വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും  ഒരുപുനര്‍വിചിന്തനം നടത്തുന്നത് നല്ലതാണ്. ക്‌ളാസ്സ്‌റൂമിലോ, കലാലയങ്ങള്‍ക്കു പുറത്തോ, സോഷ്യല്‍ മീഡിയയിലൂടെയോ വിദ്യാര്‍ത്ഥികളുമായി ഇടപഴകുമ്പോള്‍ അവരവരുടെ   അധ്യയന വിഷയങ്ങള്‍ക്കു പുറമെ, സാംസ്‌കാരിക വികാസത്തിനുതകുന്ന  കാര്യങ്ങളില്‍ക്കൂടി ശ്രദ്ധചെലുത്തേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ചെറിയ വിഭാഗം അദ്ധ്യാപകര്‍ ഇതിനൊരപവാദമാണ് . ആ വേദനാജനകമായ സത്യമാണ് അടുത്തകാലത്ത് മഹാരാജാസ് കോളേജില്‍ അരങ്ങേറിയ വിദ്യാര്‍ത്ഥി സമരം സങ്കീര്‍ണ്ണമാക്കി മാറ്റാന്‍ ഇടയാക്കിയത്.  ഇത് ഒരു കലാലയത്തിലെ മാത്രം വിഷയമായി ലഘൂകരിച്ചു കാണേണ്ടതില്ല. ഇന്ന് കലാലയങ്ങളില്‍ അരങ്ങേറുന്ന ഏതു മോശമായ  പ്രവണതകള്‍ക്ക് പിന്നിലും വിദ്യാര്‍ത്ഥികളുടെ മാത്രമല്ല,  ഒരുവിഭാഗം അധ്യാപകരുടെയും, രക്ഷിതാക്കളുടെയും പങ്കുണ്ട് എന്നത് നിഷേധിക്കാനാവില്ല. നിര്‍ഭാഗ്യവശാല്‍ ഇവരെല്ലാം കമ്മ്യൂണിസ്റ്റു  പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ് എന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. 

വ്യവസ്ഥിതിയിലല്ല, മനഃസ്ഥിതിയിലാണ് മാറ്റങ്ങള്‍ ഉണ്ടാവേണ്ടത് എന്ന സത്യം ലോകത്തിനുമുന്നില്‍ അനാവരണം ചെയ്യപ്പെട്ടിട്ടും, അതൊന്നും  മനസ്സിലാക്കാതെ ഇരുട്ടില്‍ തപ്പുകയാണ് അവര്‍ ഇന്നും.  ഏതു രാഷ്ട്രീയത്തില്‍ വിശ്വസിച്ചാലും അതിനെ അദ്ധ്യാപക- വിദ്യാര്‍ത്ഥി ബന്ധങ്ങളില്‍ കൂട്ടിക്കുഴയ്ക്കരുത്. അത് ഗുരുശിഷ്യ ബന്ധത്തെ ദോഷകരമായി ബാധിക്കുകയേ യുള്ളൂ അത്  വിദ്യാര്‍ത്ഥികളെ വിദ്വേഷത്തിലൂടെ നശീകരണത്തിന്റെ പാതയിലേക്ക് നയിക്കുകയേയുള്ളൂ. ഇത് വരുംതലമുറയോട് ചെയ്യുന്ന അനീതിയാണ്. പ്രതികരണശേഷിയുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ രാഷ്ട്രീയം നല്ലതാണ്. എന്നാല്‍ അത് നശീകരണാത്മകം ആവരുത്, ക്രിയാത്മകവും പുരോഗമനാത്മകവും ആയിരിക്കണം വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തിയിലും അങ്ങനെതന്നെയാവണം.            

'ക്രിസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാല്‍ കൃഷ്ണനാം ഭഗവാന്റെ ധര്‍മ്മരക്ഷോപായവും  

ബുദ്ധന്റെ അഹിംസയും, ശങ്കരാചാര്യരുടെ 

ബുദ്ധിശക്തിയും രന്തിദേവന്റെ ദയാവായ്പ്പും, 

ശ്രീഹരിശ്ചന്ദ്രനുള്ള സത്യവും മുഹമ്മദിന്‍ 

സ്ഥൈര്യവും  ഒരാളില്‍ ചേര്‍ന്നൊത്തുകാണണമെങ്കില്‍ 

ചെല്ലുവിന്‍ ഭവാന്മാരെന്‍ ഗുരുവിന്‍ നികടത്തില്‍ 

അല്ലായ്കില്‍ അവിടുത്തെ ചരിത്രം വായിക്കുവിന്‍' 

എന്ന് മഹാകവി വള്ളത്തോള്‍ ഗാന്ധിജിയെ കുറിച്ച് 'എന്റെ  ഗുരുനാഥ'നില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ഇതിലും നല്ലൊരു വിവരണം നല്‍കുക പ്രയാസം ആയിരിക്കും. അഹിംസയുടെയും സ്‌നേഹത്തിന്റെയും സന്ദേശവാഹകരാകേണ്ട ഗുരുജനങ്ങള്‍ ആക്രമണത്തിന്റെ പാതയില്‍ തെരുവിലിറങ്ങുന്നതു ആശാവഹമല്ല.   

അറിവുനേടാന്‍ ദാഹിക്കുന്നവനും, അറിഞ്ഞതിനെ വിമര്‍ശനബുദ്ധിയോടുകൂടി വിശകലം ചെയ്യുന്നവനും സ്വംശീകരിക്കുന്നവനും ആകണം ഒരു വിദ്യാര്‍ത്ഥി. വിമര്‍ശനം അദ്ധ്യയന വിഷയങ്ങള്‍ ആയാലും, ആനുകാലിക വിഷയങ്ങള്‍  ആയാലും സമൂഹനന്മയ്ക്ക് ഉതകുന്നതാകണമെന്ന് ഉറപ്പുവരുത്തുക. അതൊരിക്കലും അക്രമാസക്തമാകാന്‍ പാടില്ല. അങ്ങനെ സമൂഹ മനഃസാക്ഷിയില്‍  മാറ്റങ്ങള്‍ ഉണ്ടാക്കണം. അതിലൂടെ വിപ്ലവകരമായ സാമൂഹിക പരിവര്‍ത്തനം സൃഷ്ടിക്കണം. ഇവിടെ നാം പിന്തുടരേണ്ടത് വയലാര്‍ രാമവര്‍മ്മയെപ്പോലെയുള്ള കവികളുടെ വാക്കുകളെയാണ്. 'സര്‍ഗ്ഗസംഗീതം' എന്ന കവിതയിലൂടെ അദ്ദേഹം ലോകത്തോട് പറഞ്ഞു:

''വാളല്ലെന്‍ സമരായുധം, ഝണ ഝണ

ദ്ധ്വാനം മുഴക്കീടുവാ-

നാള,ല്ലെന്‍ കരവാളുവിറ്റൊരുമണി 

പൊന്‍വീണ  വാങ്ങിച്ചു ഞാന്‍'' .

അക്രമത്തിന്റെ പാതയല്ല വിപ്ലവം. അദ്ധ്യാപകരെ നിന്ദിക്കുന്നതിലൂടെയോ  അക്രമിക്കുന്നതിലൂടെയോ ഒരു മാറ്റവും കൊണ്ടുവരാനാവില്ല. ആ പ്രവണതയെ പൊതുസമൂഹം തിരസ്‌കരിക്കും. അത് ഇരന്നുവാങ്ങുന്ന തോല്‍വിയാകും. വിദ്യാര്‍ത്ഥികള്‍ ആ പാത തിരഞ്ഞെടുക്കരുത്.    

പിന്തുടരുന്ന മാര്‍ഗങ്ങള്‍ പലതാണെങ്കിലും,ആശയങ്ങളുടെ ബഹുസ്വരതയില്‍ നിന്ന് സംവാദത്തിലൂടെ ഏകസ്വരതയുടെ ലക്ഷ്യത്തില്‍ എത്തണം. സമത്വ സുന്ദരമായ നവഭാരത സൃഷ്ടിക്ക് ഏകസ്ഥിതരായി   മുന്നേറാം. അതിനുള്ള മാര്‍ഗം കാട്ടിക്കൊടുക്കുന്നവരാവണം എല്ലാ ഗുരുക്കന്മാരും. അതിന് എന്താണ് ചെയ്യേണ്ടത്?  സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കുകയും, സംവാദത്തിലൂടെ പ്രതിവിധികള്‍ കണ്ടെത്തി സമവായത്തിലൂടെ പരിഹരിക്കുകയും വേണം. 

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന രണ്ടു പ്രധാന  പ്രശ്‌നങ്ങളാണ്  സാമ്പത്തിക അസമത്വവും, ഭീകരവാദവും. യുവതലമുറയ്ക്ക് ഇതിനുരണ്ടിനും പരിഹാരം കാണാന്‍ കഴിയും. സ്വദേശിവല്‍ക്കരണത്തില്‍ ഊന്നിയുള്ള ആഗോളവല്‍ക്കരണത്തിലൂടെ ആഭ്യന്തര വിപണികളെ ശക്തിപ്പെടുത്താനും, വൈദേശിക വിപണികള്‍ കണ്ടെത്തുവാനും സാധിക്കുന്നു. ഇത് ജനങ്ങളുടെ ജീവിതനിലവാരത്തെ പ്രത്യക്ഷമായും പരോക്ഷമായും ഉയര്‍ത്തുകയും അത് രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യും. വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഭീകരവാദം. ആധുനിക ലോകരാഷ്ട്രങ്ങള്‍ ഇന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ നിഴലിലാണ്. ആധുനിക യുവത്വം ഇതിനൊരു പരിഹാരമാവണം . 

ലോകസമാധാനത്തിന് ഉതകുന്ന ചിന്തകളും പ്രവര്‍ത്തനങ്ങളും ആവണം വിദ്യാര്‍ത്ഥി രാഷ്ട്രീയം. അത്തരത്തിലുള്ള ചിന്തകളിലേക്കും പ്രവൃത്തികളിലേക്കും വിദ്യാര്‍ത്ഥികളെ നയിക്കുന്നവരാവണം ഓരോ അധ്യാപകരും. അങ്ങനെയുള്ള ബൗദ്ധികവികാസത്തിനുള്ള പ്രേരണയാവണം ഗുരുശിഷ്യ ബന്ധങ്ങള്‍.               

(പന്തളം എന്‍എസ്എസ്  ഹിന്ദു കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.