നൂറുമേനിയില്‍ തളരുന്ന ബാല്യങ്ങള്‍

Tuesday 10 April 2018 3:45 am IST

പരീക്ഷക്കാലമായാല്‍ എല്ലാവര്‍ഷവും കേള്‍ക്കുന്ന ഒരു പരിദേവനമാണ്, വിദ്യാര്‍ത്ഥിയെ പരീക്ഷക്കിരുത്തുവാന്‍ അനുവദിച്ചില്ല, നിര്‍ബന്ധമായി ടിസി കൊടുത്ത് പറഞ്ഞുവിട്ടു എന്നിവയെല്ലാം. ഈയൊരവസ്ഥക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം രക്ഷിതാക്കളും ഉത്തരവാദികളാണ്. തങ്ങളുടെ മക്കള്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തണമെന്ന മോഹത്തോടെ, മൂന്നു വയസ്സിലേ മക്കളെ പ്രശസ്തമായ സ്‌കൂളുകളിലെത്തിക്കുന്നു. വലിയ തുക അഡ്മിഷന്‍ ഫീസായിവാങ്ങി വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ സ്‌കൂള്‍ അധികൃതരും തയ്യാര്‍. അവര്‍ക്ക് പണമാണ് ആവശ്യം. 

എല്ലാ വര്‍ഷവും അഡ്മിഷന്‍ പുതുക്കി നല്ലൊരു സംഖ്യയും കൈക്കലാക്കി വിദ്യാര്‍ത്ഥിയെ ഹൈസ്‌കൂള്‍ തലംവരെയെത്തിക്കും. തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ബോധം ജനിക്കുന്നത്. ഇവന്‍ പത്താംക്ലാസ് കടക്കില്ല. നൂറുമേനിയുടെ കടയ്ക്കല്‍ കത്തിവയ്ക്കും. ഉടനെ രക്ഷിതാവിനെ വിളിപ്പിച്ച് പറയും ഉടന്‍ ടിസി വാങ്ങി വേറെ സ്‌കൂളില്‍ ചേര്‍ത്തുകൊള്ളണം. സാധാരണ രക്ഷിതാക്കള്‍ പ്രതികരിക്കാറില്ല. നല്ല സ്വാധീനമുള്ള ഏതെങ്കിലും മതസ്ഥാപനത്തിന്റെ സ്‌കൂളായിരിക്കും എന്നതുകൊണ്ടുതന്നെ. 

രക്ഷിതാക്കളുടെ ആഗ്രഹം നിറവേറ്റാന്‍ കഴിയാത്തതിലുള്ള മനഃപ്രയാസംകൊണ്ട് ചില വിദ്യാര്‍ത്ഥികള്‍ ജീവിതംതന്നെ അവസാനിപ്പിക്കും. രക്ഷിതാക്കള്‍ ഒന്നോര്‍ക്കണം, ഒരു മനുഷ്യനെപ്പോലെ വേറൊരു മനുഷ്യന്‍ ഇന്നേവരെ ജന്മമെടുത്തിട്ടില്ല. ബുദ്ധിയും കഴിവും അഭിരുചിയുമെല്ലാം വ്യത്യസ്തമായിരിക്കും. മുന്‍വിധിയോടെ മക്കളുടെ ഭാവി തീരുമാനിക്കരുത്. എല്‍കെജിയും യുകെജിയും ലോവര്‍ പ്രൈമറിയും പിന്നിടുമ്പോള്‍ത്തന്നെ അറിയാം കുട്ടിയുടെ അഭിരുചിയും പഠന മികവും. പ്രശസ്തമായൊരു സ്‌കൂളില്‍ ചേര്‍ത്തതുകൊണ്ടുമാത്രം ഒരു വിദ്യാര്‍ത്ഥിയെ ആഗ്രഹത്തിനൊത്തുയര്‍ത്താന്‍ കഴിയില്ല. 

അധികഭാരം അടിച്ചേല്‍പ്പിക്കുന്നതിലൂടെ കുട്ടിയുടെ മാനസികാവസ്ഥ മുടരിപ്പിക്കാനേ അതുപകരിക്കൂ. സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന സ്‌കൂളുകളിലും പഠിക്കുന്ന എത്രയോ വിദ്യാര്‍ത്ഥികള്‍ ഉന്നതസ്ഥാനത്തെത്തുന്നു. രക്ഷിതാവ് വിഷയം തെരഞ്ഞെടുക്കാതെ വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ച് പഠിക്കാന്‍ അനുവദിക്കുക. ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ നമുക്ക് ഇതിലൂടെ കഴിയും.

കെ. നന്ദകുമാര്‍, 

കൊടകര, തൃശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.