കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങി ഹര്‍ത്താലില്‍ സംഘര്‍ഷത്തിന് ശ്രമം

Tuesday 10 April 2018 2:00 am IST
ദളിത് സംഘടനകള്‍ ആഹ്വനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ പലയിടങ്ങളിലും സംഘര്‍ഷത്തിന് ശ്രമം.

 

കോട്ടയം: ദളിത് സംഘടനകള്‍ ആഹ്വനം ചെയ്ത ഹര്‍ത്താലില്‍  ജില്ലയില്‍ പലയിടങ്ങളിലും സംഘര്‍ഷത്തിന് ശ്രമം. പോലീസ് സുരക്ഷ ഒരുക്കിയെങ്കിലും ഹര്‍്ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കി. സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തിയില്ല. വിവിധ സംഘടനകളുടെ നേതാക്കള്‍ക്ക് അക്രമം ഉണ്ടാക്കിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സൂചിപ്പിച്ച് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. 

ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തുമെന്നയായിരുന്നു കെഎസ്ആര്‍ടിസി പറഞ്ഞത്.എന്നാല്‍ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് പോലീസ് രാവിലെ സര്‍വീസുകള്‍ നടത്തുന്നത് വിലക്കിയെന്ന്  കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. കോട്ടയത്തും ചങ്ങനാശ്ശേരിയിലും കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നില്‍ പോലീസ് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ബസ്സുകള്‍ തടയുമെന്ന ഹര്‍ത്താല്‍ അനുകൂലികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ദീര്‍ഘദൂര ബസ്സുകള്‍ പാതി വഴിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.കോട്ടയം പടിഞ്ഞാറന്‍ ബൈപ്പാസില്‍ പാറച്ചാല്‍ ഭാഗത്ത് വീപ്പകള്‍ മറിച്ചിട്ട് ടാര്‍ റോഡിലൊഴുക്കി. 

കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് വിശ്വസിച്ച എത്തിയ യാത്രക്കാര്‍ ഏറെ വലഞ്ഞു. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയവര്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തനാവാതെ ബുദ്ധിമുട്ടി. കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞുവെങ്കിലും ഹോട്ടലുകള്‍ ഉള്‍പ്പെടെയുളളവ അടഞ്ഞ് കിടന്നു. തുറന്ന വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. കോട്ടയം, ചങ്ങനാശ്ശേരി മേഖലകള്‍ കൂടാതെ ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. ഹൈറേഞ്ച് മേഖലയില്‍ നിന്നുള്ള ബസ്സുകള്‍ മുടങ്ങിയത് ജനങ്ങളെ വലച്ചു. കാഞ്ഞിരപ്പളളി, എരുമേലി, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു. 

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലയില്‍ ഹര്‍ത്താലിനു തുടക്കം കുറിച്ച് പ്രധാന ടൗണുകളില്‍ സംയുക്ത ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. രാവിലെ മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരത്തിലിറങ്ങി സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു. 

തടഞ്ഞിട്ട വാഹനങ്ങള്‍ അപ്പോള്‍ തന്നെ വിട്ടയച്ചു.  മണിമല, മുക്കട, പ്ലാച്ചേരി, കനകപ്പലം തുടങ്ങിയ സ്ഥലങ്ങളില്‍ വിവാഹത്തിനു പോയി തരികെയെത്തിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു മണിക്കൂറോളം സമരക്കാര്‍ തടഞ്ഞിട്ടു. എരുമേലി ടൗണില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹനം തടയാനെത്തിയിരുന്നു. സര്‍വീസ് നടത്താതെ അതുവഴി വന്ന സ്വകാര്യ ബസ് പ്രതിഷേധക്കാര്‍ തടഞ്ഞിട്ടു. പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് ക്യാമ്പ് ചെയ്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.