വീണ്ടും കടമെടുക്കുന്നു; ഇത്തവണ 3,500 കോടി

Tuesday 10 April 2018 4:15 am IST
"undefined"

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. ഇത്തവണ 3,500 കോടിയാണ് കടപ്പത്രം വഴി സമാഹരിക്കുന്ന്. ഇതിനുള്ള വിജ്ഞാപനം ഇന്നലെ ഇറങ്ങി. ലേലം ഇന്ന് മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ് ബാങ്കില്‍ നടക്കും. ജനുവരിയില്‍ 2,000 കോടിയും ഫെബ്രുവരിയില്‍ 1,000 കോടിയും കടമെടുത്തതിനു പിന്നാലെയാണ് ഇത്. 

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കു കാരണം വഴിവിട്ടുള്ള കടമെടുപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റസമ്മതം നടത്തിയിട്ടാണ് വീണ്ടും വന്‍ തോതില്‍ കടമെടുക്കുന്നത്. ജിഎസ്ടിയില്‍നിന്നുള്ള വരുമാനം കുറഞ്ഞതും കേന്ദ്രം നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസവുമാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് പറഞ്ഞത് തെറ്റിയെന്നും ട്രഷറി വഴിയുള്ള തുടര്‍ച്ചയായ കടമെടുപ്പ് കാരണം കേന്ദ്രം കടമെടുപ്പുപരിധി വെട്ടിക്കുറച്ചതാണു പ്രതിസന്ധിയുണ്ടാക്കിയതെന്നും തോമസ് ഐസക് സമ്മതിച്ചിരുന്നു. നാട്ടില്‍ അരക്ഷിതാവസ്ഥയുണ്ടാകരുതെന്ന് കരുതി ഇക്കാര്യം മറച്ചു വെച്ചുവെന്നായിരുന്നു ധനമന്ത്രിയുടെ കുറ്റസമ്മതം.

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 3500 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു എന്നാണ് ഇന്നലെ ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്. പത്തു വര്‍ഷത്തെ കാലാവധിക്കാണ് ഇത്തവണ കടമെടുക്കുക. ജനുവരിയില്‍ എടുത്തത് 15 വര്‍ഷ കാലാവധിക്കായിരുന്നു

സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. ഈ സാമ്പത്തിക വര്‍ഷം 20,402 കോടി രൂപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ കടബാധ്യത വന്‍തോതില്‍ ഉയരുകയാണ്. പത്ത് വര്‍ഷം കൊണ്ട് നാലിരട്ടി വര്‍ധന. 2007-08 വര്‍ഷത്തില്‍ 55,410 കോടി രൂപയായിരുന്ന കടബാധ്യത 2018 ജനുവരി അവസാനമായപ്പോഴേക്കും 2,09,286 കോടിയായി. ആളോഹരി കടബാധ്യത 60,951.രൂപ.

വാര്‍ഷിക പദ്ധതിക്കും കേന്ദ്ര സഹായ പദ്ധതികള്‍ക്കും പകുതിക്കടുത്തുമാത്രം ചെലവഴിക്കുമ്പോളാണ് കടമെടുപ്പ് എന്നത് സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ വീഴ്ചയാണ് വ്യക്തമാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.