സിപിഎം വേട്ട തുടരുന്നു; ജ്യോത്സനയ്ക്കും കുടുംബത്തിനും ഊരുവിലക്ക്

Tuesday 10 April 2018 4:20 am IST
"undefined"

കോഴിക്കോട്: ഗര്‍ഭസ്ഥശിശുവിനെ ചവുട്ടിക്കൊന്നിട്ടും കലിയടങ്ങാത്ത സിപിഎമ്മുകാര്‍ തുടരുന്ന ക്രൂരത സഹിക്കാനാവാതെ കോടഞ്ചേരി വേളാംകോട് സിബി ചാക്കോയും ഭാര്യ ജ്യോത്സ്‌നയും പിഞ്ചുകുട്ടികളുമായി നാടു വിട്ടു. 

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ക്രൂരമായ അക്രമത്തില്‍ സിബിയുടെ ഭാര്യ ജ്യോത്സ്‌നയുടെ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങി ഭീഷണിപ്പെടുത്തിത്തുടങ്ങി. ഇതോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാതെയാണ് സിബിയും ജ്യോത്സ്‌നയും പിഞ്ചുകുട്ടികളുമായി നാടുവിട്ടത്. 

താമരശ്ശേരിയിലെ വാടകവീട്ടിലാണ് ഭയന്നുവിറച്ച കുടുംബം ഇപ്പോള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. വാടക വീട്ടില്‍ നിന്നും തുരത്താനും സിപിഎം ശ്രമം തുടങ്ങി. വീട്ടുടമയെ സമ്മര്‍ദ്ദത്തിലാക്കി വാടകവീടൊഴിപ്പിക്കാനാണ് ശ്രമം. ബ്രാഞ്ച് സെക്രട്ടറി തമ്പിയെ കേസില്‍ നിന്നൊഴിവാക്കണമെന്നാണ് പോലീസിന്റെയും സിപിഎം നേതാക്കളുടെയും ആവശ്യം. എഫ്‌ഐആര്‍ ഉണ്ടെങ്കിലും കുറ്റപത്രത്തില്‍ തമ്പിയുടെ പേരുണ്ടാവില്ലെന്നാണ് പോലീസ് പറയുന്നതെന്ന് സിബി പറഞ്ഞു. തമ്പിയെ ഒഴിവാക്കാമെങ്കില്‍ 65,000 രൂപ നല്‍കാമെന്നും വാഗ്ദാനമുണ്ട്.

വര്‍ഷങ്ങളോളം വാടക വീടുകളില്‍ കഴിഞ്ഞശേഷമാണ് കുടുംബം സ്വന്തം വീടുണ്ടാക്കിയത്. എന്നാല്‍ അവിടെയും താമസിക്കാന്‍ അനുവദിക്കില്ലെന്നാണ് സിപിഎം സമീപനം. തനിക്കെതിരെ കള്ളക്കേസുകള്‍ നല്‍കി പീഡിപ്പിക്കുകയാണ്. കുടിവെള്ളവിതരണം ശരിയാക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനെന്ന് പറഞ്ഞ് ഭീമഹര്‍ജി ഒപ്പിടുവിച്ചതിനുശേഷം അത് തനിക്കെതിരെയുള്ള പരാതിയാക്കിമാറ്റി സിപിഎം നേതാക്കള്‍ പോലീസിനെക്കൊണ്ട് പീഡിപ്പിക്കുകയാണ്. കള്ളക്കേസുകള്‍ നല്‍കി പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഭിന്നശേഷിയുള്ള സ്ത്രീയെ കൈയേറ്റം ചെയ്തുവെന്നും കുടിവെള്ളം മലിനമാക്കിയെന്നുമൊക്കെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്, സിബി പറഞ്ഞു.

ജോലിക്ക് പോകാന്‍ കൂടി കഴിയുന്നില്ല. ഇക്കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ തന്റെ കുടുംബം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതും സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുകയാണ്- സിബി കൂട്ടിച്ചേര്‍ത്തു. 

അതിനിടെ, സിപിഎമ്മില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ അംഗത്വം സ്വീകരിച്ച അമ്പായത്തോട് കാറ്റാടികുന്നുമ്മല്‍ അശോകന്റെ ബൈക്ക് കത്തിച്ചു. സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ രാജന്‍ ഇന്നലെ പുലര്‍ച്ചെയാണ് ബൈക്ക് കത്തിയത് കണ്ടത്. വീട്ടിലെക്ക് ബൈക്ക് കയറ്റാന്‍ കഴിയാത്തതിനാല്‍ അടുത്തുള്ള ഇടവഴിയിലാണ് സ്ഥിരമായി ബൈക്ക് വയ്ക്കാറുള്ളത്. 

അശോകന്റെ വീടും സംഭവസ്ഥലവും ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. താമരശ്ശേരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നായി എണ്‍പതോളം പേര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബിജെപി എംപി വി. മുരളീധരന്‍ പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.