ഹർത്താൽ ഭാഗികം; അങ്ങിങ്ങ് അക്രമം

Tuesday 10 April 2018 4:25 am IST
"undefined"

തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചിലയിടങ്ങളില്‍ പൂര്‍ണ്ണം, ചിലയിടങ്ങളില്‍ ഭാഗികം. ചില സ്ഥലങ്ങളില്‍ അക്രമങ്ങളുമുണ്ടായി. തൃശൂരില്‍  ഹര്‍ത്താലിന്റെ മറവില്‍ ചില ഇസ്ലാമിക തീവ്രവാദ സംഘടനകളാണ് അക്രമം അഴിച്ചുവിട്ടത്.

വലപ്പാട്ട് കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് പോയ ബസിനു നേരെ പുലര്‍ച്ചെ അഞ്ചോടെ കല്ലെറിയുകയായിരുന്നു. തകര്‍ന്ന ചില്ല് തെറിച്ച് ഡ്രൈവര്‍ മനോജ്കുമാറിന്റെ കൈയ്ക്ക് പരിക്കേറ്റു. നാട്ടിക, വലപ്പാട്, ചേലക്കര, ചാവക്കാട് ഭാഗങ്ങളില്‍ എസ്ഡിപിഐക്കാരാണ് പ്രശ്‌നമുണ്ടാക്കിയത്.  

കൊച്ചിയില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ച ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദനെയും കൂട്ടരെയും അറസ്റ്റ് ചെയ്തു. ഹര്‍ത്താല്‍ അവസാനിച്ചതിന് ശേഷം ജാമ്യത്തില്‍ വിട്ടു. കണ്ണൂര്‍ മയ്യില്‍ പറശ്ശിനിറോഡില്‍ സിപിഎമ്മുകാര്‍ ദളിത് സംഘടനാപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. മൂന്ന് ദളിത് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 

കൊല്ലത്ത് ശാസ്താംകോട്ടയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തു. ഭരണിക്കാവില്‍ പോലീസും ഹര്‍ത്താല്‍ അനുകൂലികളും ഏറ്റുമുട്ടി. പട്ടാമ്പിയില്‍ മിന്നല്‍ എക്‌സ്പ്രസ് അടിച്ചുതകര്‍ത്തു. ആലപ്പുഴയില്‍ വാഹനങ്ങള്‍ തടഞ്ഞവരെ കസ്റ്റഡിയിലെടുത്തു. തിരുവല്ലയില്‍ വാഹനങ്ങള്‍ ഉപരോധിച്ചു.  ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മൂന്നാറില്‍ വിടുതലൈ ചിരുതൈ പ്രവര്‍ത്തകര്‍ വിനോദസഞ്ചാരികളെ തടഞ്ഞു. 

പോലീസ് സംരക്ഷണത്തോടെ കെഎസ്ആര്‍ടിസി  നിരത്തിലിറങ്ങുമെന്ന് സര്‍ക്കാര്‍ പറഞ്ഞത് കേട്ടിറങ്ങിയവര്‍ പെരുവഴിയിലായി. പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് ആരംഭിച്ചെങ്കിലും അക്രമം ഉണ്ടായതോടെ അവ നിര്‍ത്തി. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവയും നിരത്തിലിറങ്ങിയില്ല.

എരുമേലിയില്‍ കുടിവെള്ള ലോറികളും തടഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂരില്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞതോടെ സര്‍വീസ് നിര്‍ത്തിവച്ചു. ചാലയില്‍ കടകള്‍ അടപ്പിക്കാനുള്ള ശ്രമം സംഘര്‍ഷം സൃഷ്ടിച്ചു. മലപ്പുറത്തും കോഴിക്കോട്ടും കാര്യമായി ബാധിച്ചില്ല. കോഴിക്കോട് മിഠായി തെരുവില്‍ യൂത്ത് ലീഗുകാര്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. കാസര്‍കോടും വയനാടും ഭാഗികമായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.