കണ്ണൂർ, കരുണ; ജഡ്ജിക്ക് കൊടുക്കാനെന്നു പറഞ്ഞും ലക്ഷങ്ങൾ പിരിച്ചു

Tuesday 10 April 2018 4:30 am IST
"undefined"

തിരുവനന്തപുരം: ജബ്ബാര്‍ ഹാജി എംഡിയായ പ്രസ്റ്റീജ് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റേയും പി.വി. മുഹമ്മദ് ഹാരിഫ് ചെയര്‍മാനായ സേഫ് ഡെവലപ്‌മെന്റ് ആംസ് ട്രസ്റ്റിന്റെ കരുണ മെഡിക്കല്‍ കോളേജിന്റെയും മാനേജ്‌മെന്റുകള്‍ കോടതിയുടെയും ജഡ്ജിയുടെയും പേരിലും കോടികള്‍ കൊയ്തു. തലവരിപ്പണത്തിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്തതു കൂടാതെയാണിത്. 150 വിദ്യാര്‍ത്ഥികളുടെ പ്രവേശനം അനിശ്ചിതത്വത്തിലായതോടെ കോടതിയില്‍ കേസ് നടത്താനെന്നും ജഡ്ജിക്കു നല്‍കാനെന്നും പറഞ്ഞാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പണം തട്ടിയെടുത്തത്. 

മെഡിക്കല്‍ പ്രവേശനം അസാധുവാക്കി ജെയിംസ് കമ്മിറ്റി ഉത്തരവിട്ടപ്പോള്‍ ഇതിനെതിരെ ഹൈക്കോടതയില്‍ ഹര്‍ജി നല്‍കാനായിരുന്നു മാനേജ്‌മെന്റുകള്‍ പണപ്പിരിവ് നടത്തിയത്. 25,000 രൂപ മുതല്‍ ഒരു ലക്ഷം വരെ വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങി. അനുകൂല വിധി സമ്പാദിക്കാന്‍ കേസ് പരിഗണിക്കുന്ന ജഡ്ജിക്കു വരെ പണം കൊടുക്കണം എന്ന് രക്ഷാകര്‍ത്താക്കളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പിരിവ്. പ്രവേശനം എങ്ങനെയും നിയമ വിധേയമാക്കാന്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശത്തോട് രക്ഷകര്‍ത്താക്കള്‍ അനുകൂലിക്കുകയായിരുന്നു.

ജെയിംസ് കമ്മിറ്റി ഉത്തരവ് ഹൈക്കോടതിയും ശരിവച്ചതോടെ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് നടത്തിപ്പിനും പണപ്പിരിവ് നടത്തി. കേസ് നടത്തിപ്പിന്റെ ചെലവെല്ലാം വിദ്യാര്‍ത്ഥികളുടെ തലയില്‍ കെട്ടിവച്ചു. മാനേജ്‌മെന്റുകള്‍ പണം ചെലവഴിക്കാതെയാണ് കേസുകള്‍ നടത്തിയത്. 

വിവാദ മെഡിക്കല്‍ പ്രവേശനം നടത്തിയതിലൂടെ മാനേജ്‌മെന്റുകള്‍ക്ക് ലഭിച്ചത് 75 കോടിയിലധികം രൂപയാണ്. സുപ്രീംകോടതി പ്രവേശനം റദ്ദ് ചെയ്യുകയും നിയമസഭ പാസ്സാക്കിയ ബില്‍ ഗവര്‍ണ്ണര്‍ തടയുകയും ചെയ്തതോടെ ഈ പണം തിരികെ നല്‍കേണ്ടി വരും. അതിനാല്‍ കണ്ണൂര്‍, കരുണ മാനേജ്‌മെന്റ് പ്രതിനിധികള്‍ രക്ഷാകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നില്ല. സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കുന്ന മേയ് ഏഴു വരെ കാത്തിരിക്കാനാണ് അടുത്ത വൃത്തങ്ങളോട് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞിരിക്കുന്നത്. 

എന്നാല്‍ പ്രവേശനം സംബന്ധിച്ച ദുരൂഹത പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ചില രക്ഷകര്‍ത്താക്കള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.