പാറ്റൂര്‍ കേസ്: 4.3 സെന്റ് ഭൂമി കൂടി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവ്

Tuesday 10 April 2018 10:50 am IST

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ കൈവശം വെച്ചിരുന്ന 4.36 സെന്റ് ഭൂമി കൂടി പിടിച്ചെടുക്കാന്‍  ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.  

നേരത്തെ മറ്റൊരു ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 12.279 സെന്റ് ഭൂമി തിരുവനന്തപുരം ജില്ലാ കളക്ടര്‍ പിടിച്ചെടുത്തിരുന്നു.  ഇതോടെ ആകെ 16.635 സെന്റ് പുറമ്പോക്കാണ് കണ്ടെത്തിയിരിക്കുന്നത്. 4.356 സെന്റ് ഭൂമി കൂടി പിടിച്ചെടുക്കുമ്പോള്‍ ആമയിഴഞ്ചാന്‍ തോടിന്റെ കിഴക്കുള്ള ബഹുനില മന്ദിരത്തിന്റെ ഒരു വശം പൊളിക്കേണ്ടിവരും. ഇത് കൂടാതെ വേറെ വ്യക്തികള്‍ കൈയേറി എന്ന് കണ്ടെത്തിയ 1.06 സെന്റ് സ്ഥലം കൂടി എറ്റെടുക്കാനും കോടതി ഉത്തരവിട്ടു. 

ഉത്തരവോടെ കെട്ടിടം കേരള മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍സ് ലംഘിച്ച് നിര്‍മിച്ചതാണെന്ന് വരും. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് ഈ കെട്ടിട സമുച്ചയം അനധികൃത നിര്‍മിതിയായി കാണേണ്ടി വരും. പാറ്റൂര്‍ കേസില്‍ മൂന്ന് ഹൈക്കോടതി വിധികളാണ് നിര്‍ണായകമായത്. 

ഒന്ന് ഫ്‌ളാറ്റ് നിര്‍മ്മാണം സ്റ്റേ ചെയ്ത ലോകായുക്ത ഉത്തരവ് അസ്ഥിരപ്പെടുത്തിയത്. രണ്ട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ റിട്ട് പെറ്റീഷനില്‍ ഹൈക്കോടതി ലോകായുക്തയോട് ആദ്യം സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി എത്ര ഉണ്ട് എന്ന് തിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ടത്. മൂന്ന്  ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് എന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. 

  2014 ലാണ് പാറ്റൂരില്‍  പുറമ്പോക്ക് കൈയേറി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നുവെന്ന് ആരോപിച്ച് ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത്. പ്രാഥമിക അന്വേഷണം തുടങ്ങിയ ലോകായുക്ത നിര്‍മ്മാണം സ്റ്റേ ചെയ്തു. ഇതിനെതിരെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ച് നിര്‍മ്മാണം തുടരാനുള്ള അനുമതി നേടി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ വിജിലന്‍സ് എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ അന്വേഷണ ഉദ്യോഗസ്ഥനായി ലോകായുക്ത നിയമിച്ചിരുന്നു. 

അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം അവസാനിപ്പിച്ച് കേസ് ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. തുടര്‍ന്ന് ഒരു ഇടക്കാല ഉത്തരവിലൂടെ ലോകായുക്ത 12.279 സെന്റ് സ്ഥലം ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും പിടിച്ചെടുക്കുവാന്‍ ഉത്തരവിട്ടു.  ഇതിന് പുറമെയാണ് ഇപ്പോള്‍ 4.356 സെന്റ് സ്ഥലം കൂടി പിടിച്ചെടുക്കുവാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.