ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മുന്‍വിധി വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും ഡിജിപി അറിയിച്ചു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് വി.ഡി സതീശന് എംഎല്‍എ ആവശ്യപ്പെട്ടു. പോലീസ് അതിക്രമത്തെക്കുറിച്ച് പോലീസ് തന്നെ അന്വേഷിക്കുന്നതില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
വരാപ്പുഴയില്‍ ഗൃഹനാഥന് തൂങ്ങി മരിച്ച സംഭവത്തില്‍ പത്താം പ്രതിയായിരുന്നു ശ്രീജിത്ത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടിലുറങ്ങവേ എസ്പിയുടെ പ്രത്യേക പോലീസ് സംഘമെത്തി അറസ്റ്റുചെയ്യുകയായിരുന്നു. വീട്ടില്‍ നിന്നും വലിച്ചിറക്കിയ ശേഷം ഭാര്യയുടെയും മറ്റ് ബന്ധുക്കളുടെയും മുന്നിലിട്ട് ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും തടയാന്‍ ശ്രമിച്ച ബന്ധുക്കളെ പോലീസ് അസഭ്യം പറയുകയും ചെയ്തിരുന്നു. പോലീസ് വാഹനത്തില്‍ വെച്ചും സ്റ്റേഷനില്‍ എത്തിച്ചശേഷവും മര്‍ദ്ദനം തുടര്‍ന്നു.
അടിവയറ്റില്‍ വേദനയും മൂത്രതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് ശ്രീജിത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലീസ് സ്റ്റേഷനില്‍വെച്ച് ശ്രീജിത്ത് പലതവണ ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്രീജിത്തിന്റെ നില അതീവ ഗുരുതരമാവുകയായിരുന്നു.
പോലീസ് മര്‍ദ്ദനമാണ് ശ്രീജിത്തിന്റെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഠിനമായ വയറുവേദനയും മൂത്രതടസവും അനുഭവപ്പെട്ട വിവരം പോലീസിനെ അറിയിച്ചിരുന്നെങ്കിലും വൈദ്യസഹായം നല്കാന് തയ്യാറായില്ല. സംഭവമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ നോര്‍ത്ത് പറവൂര്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴിയെടുത്തിരുന്നു. ഇന്ന് രാവിലെ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി വിട്ടുനല്‍കി.
ഭാര്യ: അഖില. മകള്‍: ആര്യനന്ദ, മാതാവ്: ശ്യാമള. സഹോദരങ്ങള്‍: രഞ്ജിത്ത്.