ന്യൂദല്‍ഹി: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ സൈനികർക്ക് അത്യാധുനിക നിലവാരത്തിലുള്ള ബുളളറ്റ് പ്രൂഫ് ജാക്കറ്റ് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ഒൻപത് വര്‍ഷമായുള്ള സൈനികരുടെ ആവശ്യമാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്എംപിപി പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ ലഭിച്ചത്.
നടപടിയുടെ ഭാഗമായി 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കുള്ള കരാറില്‍ സര്‍ക്കാര്‍ ഒപ്പ് വച്ചു. 639 കോടിയുടെതാണ് ഈ കരാർ. വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ കവചങ്ങള്‍ നിര്‍മ്മിക്കുന്ന വസ്തുവായ ബോറോണ്‍ കാര്‍ബൈഡ് സെറാമിക് ഉപയോഗിച്ചാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുക എന്ന് കമ്പനി വ്യക്തമാക്കി.
അപകട സാധ്യത കൂടിയ സൈനിക ഇടപെടലുകളില്‍ സൈനികരെ സംരക്ഷിക്കാന്‍ ഈ ബുള്ളറ്റ് പ്രൂഫുകള്ക്കാകുമെന്ന് ഇവര്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ജാക്കറ്റുകളും നല്‍കാനാകുമെന്നാണ് കരുതുന്നതെന്ന് എസ്എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: