കുടുക്കാന്‍ പറഞ്ഞത് സിപിഎം; പോലീസിന് വന്‍വീഴ്ച

Wednesday 11 April 2018 3:46 am IST
വീടുകയറി ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്ന് ആത്മഹത്യചെയ്ത വാസുദേവന്റെ ബന്ധുക്കള്‍ തന്നെ തുറന്ന് പറഞ്ഞതോടെ പോലീസിന്റെയും സിപിഎമ്മിന്റെയും കള്ളക്കളി പൊളിഞ്ഞു.

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നിരപരാധിയെ പോലീസ് തല്ലിക്കൊന്നത് സിപിഎം നിര്‍ദ്ദേശപ്രകാരം. കേസിലെ പ്രതികളെ കാട്ടിക്കൊടുത്തതും നിരപരാധിയായ ശ്രീജിത്തിനെ കേസില്‍ ഉള്‍പ്പെടുത്തിയതും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പില്‍ എസ്.ആര്‍. ശ്രീജിത്തി (26)നെയാണ് കേസിലേക്ക് വലിച്ചിഴച്ചതും കസ്റ്റഡിയില്‍ എടുത്ത് തല്ലിക്കൊന്നതും. 

വീടുകയറി ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്ന് ആത്മഹത്യചെയ്ത വാസുദേവന്റെ ബന്ധുക്കള്‍ തന്നെ തുറന്ന് പറഞ്ഞതോടെ പോലീസിന്റെയും സിപിഎമ്മിന്റെയും കള്ളക്കളി പൊളിഞ്ഞു.

വീടുകയറി ആക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് എന്ന് പേരുള്ള മറ്റൊരാളായിരുന്നു ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാണിച്ച പ്രതികളെയാണ് വരാപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. പ്രദേശത്ത് നിലനിന്നിരുന്ന സംഘര്‍ഷം മുതലെടുക്കാന്‍ വേണ്ടി പാര്‍ട്ടി നേതൃത്വം പോലീസിനെ ഉപയോഗപ്പെടുത്തിയതിന്റെ രക്തസാക്ഷികൂടിയാണ് ശ്രീജിത്ത്. ഒരു ഡിവൈഎസ്പിയും രണ്ടു സിഐമാരും ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ പോലീസും വരാപ്പുഴ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ശ്രീജിത്ത് അടക്കമുള്ളവരെ അറസ്റ്റുചെയ്തത്. 

വീട്ടില്‍ നിന്ന് വലിച്ചിറക്കിയ ശേഷം ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചാണ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. സംഭവ സമയത്ത് താനില്ലായിരുന്നെന്നും ആരെങ്കിലും തല്ലിയിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നുമാണ് വരാപ്പുഴ എസ്‌ഐ ജി.എസ്. ദീപക് പറയുന്നത്. പോലീസിനെതിരെ ശക്തമായ നടപടിയുമായി മനുഷ്യാവകാശ കമ്മീഷനും രംഗത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന്‍, കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. 

പറവൂര്‍ മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചു. രാവിലെ പറവൂരില്‍ പ്രകടനം നടത്തിയ ശേഷം വൈകുന്നേരം വരെ ദേശീയ പാത ഉപരോധിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുേമാര്‍ട്ടം നടത്തിവരാപ്പുഴയിലെത്തിച്ച മൃതദേഹം വൈകിട്ട് സംസ്‌കരിച്ചു. അഖിലയാണ് ശ്രീജിത്തിന്റെ ഭാര്യ. ഏകമകള്‍: ആര്യനന്ദ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.