വര്‍ണ്ണങ്ങള്‍ വിരിയിച്ച ഗായത്രിയുടെ ജീവിതം

Wednesday 11 April 2018 2:10 am IST
ആഡംബര ഹോട്ടലുകളിലും പുതിയ വീടുകളിലും ഇന്ന് ചുവര്‍ ചിത്രം ഒരു അവശ്യഘടകമാണ്. ഒരു ചതുരശ്ര അടിക്ക് 2,500 രൂപയാണ് വില. ഇത് കൂടാതെ നെറ്റിപ്പട്ട നിര്‍മ്മാണവും ഗായത്രിക്കുണ്ട്. നെറ്റിപ്പട്ടത്തിനും ആവശ്യക്കാരേറെയാണ്. വിവിധ വിലയില്‍ വിവിധ അളവില്‍ നെറ്റിപ്പട്ടം നിര്‍മ്മിച്ചുനല്‍കുന്നു.
"undefined"

ഗായത്രി ദേവിയുടെ ഒരു ദിനം ആരംഭിക്കുന്നത് വരയില്‍ നിന്നാണ്. വരകള്‍ക്കും വര്‍ണ്ണങ്ങള്‍ക്കും ഇടയില്‍ നില്‍ക്കുമ്പോഴും  ഗ്രായത്രി ഭാര്യയുടേയും അമ്മയുടേയും മകളുടേയും അദ്ധ്യാപികയുടേയും ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റുന്നു.  എങ്ങനെ ഇത്രയും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു എന്ന ചോദ്യത്തിന് ചെറുചിരിയോടെ നിഷ്‌കളങ്കമായ ഉത്തരം-''എല്ലാം ഈശ്വരന്റെ അനുഗ്രഹം''. കോട്ടയം തിരുനക്കര ശാസ്താ നിലയത്തില്‍ ഗായത്രിയുടെ ഒരു പകലാണ് തിരക്കില്‍ അലിഞ്ഞുചേരുന്നത്. 

സംഗീതത്തില്‍ ബിരുദവും, സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദവുമുള്ള ഗായത്രി 2004-ലാണ് വരയിലേക്ക് ചുവടുമാറുന്നത്. ആദ്യം അഭ്യസിച്ചത് ഫാബ്രിക്ക് പെയിന്റിങ്ങാണ്. റീനാ മാര്‍ട്ടിന്‍നാണ് ഗുരു. പിന്നീടാണ് ചുവര്‍ ചിത്രത്തിലേക്ക് തിരിഞ്ഞത്. നാല് ഗുരുക്കന്മാരുടെ ശിക്ഷണത്തില്‍ വിദ്യ അഭ്യസിച്ചു. തിരുവനന്തപുരം സ്വദേശി അജിത്കുമാറില്‍ നിന്നാണ് ചുവര്‍ ചിത്രകലയുടെ സാധ്യത മനസ്സിലാക്കിയത്. വലുതും ചെറുതുമായ കാന്‍വാസുകളില്‍ ജീവനും ജീവിതവും ഇതിഹാസ കഥാപാത്രങ്ങളും പ്രകൃതിയും എല്ലാം ഗായത്രിയുടെ വിരല്‍ത്തുമ്പിലൂടെ ചിത്രങ്ങളായി രൂപാന്തരം പ്രാപിക്കുന്നു. 

ആഡംബര ഹോട്ടലുകളിലും പുതിയ വീടുകളിലും ഇന്ന് ചുവര്‍ ചിത്രം ഒരു അവശ്യഘടകമാണ്. ഒരു ചതുരശ്ര അടിക്ക് 2,500 രൂപയാണ് വില. ഇത് കൂടാതെ നെറ്റിപ്പട്ട നിര്‍മ്മാണവും ഗായത്രിക്കുണ്ട്. നെറ്റിപ്പട്ടത്തിനും ആവശ്യക്കാരേറെയാണ്. വിവിധ വിലയില്‍ വിവിധ അളവില്‍ നെറ്റിപ്പട്ടം നിര്‍മ്മിച്ചുനല്‍കുന്നു. ചെറിയ മുത്തുകള്‍ അതിസൂക്ഷ്മമായി ഘടിപ്പിക്കുന്നത് ശ്രമകരമാണ്. വളരെ ക്ഷമയോടെ ചെയ്യേണ്ട ജോലിയാണിത്. പത്തോളം സ്ത്രീകളാണ് ഈ പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു ദിവസം ആയിരം രൂപവരെ പ്രതിഫലം വാങ്ങുന്നവരുണ്ടെന്ന് ഗായത്രി പറയുന്നു. ഇവരെല്ലാവരും വിധവകളാണ്. ഇവരുടെ ഉപജീവന മാര്‍ഗ്ഗമാണിത്. ഗായത്രി ഒരുക്കിയ ചുവര്‍ ചിത്രങ്ങളും നെറ്റിപ്പട്ടങ്ങളുമാണ് ബംഗളൂരുവിലെയും ഹൈദ്രാബാദിലെയും ആഡംബര ഹോട്ടലുകളുടെ അകത്തളങ്ങള്‍ അലങ്കരിക്കുന്നത്.

തിരുനക്കരയില്‍ ഹാന്‍ഡിക്രാഫ്റ്റ് അക്കാദമി എന്ന പേരില്‍ ഗായത്രി പഠന കേന്ദ്രം നടത്തുന്നു. ചുവര്‍ ചിത്രകല, കൊളാഷ് വര്‍ക്ക്, ഗ്ലാസ് എംബോസിങ്, മെറ്റല്‍ എംബോസിങ്, ജ്വല്ലറി മേക്കിങ്, സാരി ഡിസൈനിങ്, തയ്യല്‍, കുടനിര്‍മ്മാണം എന്നിവയുള്‍പ്പടെ ഇരുനൂറോളം ഇനങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നു. കുട നിര്‍മ്മാണത്തിന് 100 രൂപയാണ് ഫീസ്. ഇവിടെ പഠിക്കാന്‍ വരുന്നവര്‍ സാധാരണക്കാരും കുടുംബിനികളുമാണ്. 

വെറുതെയിരുന്ന് സമയം പാഴാക്കാതെ ഒരു ഉപജീവനമാര്‍ഗ്ഗം തേടാനുള്ള പരിശ്രമത്തിലാണ് ഈ സ്ത്രീകള്‍. സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഒരു വര്‍ഷം നൂറോളം സ്ത്രീകള്‍ പഠിച്ചിറങ്ങുന്നു. പഠിച്ചിറങ്ങുന്നവരില്‍ പകുതിയിലേറെയും ഇതില്‍ നിന്ന് വരുമാനം നേടുന്നുണ്ട്. ചെറുപ്രായത്തിലുള്ളവര്‍ മുതല്‍ 85 വയസ്സുള്ളവര്‍ വരെ ഇവിടെ പഠിക്കാന്‍ എത്തുന്നു.

സോഷ്യല്‍ മിഡിയാ ഗ്രൂപ്പുകള്‍ മുഖേനയാണ് ഗായത്രി വിപണി കണ്ടെത്തുന്നത്. വേള്‍ഡ് നായര്‍ ഓര്‍ഗനൈസേഷന്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മ നല്ല പിന്തുണ നല്‍കുന്നതായി ഗായത്രി ദേവി പറയുന്നു. പുതുതായി തയ്യാറാക്കുന്ന ചിത്രങ്ങളും നെറ്റിപ്പട്ടങ്ങളും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പോസ്റ്റ് ചെയ്യുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് സൃഷ്ടികള്‍ക്ക് കിട്ടുന്നത്. 

ആഗ്രഹവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ ആര്‍ക്കും ജീവിതത്തില്‍ വിജയം നേടാം. ജീവിതത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ തന്നെ പിടിച്ചുനിര്‍ത്തിയത് തന്റെ കലാ പ്രവര്‍ത്തനമാണെന്ന് ഗായത്രി ദേവി. കോട്ടയത്തെ കുട്ടികളുടെ വായനശാലയില്‍ എസ്ബിഐ നടത്തുന്ന തൊഴില്‍ പരിശീലന പരിപാടിയിലെ അദ്ധ്യാപികയാണ് ഗായത്രി ദേവി. ഭര്‍ത്താവ് ജയന്‍ അബുദാബിയില്‍ എഞ്ചിനീയറാണ്. ഏകമകന്‍ രോഹിത്. നെറ്റിപ്പട്ടത്തിനുള്ള ബീറ്റ്‌സ് തയ്യാറാക്കി കൊടുക്കുന്നത് എല്‍കെജി വിദ്യാര്‍ത്ഥിയായ രോഹിത്താണ്. അച്ഛന്‍ വി.എം. കുമാര്‍, അമ്മ എം.എസ്. കുമാരി. കുടുംബാംഗങ്ങളുടെ പ്രോത്സാഹനമാണ് തന്റെ ഊര്‍ജ്ജമെന്ന് ഈ കലാകാരി പറയുന്നു. സമയമില്ലെന്ന് വിലപിക്കുന്ന പലര്‍ക്കും മാതൃകയാണ് ഇന്ന് ഈ വീട്ടമ്മ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.