ആലസ്യം വെടിഞ്ഞ് ജീവിതം ക്രമീകരിക്കുക

Wednesday 11 April 2018 2:12 am IST
സമഷ്ടിതലത്തില്‍ ഇത് കാലഗതിക്കനുസരിച്ച് സംഭവിക്കുമ്പോള്‍ വ്യക്തിതലത്തില്‍ നമുക്ക് ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ സാമര്‍ഥ്യവും സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിരിക്കുന്നു. ആലസ്യം വെടിഞ്ഞ് ആലോചനാശേഷി ഉപയോഗിച്ച് ജീവിതത്തെ ക്രമീകരിച്ചെടുക്കാന്‍ ജാഗ്രത പാലിച്ചാല്‍ യാത്ര നമ്മുടെ നിയന്ത്രണത്തിലാവും. ഇക്കാര്യത്തില്‍ നാം പുലര്‍ത്തുന്ന ഉത്സാഹത്തിന്റെ തീവ്രതയനുസരിച്ച് സമഷ്ടിതലത്തില്‍ നിന്നും അനുകൂലമായ കരുനീക്കം പ്രതീക്ഷിക്കാം.
"undefined"

ജീവിതത്തിനൊരു ലക്ഷ്യമുണ്ട്. 'അസത്തി'ന്റെ സങ്കീര്‍ണ്ണവും വൈവിധ്യം നിറഞ്ഞതുമായ പ്രകടനങ്ങളോടുള്ള താദാത്മ്യത്തെ ജയിച്ച് 'സത്തി' ന്റെ സ്വാസ്ഥ്യത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും, ആനന്ദത്തിലേക്കുമാണ് ജീവന്റെ പ്രയാണം. 'മരണമെന്ന' മാരണമൊഴിഞ്ഞ 'അമൃത'ത്ത്വ ശാന്തിയിലേക്കാണ് യാത്ര.

ഇരുട്ടിന്റെ ആശങ്കകളില്‍ നിന്നും സന്താപങ്ങളില്‍ നിന്നും 'പ്രകാശത്തിന്റെ' ആനന്ദശാന്തിയിലേക്കാണ് ജീവന്റെ കുതിപ്പ്. ഈ പ്രയാണം അനിവാര്യമാണ്.

സമഷ്ടിതലത്തില്‍ ഇത് കാലഗതിക്കനുസരിച്ച് സംഭവിക്കുമ്പോള്‍ വ്യക്തിതലത്തില്‍ നമുക്ക് ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ സാമര്‍ഥ്യവും സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിരിക്കുന്നു.  ആലസ്യം വെടിഞ്ഞ് ആലോചനാശേഷി ഉപയോഗിച്ച് ജീവിതത്തെ ക്രമീകരിച്ചെടുക്കാന്‍ ജാഗ്രത പാലിച്ചാല്‍ യാത്ര നമ്മുടെ നിയന്ത്രണത്തിലാവും. ഇക്കാര്യത്തില്‍ നാം പുലര്‍ത്തുന്ന ഉത്സാഹത്തിന്റെ തീവ്രതയനുസരിച്ച് സമഷ്ടിതലത്തില്‍ നിന്നും അനുകൂലമായ കരുനീക്കം പ്രതീക്ഷിക്കാം.

അലയൊഴിഞ്ഞൊരാഴി ശോഭനമായ ഭാവനയിലേ സാധ്യമാവൂ. അവിരാമം ആഴിയില്‍ അലയടിയുയര്‍ന്നു കൊണ്ടിരിക്കും. 

ഇതുപോലെയാണ് ജീവിതവും. പ്രശ്‌നങ്ങളൊഴിഞ്ഞ അവസ്ഥ അവിടെ പ്രതീക്ഷിക്കുക വയ്യ. പ്രശ്‌നങ്ങളോടുള്ള സമീപന തലത്തില്‍ നമുക്ക് നമ്മുടെതായ നിലപാടെടുക്കാം, ശൈലീഭേദം നിശ്ചയിക്കാം. പ്രശ്‌നങ്ങളുടെ നിരന്തരാഗമനത്തെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള കല്‍പടവുകളായി കാണാന്‍ കഴിയുന്നത് വിവേകമാണ്. പ്രശ്‌നങ്ങളെ നേരിടുന്ന കാര്യത്തില്‍ സഹജമായ സര്‍ഗ്ഗശേഷി വിനിയോഗിക്കാന്‍ ജാഗ്രത പുലര്‍ത്തിത്തുടങ്ങുന്നത് പക്വതയുടേയും പുരോഗതിയുടേയും ലക്ഷണമാണ്.

കളിയെന്നാല്‍ അത് ക്രിക്കറ്റാണെന്ന് കരുതുന്നവര്‍ ഇന്ന് ഏറിവരുന്നു. (എല്ലാ കളികള്‍ക്കും നമ്മെ പലതും പഠിപ്പിക്കാന്‍, യോഗ്യരാക്കാന്‍ സാമര്‍ഥ്യമുണ്ട്. ഈ ആശയം സമാജത്തില്‍ വ്യാപകമായി പ്രചരിക്കേണ്ടതുണ്ട്.) അതുകൊണ്ട് ഉദാഹരണം ക്രിക്കറ്റില്‍ നിന്നാവട്ടെ.  ഒരു ബാറ്റ്‌സ്മാന്‍ തനിക്കെതിരെ കുതിച്ചെത്തുന്ന പന്തുകളെക്കുറിച്ച് പരാതി പറഞ്ഞിരുന്നുകൂടാ. കളിക്ക് പുറത്താവും. വരുന്ന പന്തുകളെ മുറയ്ക്കു കൈകാര്യം ചെയ്യുന്നത്തിന് അനുയോജ്യ ശൈലി പുറത്തെടുക്കാന്‍ കരുത്തും കരുതലും കാണിക്കുകയാണ് വേണ്ടത്. കയ്യില്‍ ബാറ്റുണ്ടെന്ന് കരുതി തലങ്ങും വിലങ്ങും ആഞ്ഞുവീശിയാല്‍ നല്ല കളിയാവില്ല. യുക്തമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള മിടുക്ക് പരിശീലനം കൊണ്ട് സ്വന്തമാക്കുന്നവനാണ് സമര്‍ത്ഥന്‍. ബൗളറുടെ മിടുക്കിനെ കുറിച്ചും ഏറെ പന്തുകള്‍ നേരിടേണ്ടതുണ്ടല്ലോ എന്ന വസ്തുതയെക്കറിച്ചും ആലോചിച്ചു പരിഭ്രമിക്കാന്‍ തുടങ്ങിയാല്‍ ബാറ്റ്‌സ്മാന്റെ നില പരിതാപകരമാവും. 

ജീവിതത്തിലും ഇതുപോലെ നമുക്കു നേരെ പ്രശ്‌നങ്ങള്‍ വന്നു ചേരുന്നു. ഒന്നൊന്നായോ  കൂട്ടമായോ പ്രശ്‌നങ്ങള്‍ വരട്ടെ, തളരാതെ ഓരോന്നും കൈകാര്യം ചെയ്യാനുള്ള കഴിവും അറിവും സര്‍ഗ്ഗശേഷിയും ഉള്ളിലുണ്ടെന്ന ആത്മവിശ്വാസം ഉണര്‍ത്തിയെടുക്കാന്‍ നമുക്കു കഴിയണം. ഇതിനുവേണ്ടുന്ന പരിശീലനം പണ്ട് ഗൃഹാന്തരീക്ഷത്തിലും ഗുരുകുലങ്ങളിലും ലഭ്യമായിരുന്നു. കാലം മാറിയപ്പോള്‍ രീതികളും മാറി. തയ്യാറെടുപ്പില്‍ ശ്രദ്ധയില്ലാത്തവര്‍ പുതിയ സംവിധാനങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തിയെന്നുവരില്ല. പ്രശ്‌നങ്ങള്‍ക്ക് മുന്‍പില്‍ അന്തിച്ചു നിന്നു പോകുന്നവരോ, നേരിടാന്‍ വയ്യെന്ന് ഒളിച്ചോടി പോവുന്നവരോ ഏറിവരുന്നതിനിതാണ് കാരണം.

പ്രശ്‌നങ്ങള്‍ നമ്മെ തളര്‍ത്തുന്നതിന് ഒരു മുഖ്യകാരണം 'ആകെ പ്രശനം' എന്ന് പറയുന്നതാണ്. എന്താണ് പ്രശ്‌നമെന്നതും എത്ര പ്രശ്‌നങ്ങളുണ്ടെന്നും വസ്തുനിഷ്ഠമായി വിലയിരുത്താന്‍ കഴിഞ്ഞാല്‍ അസ്ഥാന ഭയം അകലും, പരിഭ്രമം നീങ്ങും. അതുവഴി അവധാനതയോടെ പ്രശ്‌നത്തെ നേരിടാന്‍ നമുക്കു കഴിയും. ആകെ പ്രശനം എന്ന് പറയുന്നതും ചിന്തിക്കുന്നതും ആരോഗ്യകരമല്ല.  പ്രശ്‌നങ്ങള്‍ക്ക് മുന്‍പില്‍ നാം നിഷ്പ്രഭരായിപ്പോവുന്നതിന് അത് കാരണമാവും.  'വീട്ടില്‍ വൈദ്യുതി പ്രവാഹം നിലച്ചു,  വെള്ളമില്ല, ആകെ പ്രശ്‌നമാണ് ' എന്നൊക്കെ പറയുന്നതില്‍ അതിശയോക്തിയുണ്ട്. ഇവിടെ പ്രശ്‌നത്തെക്കുറിച്ച് കൃത്യമായി വിലയിരുത്താന്‍ കഴിഞ്ഞാല്‍ പരിഹാരം തിരിച്ചറിഞ്ഞ് ചെയ്യാന്‍ സാധിക്കും.

പ്രശ്‌നങ്ങളുടെ പ്രവാഹത്തെക്കുറിച്ച് അസഹിഷ്ണുക്കളാവാതെ, അവ സര്‍ഗ്ഗശേഷിക്കുള്ള ക്ഷണപ്പത്രമായി കാണാന്‍ നമുക്കു കഴിയട്ടെ. വസ്തുനിഷ്ഠമായി വിലയിരുത്തി പരിഹാരം നിര്‍വ്വഹിക്കാന്‍ നമുക്കു സാധിക്കട്ടെ. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പ്രശ്‌നങ്ങള്‍ മാര്‍ഗ്ഗ തടസ്സങ്ങളാവാതിരിക്കട്ടെ. പകരം പാഠവും പ്രചോദനവും പ്രദാനം ചെയ്യട്ടെ.

(അവസാനിച്ചു)

(സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യനാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.