തകര്‍ച്ചയുടെ വക്കില്‍ നടപ്പാലം ഭീതിയോടെ യാത്രക്കാര്‍

Wednesday 11 April 2018 2:00 am IST

 

ചേര്‍ത്തല: നഗരമധ്യത്തിലെ എഎസ് കനാലിന് കുറുകെയുള്ള നടപ്പാലം തകര്‍ച്ചയില്‍. നടപടി എടുക്കാതെ അധികാരികള്‍. സെന്റ് മേരീസ്, പടയണി പാലങ്ങളുടെ നടുക്കായി കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കാനായി കാല്‍നൂറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച പാലമാണ് തകര്‍ന്നു തുടങ്ങിയത്. 

  കോണ്‍ക്രീറ്റ് പടികളോട് ചേര്‍ത്ത് ഇരുമ്പ് ബീമിലാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ദേവീക്ഷേത്രം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ഗവ. താലൂക്ക് ആശുപത്രി, മിനി സിവില്‍ സ്റ്റേഷന്‍, താലൂക്ക്, ഡിവൈഎസ്പി, സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ എത്താനുള്ള എളുപ്പവഴിയാണ് പാലം. 

  ദിവസേന ആയിരക്കണക്കിന് യാത്രികരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. കിഴക്കുഭാഗത്തെ ഗോസായി കോളനിയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തുന്നതിന് ആശ്രയിക്കുന്നത് പാലത്തെയാണ്. 

  പടികള്‍ നിര്‍മ്മിച്ചിട്ടുള്ള ഭാഗം പൊട്ടിത്തകര്‍ന്ന നിലയിലാണ്. ഇരുമ്പ് ബീം ദ്രവിച്ച് പാലത്തിലെ ഷീറ്റുകള്‍ നശിച്ചുതുടങ്ങി. 

  കൈവരികള്‍ തകര്‍ന്നതോടെ നാട്ടുകാര്‍ തടി ഉപയോഗിച്ച് താല്‍ക്കാലിക കൈവരി ഒരുക്കിയിരിക്കുകയാണ്. പടികളോട് ചേര്‍ന്നുള്ള ഭാഗം കാട് പിടിച്ചതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിട്ടുണ്ട്. 

  പാലം അപകടാവസ്ഥയിലായതോടെ ഭീതിയോടെയാണ് ജനങ്ങള്‍ സഞ്ചരിക്കുന്നത്. അറ്റകുറ്റപ്പണി നടത്തി പാലം സഞ്ചാരയോഗ്യമാക്കാന്‍ അധികാരികള്‍ നടപടി കൈക്കൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.