മരുഭൂമിയാക്കപ്പെടുന്ന കേരളം

Wednesday 11 April 2018 2:20 am IST
"undefined"

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വളവുകളില്ലാതെ 510 കിലോമീറ്റര്‍ അതിവേഗ ഇരട്ടപ്പാത 60 മാസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയാണ് ഈ കത്തിനാധാരം. ഈ പദ്ധതി നടപ്പാകുന്നതോടെ കേരളത്തിന്റെ തെക്ക്-വടക്ക് മറികടക്കാന്‍ നാലു മണിക്കൂര്‍ മതിയാകുമത്രേ. ഈ റെയില്‍പ്പാതയ്ക്കുവേണ്ടി പത്ത് ജില്ലകളില്‍നിന്നായി 3000 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ഈ പദ്ധതിയുടെ മൊത്തം ചെലവ് 46769 കോടി രൂപയാണ്. ഈ തുക വിദേശവായ്പ എടുത്താണ് സംഘടിപ്പിക്കുന്നത്. ഇനിയും കുടിയിറക്ക് നോട്ടീസ് കിട്ടുമ്പോഴേ നാട്ടുകാര്‍ വിവരമറിയുകയുള്ളൂ.

കഴിഞ്ഞ കുറേ ദിവസങ്ങളായി നിര്‍ദ്ദിഷ്ട ദേശീയപാതാ വികസനത്തിനായി കുടിയിറക്ക് നടത്തുന്നതിന്റെ വാര്‍ത്തകള്‍ കേട്ടുവരികയാണ്. റോഡുനിര്‍മ്മാണ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും പട്ടാളവുമെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുള്ളതായി അറിയുന്നു. കുടിയിറക്കപ്പെടുന്നവരുടെ അതിജീവനത്തിനായുള്ള സമരത്തെ സര്‍ക്കാര്‍ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പമല്ല എന്നതുതന്നെ.

'വികസന'ത്തിന്റെ പേരില്‍ കുന്നും മലയും ഇടിച്ചുനിരത്തിയും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും കേരളത്തിന്റെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന ഈ രണ്ട് പദ്ധതികളും കൂടാതെ മറ്റൊരു പദ്ധതിയും സര്‍ക്കാര്‍ തയ്യാറാക്കിവരുന്നതായി അറിയുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 590 കിലോമീറ്റര്‍ നീളത്തില്‍ ഹരിത ഇടനാഴി നിര്‍മ്മിക്കുക എന്നതാണ് പുതിയ പദ്ധതി. ഇതിനുവേണ്ടി 24040 കുടുംബങ്ങളെയാണത്രേ കുടിയൊഴിപ്പിക്കേണ്ടിവരിക.

കേരളത്തെ പണയംവച്ചുകൊണ്ടുള്ള ഇത്തരം 'അതിവേഗ വികസനം' ആര്‍ക്കുവേണ്ടിയാണ്. കേരളത്തിലെ അതിസമ്പന്നരായ ചുരുക്കം ചിലരുടെ സുഖയാത്രയ്ക്കുവേണ്ടിയാണ് ലക്ഷക്കണക്കിന് ആളുകളെ തെരുവാധാരമാക്കുന്നത്. കിഴക്കന്‍ മലകളിലെ കുട്ടികള്‍ ജീപ്പ്‌റോഡുപോലുമില്ലാത്തതുകൊണ്ട് കാട്ടുവഴിയേ എട്ടും പത്തും മൈല്‍ നടന്നാണ് സ്‌കൂളില്‍ പോകുന്നത്. അട്ടപ്പാടിയിലേയും മറ്റും വനവാസി കോളനികളില്‍ പട്ടിണിമരണങ്ങള്‍ സംഭവിക്കുന്നു. അങ്ങനെയുള്ള ദരിദ്രനാട്ടിലാണ് സമ്പന്നരാജ്യങ്ങളില്‍പ്പോലുമില്ലാത്ത ഇടനാഴികള്‍ പണിയുന്നത്. എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ വികസനവിരുദ്ധരായി സര്‍ക്കാര്‍ മുദ്രകുത്തുന്നു; അടിച്ചമര്‍ത്തുന്നു. നീറോയുടെ വീണവായന- അല്ലാതൊന്നും പറയാനില്ല.

വി.എസ്. ബാലകൃഷ്ണപിള്ള, 

മണക്കാട്, തൊടുപുഴ

ഇടതുസര്‍ക്കാരും പണഭക്തരും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആയിരം രൂപയ്ക്ക് പ്രതേ്യക ദര്‍ശനം അനുവദിക്കുന്നത് ഭക്തരെ അവഹേൡക്കുന്നതിന് തുല്യമാണ്. ശബരിമലയില്‍ പരീക്ഷിച്ച, സര്‍ക്കാരിന്റെ ഖജനാവ് പോഷിപ്പിക്കാനുള്ള  ഈ നയം  കേരളത്തിലെ തിരക്കുള്ള മറ്റ് ക്ഷേത്രങ്ങളിലും വ്യാപിപ്പിക്കുന്നതിന്റെ തെളിവാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലും 'പണഭക്ത ദര്‍ശനം'- വിപുലപ്പെടുത്തുന്നത്. 

ഖജനാവിന്റെ വരുമാനം ഉയര്‍ത്താനും സര്‍ക്കാരിനെ സാമ്പത്തികനഷ്ടത്തില്‍നിന്ന് കരകയറ്റാനുമുള്ള  കുറുക്കുവഴി മാത്രമാണിത്. ഗുരുവായൂരപ്പന് പണക്കാരനേക്കാളും പാവപ്പെട്ടവനാണ് പ്രധാനപ്പെട്ടതെന്ന് ഇടതുപക്ഷ സഹയാത്രികര്‍ക്കും അധികാരത്തിലിരിക്കുന്നവര്‍ക്കും അറിയില്ലെങ്കില്‍ ശ്രീകൃഷ്ണ-കുചേല സ്‌നേഹബന്ധത്തിന്റെ കഥ ഒരുതവണയെങ്കിലും വായിച്ചുനോക്കണം.

ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് പ്രചരിപ്പിച്ചവര്‍ പണത്തിനുവേണ്ടി മാത്രമാണ് ഇപ്പോള്‍ കാണിക്കുന്ന പരിഷ്‌ക്കാരങ്ങളെന്ന് ഏത് ഭക്തര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. പണമുള്ളവന് എല്ലാം ആദ്യം എന്നത് സവര്‍ണ്ണാധിപത്യത്തിന് പരവതാനി വിരിക്കുന്നതിനു തുല്യം. പാവപ്പെട്ടവന്റെ സര്‍ക്കാര്‍, ക്ഷേത്രങ്ങളില്‍ പാവപ്പെട്ടവനെഭക്തിയുടെ മറവില്‍ വേര്‍തിരിച്ച് പരിഹസിക്കുന്ന കാഴ്ച കണ്ട് നാളെ ഇടതുസഹയാത്രികര്‍ കവിതയെഴുതും. അങ്ങനെ ഹിന്ദുവിനെ അവിടെയും പരിഹസിച്ച് സംസ്‌കൃതിയുടെ അടിവേര് ഇളക്കാമെന്ന വ്യാമോഹവും ഇതിന്റെ രഹസ്യ അജണ്ടതന്നെ.

സര്‍ക്കാരിന് പണം ലഭിക്കുന്ന ശക്തമായ മൂന്ന് സ്രോതസ്സുകളാണുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മദ്യം. പിന്നീട് വരുന്നത് േലാട്ടറിയും ദേവസ്വവുമാണ്. ഈ മൂന്ന് ഉറവിടങ്ങളില്‍നിന്നും പരമാവധി പണം സ്വരൂപിക്കാനുള്ള തത്രപ്പാടിലാണ് ഇടതുപക്ഷ സര്‍ക്കാര്‍.

ക്ഷേത്രങ്ങളില്‍ പണത്തിന്റെ പേരില്‍ വിഭജനം നടത്തുന്നത് ഒരര്‍ത്ഥത്തില്‍, ജാതീയത തിരിച്ചുകൊണ്ടുവരുന്നതിനുള്ള നീക്കമായി കാണുന്നതില്‍ തെറ്റില്ല.

കെ.എം. രാജേഷ് ഗോപാല്‍, കണ്ണൂര്‍

 

എന്തിനീ വിവേചനം?

ഭക്തരെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് സമ്പന്നര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിക്കൊടുക്കുന്ന ഇപ്പോഴത്തെ ഏര്‍പ്പാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഭഗവാന് ധനവാനും ദരിദ്രനുമെല്ലാം ഒരുപോലെതന്നെ. ഭഗവാന്റെ സതീര്‍ത്ഥ്യനായ കുചേലനെ മറക്കരുത്! ഈ വിവേചനം മാപ്പര്‍ഹിക്കുന്നതല്ല. ഭഗവാന്‍ പൊറുക്കില്ല!

എം. ശ്രീധരന്‍, വരവൂര്‍, തൃശൂര്‍

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.