മുംബൈ: നീരവ് മോദിയുടെ യുകെയിലുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ കത്തയയ്ക്കാന്‍ സിബിഐ പ്രത്യേക കോടതി അനുമതി നല്കി. ലണ്ടനിലുള്ള ബാര്‍ക്ലൈസ് ബാങ്ക് അക്കൗണ്ടാണ് മരവിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അക്കൗണ്ടില്‍ 12 ലക്ഷം പൗണ്ടും 1,244 യുഎസ് ഡോളറുമാണ് ഉള്ളത്. പൗണ്ടിന് 12 കോടി രൂപയും യുഎസ് ഡോളര്‍ 80,000 രൂപയും മൂല്യമുണ്ട്.
യു.കെയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ അനുമതി തേടി സിബിഐ പ്രത്യേക കോടതിക്കു മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി അംഗീകരിച്ച കോടതി പണം തിരികെ പിടിക്കാന്‍ കത്തയയ്ക്കാനുള്ള അനുമതി നല്‍കുകയായിരുന്നു. പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്.ആര്. തംബോലിയാണ് ലെറ്റര്‍ റെഗേറ്ററിക്ക് (ഒരു രാജ്യത്തെ കോടതിയില്‍ നിന്നും, മറ്റൊരു രാജ്യത്തെ കോടതിയിലേക്ക് നിയമം നടപ്പാക്കുവാന്‍ സഹായിക്കാനുള്ള നിയമപ്രകാരമുള്ള അപേക്ഷ) അനുമതി നല്‍കിയത്.
ബാങ്കിന് നീരവ് മോദിയുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ താല്പര്യമില്ലെന്നും അതിനാല്‍ പണം തിരികെ നല്കാന് ബാങ്ക് ശ്രമിക്കുന്നതായും അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ പണം തിരികെ ഇന്ത്യയിലെത്തിക്കാനാണ് അധികൃതരുടെ ശ്രമം.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,346 കോടി രൂപ തട്ടിപ്പ് നടത്തിയ നീരവ് മോദിയും കുടുംബവും ജനുവരിയില്‍ രാജ്യം വിട്ടിരുന്നു. ബയേഴ്സ് ക്രെഡിറ്റ് സംവിധാനം ഉപയോഗിച്ചാണ് ആയിരക്കണക്കിന് കോടി രൂപ തട്ടിച്ച് നീരവ് മോദി രാജ്യം വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: