കാംകോയ്ക്ക് നടപ്പുസാമ്പത്തിക വര്‍ഷം നാലുകോടി ലാഭം

Tuesday 10 April 2018 11:49 pm IST

കൊച്ചി: കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) നടപ്പുസാമ്പത്തിക വര്‍ഷം നാലുകോടി ലാഭം ഉണ്ടാക്കിയതായി ചെയര്‍മാന്‍ പി. ബാലചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.7 കോടിയുടെ വിറ്റുവരവുണ്ടായി.  48 കോടി രൂപ കമ്പോളത്തില്‍ നിന്ന് പിരിച്ചെടുത്തു. ഈ സാമ്പത്തിക വര്‍ഷം 156 കോടിയുടെ വിറ്റുവരവുണ്ട്. കൊയ്ത്തുയന്ത്രങ്ങളുടെ വില്പനയില്‍ 50 ശതമാനത്തിലധികം വില്‍പ്പന വര്‍ധിച്ചു. 

കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് സുതാര്യമായ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചു സ്‌പെയര്‍ പാര്‍ട്‌സുകളടക്കം വാങ്ങാന്‍ നടപടി കൈകൊണ്ടു. മുന്‍കാല വാങ്ങല്‍ രീതിയില്‍ നിന്ന് ടെണ്ടറിലേയ്ക്ക് പെട്ടെന്ന് മാറുന്നത് എട്ടുമാസത്തോളം കമ്പനി ലേ ഓഫ് ചെയ്യുന്നതിലേയ്ക്ക് വഴിവെയ്ക്കുമായിരുന്നു. ഇത് ഒഴിവാക്കുന്നതിന് സിഎജി അനുമതിയോടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ പഴയ സമ്പ്രദായം തുടരാന്‍ അനുമതി വാങ്ങിയതായി ബാലചന്ദ്രന്‍ പറഞ്ഞു. 

മധ്യപ്രദേശ്, ആസാം, ബിഹാര്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കാംകോ ഉപകരണങ്ങള്‍ കൂടുതല്‍ വാങ്ങുന്നത്. ചൈന ഉത്പന്നങ്ങളില്‍ നിന്ന് ഭീഷണി ഉയരുമ്പോഴും മികച്ച വില്‍പ്പന നടത്താന്‍ കമ്പനിക്ക് കഴിഞ്ഞു. പവര്‍ടില്ലര്‍, പവര്‍ റീപ്പര്‍, ഗാര്‍ഡന്‍ ടില്ലര്‍, മിനി ട്രാക്ടര്‍, ബ്രഷ് കട്ടര്‍, പമ്പ്‌സെറ്റ് എന്നീ ഉത്പന്നങ്ങളാണ് വിപണിയില്‍. കമ്പനിയുടെ വിറ്റുവരവില്‍ 25 ശതമാനം വര്‍ധന ഉണ്ടാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പവര്‍ റീപ്പറിന് ശതമാനം വിപണി വിഹിതം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഉത്പാദനം ഇരട്ടിയാക്കും. 

നവീകരണത്തിന് ഇരുപത്തിനാലു കോടി രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ബാലചന്ദ്രന്‍ പറഞ്ഞു. എംഡി സുരേഷ്, ജനറല്‍ മാനേജര്‍മാരായ സതീഷ്‌കുമാര്‍, ജോളി തോമസ് ഫിനാന്‍സ് മാനേജര്‍ ഇ.കെ. മാധവന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.