എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ജോയ് ആലുക്കാസ് വില്ലേജ് ഒരുങ്ങുന്നു

Tuesday 10 April 2018 11:50 pm IST

കൊച്ചി: കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. അഞ്ച് ഏക്കറോളംസ്ഥലത്ത് 36 വീടുകളാണ് നിര്‍മിക്കുന്നത്. 

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് ജോയ് ആലുക്കാസ് വില്ലേജിന്റെ നിര്‍മ്മാണം. 600 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഓരോ വീടിനും 10 സെന്റ സ്ഥലമാണ് അനുവദിച്ചിട്ടുള്ളത്. രണ്ട് കിടപ്പുമുറി, അടുക്കള, ശുചിമുറി, ഹാള്‍ എന്നിവയടങ്ങിയ ഓരോ വീടിനും ആറ് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2.5 കോടിയോളം രൂപ ചെലവുവരുന്ന ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്  2018 ജനുവരിയിലാണ്. നാലു മാസസത്തിനു ശേഷം ഗൃഹപ്രവേശം സാധ്യമാകുമെന്നാണ് പ്രതീക്ഷ.

ശ്രീ സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ 'സായിപ്രസാദം' പദ്ധതിയുടെ ഭാഗമായിട്ടാണ് ജോയ് ആലുക്കാസ് വില്ലേജ് രൂപംകൊള്ളുന്നത്. വീടുകള്‍ക്ക് പുറമെ അംഗന്‍വാടി, ബാലഭവന്‍, കുട്ടികളുടെ പാര്‍ക്, മിനി തിയേറ്റര്‍, ആരോഗ്യകേന്ദ്രം എന്നിവയും ഈ ഗ്രാമത്തിലുണ്ടാകും. സര്‍ക്കാര്‍ അംഗീകരിച്ച പട്ടികയില്‍ നിന്നാണ് 36 കുടുംബങ്ങളെ തെരഞ്ഞെടുക്കുന്നത്. സായിപ്രസാദം പദ്ധതിയിലെ രണ്ടാമത്തെ ഗ്രാമമായിരിക്കും ജോയ് ആലുക്കാസ് വില്ലേജ്.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍. മാസം തോറും നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളിലൂടെ രോഗികള്‍ക്ക് സൗജന്യ മരുന്നുകള്‍, കണ്ണടകള്‍, തിമിര ശസ്്രതക്രിയ എന്നിവക്കു പുറമെ തുടര്‍ ചികിത്‌സ, ശസ്ത്രക്രിയ എന്നിവക്കുള്ള സാമ്പത്തിക സഹായവും നല്‍കിവരുന്നുണ്ട്. 

അഭയകേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എന്നിവയ്ക്കും ഫൗണ്ടേഷന്റെ തുടര്‍ച്ചയായ സാമ്പത്തികഹായങ്ങള്‍ ലഭിക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.