ട്രംപും എഫ്ബിഐയും തുറന്ന പോരില്‍

Wednesday 11 April 2018 2:23 am IST
വൈറ്റ്ഹൗസില്‍ അടിയന്തിര യോഗം വിളിച്ചു. അക്ഷരാര്‍ഥത്തില്‍ ഇത് രാജ്യത്തിനെതിരായ യുദ്ധപ്രഖ്യാപനമാണെന്നാണ് ട്രംപ് പ്രതികരിച്ചത്. തനിക്കെതിരായി കുറച്ചു കാലമായി തുടരുന്ന ഗൂഢാലോചനയുടെ ഭാഗമാണ് റെയ്ഡ്. ഞാനും എന്റെ ഭരണകൂടവും എന്തിനു വേണ്ടി നിലകൊള്ളുന്നുവോ അതെല്ലാം അട്ടിമറിക്കാനുള്ള നീക്കമാണിത്, ട്രംപ് പറഞ്ഞു.
"undefined"

വാഷിങ്ടണ്‍: അമേരിക്കയില്‍ ഭരണകൂടവും രഹസ്യാന്വേഷണ ഏജന്‍സിയും നേര്‍ക്കു നേര്‍ പോരാട്ടത്തിനിറങ്ങിയപ്പോള്‍ അസാധാരണ സാഹചര്യം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിഭാഷകന്‍ മൈക്കിള്‍ കോഹന്റെ ഓഫീസ് റെയ്ഡ് ചെയ്ത് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) രേഖകള്‍ പിടിച്ചെടുത്തു.  ഇത് രാജ്യത്തിനെതിരായ യുദ്ധപ്രഖ്യാപനം എന്ന രൂക്ഷമായ പ്രതികരണവുമായി ട്രംപ് തന്നെ രംഗത്തെത്തി. സ്വന്തം രഹസ്യാന്വേഷണ ഏജന്‍സിക്കെതിരെ പ്രസിഡന്റു തന്നെ രംഗത്തു വരുന്ന വിചിത്രമായ കാഴ്ചയാണ് അമേരിക്കയില്‍ ഇപ്പോള്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനായി റഷ്യ ഇടപെട്ടു എന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക അഭിഭാഷകന്‍ റോബര്‍ട്ട് മുള്ളറിന്റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. തെരഞ്ഞെടുപ്പു സമയത്ത് ട്രംപും മൈക്കിള്‍ കോഹനും തമ്മില്‍ നടന്ന ആശയ വിനിമയത്തിന്റെ നിരവധി രേഖകള്‍ എഫ്ബിഐ പിടിച്ചെടുത്തു. 

ഇത് ട്രംപിനെ ചൊടിപ്പിച്ചു. വൈറ്റ്ഹൗസില്‍ അടിയന്തിര യോഗം വിളിച്ചു. അക്ഷരാര്‍ഥത്തില്‍ ഇത് രാജ്യത്തിനെതിരായ യുദ്ധപ്രഖ്യാപനമാണെന്നാണ് ട്രംപ് പ്രതികരിച്ചത്. തനിക്കെതിരായി കുറച്ചു കാലമായി തുടരുന്ന ഗൂഢാലോചനയുടെ ഭാഗമാണ് റെയ്ഡ്. ഞാനും എന്റെ ഭരണകൂടവും എന്തിനു വേണ്ടി നിലകൊള്ളുന്നുവോ അതെല്ലാം അട്ടിമറിക്കാനുള്ള നീക്കമാണിത്, ട്രംപ് പറഞ്ഞു.

എഫ്ബിഐയുടെ റെയ്ഡ് തെരഞ്ഞെടുപ്പു പ്രശ്‌നത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല എന്നും സൂചനയുണ്ട്. അശ്ലീല സിനിമകളിലെ നായിക സ്‌ട്രോമി ഡാനിയല്‍സുമായുള്ള ട്രംപിന്റെ ബന്ധം മറച്ചു വെയ്ക്കാന്‍ നടത്തിയ നീക്കങ്ങളുടെ രേഖകളും പിടിച്ചു എന്നാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ബന്ധത്തെക്കുറിച്ചു പുറത്തു പറയാതിരിക്കാന്‍ തനിക്ക് ട്രംപിന്റെ അഭിഭാഷകനായ കോഹെന്‍ 1,30,000 ഡോളര്‍ നല്‍കിയെന്ന് സ്‌ട്രോമി വെളിപ്പെടുത്തിയിരുന്നു. ഈ പണമിടപാടു സംബന്ധിച്ച ചില രേഖകള്‍ കോഹെന്റെ ഓഫീസില്‍ നിന്നു എഫ്ബിഐ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഹെന്‍ സ്ഥിരമായി താമസിക്കുന്ന ഹോട്ടല്‍ മുറിയിലും എഫ്ബിഐ സംഘം തെരച്ചില്‍ നടത്തി. ന്യൂയോര്‍ക്കിലെ യുഎസ് അറ്റോര്‍ണി ഓഫിസിന്റെ വാറന്റ് നേടിയാണ് എഫ്ബിഐ റെയ്ഡു നടത്തിയത്. ട്രംപ്-റഷ്യന്‍ ബന്ധത്തെക്കുറിച്ച് നിര്‍ണായക തെളിവുകള്‍ റോബര്‍ട്ട് മുള്ളര്‍ക്ക് ലഭിച്ചതിന്റെ സൂചനയാണ് റെയ്ഡ് എന്നാണ് അമേരിക്കയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.