കന്നുകാലി കശാപ്പ് നിയന്ത്രണ ചട്ടങ്ങളില്‍ ഇളവുകള്‍ വരുത്തി പുതിയ വിജ്ഞാപനം

Wednesday 11 April 2018 3:10 am IST

ന്യൂദല്‍ഹി: കന്നുകാലി കശാപ്പ് നിയന്ത്രണ ചട്ടത്തില്‍ ഇളവുകള്‍ വരുത്തി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് വിലക്കിയ നടപടിയില്‍ ചെറിയ ഭേദഗതികള്‍ വരുത്തിയാണ് പുതിയ വിജ്ഞാപനം. 

ആരോഗ്യം ഇല്ലാത്ത കന്നുകാലികളെയും പ്രായം കുറഞ്ഞവയേയും കശാപ്പ് ചെയ്യാന്‍ പാടില്ല എന്ന നിബന്ധന നിലനിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പഴയ വിജ്ഞാപനത്തില്‍ ഭേദഗതി കൊണ്ടു വന്നത്. കന്നുകാലികളെ വില്‍ക്കുമ്പോള്‍ അറവിനായല്ല എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദ്ദേശം എടുത്തു കളഞ്ഞിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ കാലിച്ചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും പിന്‍വലിച്ചിട്ടുണ്ട്. ആറുമാസത്തില്‍ താഴെമാത്രം പ്രായമുള്ളതും ഗര്‍ഭാവസ്ഥയില്‍ ഉള്ളതും ബലക്ഷയം സംഭവിച്ചതും രോഗാവസ്ഥയില്‍ ഉള്ളതുമായ കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കരുതെന്ന പഴയ വിജ്ഞാപനത്തിലെ വ്യവസ്ഥ നിലനിര്‍ത്തി. 

2017ല്‍ പുറത്തിറക്കിയ കന്നുകാലി ചന്തകളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളിലാണ് മാറ്റങ്ങള്‍. കാലിച്ചന്തകളില്‍ മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ചട്ടങ്ങള്‍, 2018 എന്നാണ് പുതിയ കരട് ചട്ടങ്ങളുടെ പേര്. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള 1960ലെ കേന്ദ്ര നിയമത്തിന്റ 38-ാം വകുപ്പും ഉപവകുപ്പുകളും ഉപയോഗിച്ചാണ് ഈ ചട്ടങ്ങള്‍ പുറത്തിറക്കിയിരുന്നത്.

 കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കാനോ വാങ്ങാനോ പാടില്ലെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. കന്നുകാലികളെ വാങ്ങുന്നവര്‍ കശാപ്പിനായല്ല വാങ്ങുന്നതെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന വ്യവസ്ഥയും നീക്കി. സംസ്ഥാന അതിര്‍ത്തികളുടെ 25 കിലോമീറ്റര്‍ പരിധിയിലും അന്താരാഷ്ട്ര അതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ പരിധിയിലും കാലിച്ചന്തകള്‍ പാടില്ലെന്ന വ്യവസ്ഥയും മാറ്റി. കാലിച്ചന്തകളില്‍ മൃഗങ്ങളെക്കൊണ്ട് ചെയ്യിക്കാന്‍ പാടില്ലാത്ത കാര്യങ്ങളുടെ പട്ടിക 15ല്‍ നിന്ന് 13 ആയി കുറച്ചിട്ടുണ്ട്. 

കാലിച്ചന്തകളില്‍ എത്തിക്കുന്ന മൃഗങ്ങളുടെ കൊമ്പ് മുറിക്കരുത്. മൂക്കോ, ചെവിയോ ഇരുമ്പുപയോഗിച്ചു തുളയ്ക്കരുത്, തിരിച്ചറിയില്‍ മുദ്ര പതിപ്പിക്കരുത്, കന്നുകാലികള്‍ക്ക് മേല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കരുത്, ബലപ്രയോഗത്തിലൂടെ ആന്റിബയോട്ടിക്കും മറ്റു ദ്രാവകങ്ങളും നല്‍കരുത്, ഭക്ഷണം കഴിക്കുന്നത് തടയാന്‍ വായ മൂടികെട്ടാന്‍ പാടില്ല, ആവശ്യത്തിന് വെള്ളവും ഭക്ഷണവും നല്‍കണം, ജലവിതരണ സംവിധാനം, വെളിച്ചം, തീറ്റ ശേഖരിച്ചു വയ്ക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ എല്ലാ കാലിചന്തകളിലെ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ചട്ടങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ കന്നുകാലി ചന്തയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ജില്ലാ തല സമിതിക്ക് അധികാരം ഉണ്ടാകും. ചട്ടലംഘനം നടത്തുന്ന വ്യക്തികളെ നിശ്ചിത കാലത്തേക്ക് ചന്തകളില്‍ പ്രവേശിക്കുന്നതിന് നിന്ന് വിലക്കാം. കരട് വിജ്ഞാപനത്തില്‍ അഭിപ്രായമറിയിക്കാന്‍ ഏപ്രില്‍ 22വരെ സമയമുണ്ട്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.