ഇ.പി. ജയരാജന്റെ ക്ഷേത്രദര്‍ശനം ചര്‍ച്ചയാകുന്നു

Wednesday 11 April 2018 3:07 am IST
"undefined"

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്റെ രഹസ്യ ക്ഷേത്രദര്‍ശനം ചര്‍ച്ചയാകുന്നു. ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടമായി പാര്‍ട്ടിക്കു മുന്നില്‍ പ്രതിരോധത്തിലായ കാലത്ത് ഇ.പി.ജയരാജന്‍ കണ്ണൂരിലെ മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതായ ഫോട്ടോയും വാര്‍ത്തയുമാണ് സാമൂഹ്യ ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 

ക്ഷേത്രത്തില്‍ തിരക്കു കുറഞ്ഞ ഒരു ദിവസമാണ് ജയരാജന്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. ക്ഷേത്രാചാരത്തിന്റെ ഭാഗമായി ഷര്‍ട്ടൂരി പ്രാര്‍ത്ഥന നടത്തി മടങ്ങുകയായിരുന്നു. ഇവിടുത്തെ ദേവീ വിഗ്രഹത്തിന്റെ ശക്തിയില്‍ നിരവധി തവണ വിഗ്രഹമോഷ്ടാക്കള്‍ പരാജയപ്പെട്ട അനുഭവങ്ങള്‍ വിവരിച്ച് മുന്‍ സംസ്ഥാന പോലീസ് മേധാവി അലക്‌സാണ്ടര്‍ ജേക്കബ് വിവിധ വേദികളില്‍ ക്ഷേത്ര മാഹാത്മ്യം വ്യക്തമാക്കിയതോടെയാണ് ദര്‍ശനം നടത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറിവന്നത്.

വിവാദങ്ങളില്‍നിന്നും പാര്‍ട്ടി നടപടികളില്‍നിന്നും വിമര്‍ശനങ്ങളില്‍നിന്നും രക്ഷതേടിയാണ് ക്ഷേത്രത്തില്‍ ഇ.പി.ജയരാജന്‍ എത്തിയത്. കഴിഞ്ഞ ജനുവരി മാസം കാസര്‍ഗോഡ് ക്ഷേത്ര കളിയാട്ട ചടങ്ങിന്റെ ഭാഗമായി നടത്തിയ സാംസ്‌കാരിക സമ്മേളനത്തില്‍ ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയവശമുണ്ടെന്നും ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യനു ഉണര്‍വുണ്ടാക്കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഹോമങ്ങളും പൂജാദികര്‍മങ്ങളും നടത്തുന്നതിലൂടെ മനുഷ്യ സമൂഹത്തിന്റെ ബോധത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നും പൂജാദികാര്യങ്ങള്‍ മനുഷ്യന് നന്മയുണ്ടാക്കുമെന്നും ജയരാജന്‍ പറയുകയുണ്ടായി. ജയരാജന്റെ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.